പുസ്തകവഴിയിലെ പ്രകാശം
വഴിത്തിരിവുകള്‍
പുസ്തകങ്ങൾ വായിക്കുന്നവർ എണ്ണത്തിൽ കൂടുതലാണെങ്കിലും പുസ്തകങ്ങളെ പ്രണയിക്കുന്നവരും ചങ്ങാതിമാരാക്കുന്നവരും എണ്ണത്തിൽ വളരെ കുറവാണ്. ഒരു ലൈബ്രറിയുടെ പ്രസിഡണ്ടിന്റെ മകനായി ജനിക്കുയും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പുസ്തകങ്ങളെ ചേർത്തുപിടിച്ചതു കൊണ്ട് നല്ലൊരു എഴുത്തുകാരനായി മാറുകയും മുപ്പതിൽ പരം പുസ്തകങ്ങൾ രചിക്കുകയും വാർദ്ധക്യത്തിലേക്ക് കടക്കുന്ന വേളയിലും ആദ്യ കാലത്തുണ്ടായിരുന്ന അഭിനിവേശം കാത്തു സൂക്ഷിക്കുകയും
വിവികെ വാലത്തിന് ശേഷം സ്ഥലനാമ ചരിത്ര ശാഖയിൽ
തുടരന്വേഷണം നടത്തുകയും ചെയ്യുന്ന ചങ്ങമ്പുഴയുടെ നാട്ടുകാരനും ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റുമായ പി. പ്രകാശ് തന്റെ സ്വന്തം കഥ പങ്കു വെക്കുന്നു.

വായന വന്ന വഴി
ജനിച്ചത് മൂവാറ്റുപുഴയിലാണെങ്കിലും ഒരു വയസ്സു മുതൽ എറണാകുളത്തെ പ്രജയായി. ഇപ്പോഴും എറണാകുളത്തു തന്നെ. അച്ഛൻ , പ്രഭാകരൻ നായർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. അമ്മ രാജമ്മ. മൂന്നു മക്കളിൽ ഞാനാണ് മൂത്തത്. കുന്നുംപുറം ഗവൺന്റ് സ്ക്കൂളിൽ പഠനം തുടങ്ങി മഹാരാജാസിൽ അവസാനിച്ചു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയതു മുതൽ പുസ്തകങ്ങൾ കൂട്ടുകാരായി. എനിക്ക് സുഹൃത്തുക്കളായി അങ്ങിനെ ആരും ഉണ്ടായിരുന്നില്ല. എന്നതും വസ്തുതയാണ്.
വീടിനടുത്ത് ഒരു ലൈബ്രറിയുണ്ട്. ഫ്രണ്ട്സ് ലൈബ്രറി . അവിടെ അച്ഛൻ പ്രസിഡന്റായിരുന്നു. വായിച്ച് വായിച്ച് വായന ഇല്ലാതെ പറ്റാതായി. സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് കഥാ രചനക്കും കവിതാ രചനയ്ക്കും പ്രസംഗത്തിനുമെല്ലാം പങ്കെടുത്ത് സമ്മാനം വാരിക്കൂട്ടുമായിരുന്നു. അവധിക്കാലങ്ങളിൽ എന്നും വൈകീട്ട് ലൈബ്രറിയിൽ പോകും ഒരു പുസ്തകമേ വീട്ടിൽ കൊണ്ടുപോകാൻ പറ്റൂ. അതാണെങ്കിൽ വേഗം വായിച്ചും തീരും. പിന്നീട് ലൈബ്രറിയിലിരുന്ന് ഒരു പുസ്തകം വായിച്ചു തീർത്തിട്ട് ഒരു പുസ്തകം കൈയ്യിലെടുക്കുമായിരുന്നു.
എഴുത്തിന്‍റെ വഴി
അങ്ങനെ സ്ക്കൂൾ പഠനം അവസാനിച്ചു. മഹാരാജാസിലാണ് പിന്നെ ചേക്കേറിയത്. ബിരുദത്തിന് ചരിത്രവും ബിരുദാനന്തര ബിരുദത്തിന് ഇംഗ്ലീഷു മെടുത്തു. പി.എൻ മണിക്കരുടെ കാലത്ത് നവ സാക്ഷരർക്കുവേണ്ടി , ഗ്രന്ഥശാലാ സംഘം, ശിൽപ്പശാല നടത്തി. അഞ്ച് ശില്പശാലയിൽ പങ്കെടുത്ത് അഞ്ച് കുഞ്ഞ് പുസ്തകം എഴുതി. അതായിരുന്നു എഴുത്തിന്റെ തുടക്കം. ആദ്യ പുസ്തകത്തിന്റെ പേര് " കൊച്ചി നഗരം. പിന്നെ ആദ്യ ലേഖനം അച്ചടിച്ചു വന്നത് മാതൃഭൂമി വാരാന്ത പതിപ്പിൽ " നിരക്ഷരത എന്ന ശാപം "
ആദ്യ പുസ്തകം ഹിറ്റ്ലറെക്കുറിച്ചുള്ള തായിരുന്നു. മാതൃഭൂമി വാരാന്ത പതിപ്പിൽ ഹിറ്റ്ലറിന്റെ ജന്മശതാബ്ദി പ്രമാണിച്ച് ഹിറ്റ്ലറെ പറ്റി ഒരു കവർ സ്റ്റോറി എഴുതി. "ഹിറ്റ്ലർ അകവും പുറവും " അത് രണ്ടു ലക്കത്തിലായാണ് വന്നത്. നെഹ്റുവിന്റെ ജന്മശതാബ്ദിയും അതേ വർഷമായിരുന്നു ആ ലേഖനം വായിച്ച് ഏതോ ബുക് സ്റ്റാളുടമ അത് പുസ്തകമാക്കി എഴുതാമോ എന്ന് ചോദിച്ചു. ഞാൻ പുസ്ത രൂപത്തിലെഴുതി. പക്ഷ ആ വ്യക്തി അത് പബ്ലീഷ് ചെയ്തില്ല. പിന്നീട് കുറച്ചു കാലം കഴിഞ്ഞ് പ്രണത ബുക്സാണ് ആ പുസ്തകമിറക്കിയത്.

സ്ഥലനാമങ്ങള്‍ വന്ന വഴി തേടി
ബിരുദാനന്തര ബിരുദം കഴിഞ്ഞതും മലയാള മനോരമയിൽ . കുറച്ചു കാലം ജോലി നോക്കി. പിന്നീട് കുറച്ചു കാലം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയിൽ ട്രാൻസ്ലേഷൻ വർക്ക്. പിന്നെ ജി.സി.ഡി.എ യിൽ ജോലി. കുട്ടികൾക്ക് വേണ്ടി പൂമ്പാറ്റയിലും ബാലരമയിലുമെല്ലാം കുട്ടിക്കഥകളും കുട്ടിക്കവിതകളും എഴുതി. ആറ് ബാലസാഹിത്യ പുസ്തകങ്ങൾ എൻ.ബി.എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ സ്വന്തം രചനകളും തർജമകളും ചേർന്ന് മുപ്പത് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സ്ഥല നാമത്തെക്കുറിച്ചെഴുതുന്നത് ഞാൻ എറെ ആസ്വദിച്ചു ചെയ്തതായിരുന്നു. വി.വി.കെ വാലത്താണ് അതിന് തുടക്കമിട്ടത്.
വാലത്ത് എഴുത്താത്ത ഇരുനൂറോളം സ്ഥലങ്ങളപ്പറ്റി എനിക്ക് എഴുതാനായി. മാതൃഭൂമി പത്രം "നഗരം " സ്പെഷൽ പേജ് തുടങ്ങിയപ്പോൾ എന്നെ സ്ഥലനാമം എന്ന പംക്തി ഏൽപ്പിക്കുകയായിരുന്നു. രസകരവും അന്വേഷണാത്മകവുമായ പംക്തിയായിരുന്നു. നഗരം നിന്നതോടെ പംക്തിയും അവസാനിച്ചു. എല്ലാം ചേർത്ത് ഇപ്പോൾ പുസ്തകമാക്കാൻ തയ്യാറായിക്കഴിഞ്ഞു. മുപ്പത്തൊന്നാമത് പുസ്തകം. ടെൽ ബ്രയിൻ ബുക്സാണ് അത് ഏറ്റെടുത്തിരിക്കുന്നത്. മുപ്പത് പുസ്തകങ്ങളിൽ കുറച്ചെണ്ണം തർജ്ജമയാണ് ആർ കെ നാരായൺ , ശശി തരൂർ തുടങ്ങിയ പലരും അതിൽ ഉൾപ്പെടും.
പദങ്ങളുടെയും വാക്കുകളുടെയും പുസ്തകവഴി
ഏറ്റവും ബുദ്ധിമുട്ടിയത് ശശി തരൂരിന്റെ പുസ്തകം മൊഴിമാറ്റം നടത്തിയപ്പോഴാണ്. പദശുദ്ധി കോശം എന്ന പുസ്തകം (മുപ്പതാമത്തെ പുസ്തകം) അടുത്ത കാലത്താണ് ഇറങ്ങിയത്. ഇറങ്ങിയതിനു ശേഷമാണ് അതേ പേരിൽത്തന്നെ പുസ്കമുണ്ടെന്നറിഞ്ഞത്. അടുത്ത എഡീഷൻ കുറച്ചു കൂടി വിപുലമാക്കി ഉടനെ ഇറങ്ങും. അതിന് പദശുദ്ധി എന്നാണ് പേര് നൽകിയിരിക്കുന്നത്.
അടുത്ത ഒരു പുസ്തകം കൂടി തയ്യാറായിട്ടുണ്ട്. "വാക്കേ വാക്കേ കൂടെവിടെ " !
വാക്കുകൾ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചാണ് പുസ്തകം. ജോൺ പോളാണ് ഈ പേരു നിർദ്ദേശിച്ചത്. എം.ഗോവിന്ദന്റെ ഒരു കവിതയുടെ പേരാണിത്. ഞാൻ ചോദിച്ചു- വാക്കേ വാക്കേ വീടെവിടെ എന്നാക്കിയാലോ എന്ന് ! ഞാൻ പറഞ്ഞുതു തന്നെ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. മനോരമയാണ് ഇത് പുസ്തകമാക്കുന്നത്.

ഓർമ്മ വെച്ചപ്പോൾ തുടങ്ങിയ വായനയും അക്ഷരവും തമ്മിലുള്ള ബന്ധം അതുപോലെ തന്നെ ഇപ്പോഴും തുടരുന്നു. ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം പ്രസിഡന്റായതോടെ വായന കുറഞ്ഞു. എങ്കിലും അക്ഷരങ്ങളാണ് കൂട്ട്. സത്യം പറഞ്ഞാൽ ഒറ്റക്ക് ജീവിക്കുന്ന എനിക്ക് വായനയും എഴുത്തും മാത്രമാണ് കൂട്ട്.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment