പ്രധാന വാർത്തകൾ

ഗ്രീഷ്മയ്ക്ക് വേറെയും പ്രണയബന്ധങ്ങള്‍; ആത്മഹത്യാശ്രമം നാടകമെന്ന് ഷാരോണിന്റെ അച്ഛന്‍

തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് ഷാരോണിനെക്കൂടാതെ വേറെയും പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍.ഞങ്ങള്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് മൂന്നാമത്തെ ആളാണ് ഷാരോണ്‍ എന്നാണ്. ഗ്രീഷ്മയ്ക്ക് വേറെയും ലൈനുണ്ടായിരുന്നു നേരത്തെ. കൊല്ലാന്‍ പറ്റിയ ചെറുക്കന്‍ തന്റെ മകനാണെന്ന് പറഞ്ഞിട്ടാണ് മകനെ ഇതിലേക്ക് വലിച്ചിഴച്ച്‌ കൊന്നു കളഞ്ഞതെന്നും ജയരാജന്‍ ടെലിവിഷന്‍ ചാനലുകളോട് പറഞ്ഞു.

ആചാരത്തിന്റേയും അന്ധവിശ്വാസത്തിന്റേയും പേരിലായിരുന്നു ഇതു ചെയ്തത്. ഗ്രീഷ്മയുടെ അമ്മയ്ക്ക് എല്ലാം അറിവുണ്ടായിരുന്നു. അല്ലെങ്കില്‍ വിവാഹം ഉറപ്പിച്ച മകളെ ഒറ്റയ്ക്കാക്കി പുറത്തുപോകില്ലല്ലോ. ഷാരോണ്‍ വരുന്നതിന് അഞ്ചു മിനുട്ടു മുമ്ബേ അമ്മ പുറത്തുപോയി. ഷാരോണ്‍ വഴിയില്‍ വെച്ച്‌ കണ്ടിരുന്നു. ഷാരോണ്‍ വീട്ടിലേക്ക് വന്നപ്പോള്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഏതൊരമ്മയും വീട്ടിലേക്ക് തിരിച്ചു വരും. എന്നാല്‍ ആ അമ്മ തിരിച്ചു വന്നില്ല. അതില്‍ നിന്നു തന്നെ എല്ലാം ഗ്ലാസ്സില്‍ സെറ്റു ചെയ്തു വെച്ചിട്ട് പുറത്തുപോയതാണെന്ന് ജയരാജന്‍ ആരോപിച്ചു. കഷായത്തിന്റെ പേരു പറഞ്ഞ് മകനു കൊടുക്കുകയായിരുന്നു. വിഷപാനീയം ഗ്ലാസ്സില്‍ കൊടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഗ്രീഷ്മയും ഷാരോണും സ്‌നേഹത്തിലാണെന്ന് അവളുടെ അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

ഗ്രീഷ്മയുടെ അമ്മയ്ക്ക് പുറമേ, അമ്മയുടെ സഹോദരനും ഇതില്‍ പങ്കുണ്ട്. തുരിശ് വാങ്ങിയത് അമ്മാവനാണെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഓട്ടോ അങ്കിളിന് കഷായം കൊടുത്തുവെന്നാണ് നേരത്തെ താന്‍ വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത്. അത് കള്ളമാണെന്ന് തെളിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം നാടകമാണെന്ന് ജയരാജ് പറഞ്ഞു. സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും ജയരാജന്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ അണുനാശിനി കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ്പ പറഞ്ഞു. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ സ്‌റ്റേഷനില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് വീഴ്ച പറ്റി. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ് പി പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെ ബാത്‌റൂം അടക്കം പരിശോധിച്ച്‌ ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്റ്റേഷനിലെത്തിച്ചത്. എന്നാല്‍ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാര്‍ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്‌റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ് കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്ന ലായനി ഗ്രീഷ്മ കുടിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

Leave A Comment