ആത്മവിശ്വാസത്തിന്റെ ഉയരത്തില്‍ ഗിന്നസ് പക്രു മീഡിയ ടൈമില്‍ മനസ് തുറക്കുന്നു
വഴിത്തിരിവ്
പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന് എഴുതിയത് കുഞ്ഞുണ്ണി മാഷാണ്. ആ വരികൾ അന്വർത്ഥമാക്കിയ അതുല്യ പ്രതിഭയാണ് ഗിന്നസ് പക്രു എന്ന കലാകാരൻ. നടൻ സംവിധായകൻ നിർമാതാവ് തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അജയൻ തന്റെ ജീവിതത്തിലൂടെ നൽകുന്ന സന്ദേശം വളരെ ഉയർന്നതാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ അജയ് കുമാർ എന്ന ഗിന്നസ് പക്രു താൻ കീഴടക്കിയ ഉയരങ്ങളുടെ കഥ പങ്കു വെക്കുന്നു.
ജനിച്ചത് കൊല്ലത്താണെങ്കിൽ വളർന്നതും പഠിച്ചതും കോട്ടയത്ത് ഇപ്പോൾ ഒരു പതിറ്റാണ്ടായി ചോറ്റാനിക്കരയിൽ . അച്ഛൻ രാധാകൃഷ്ണപിള്ളയുടേയും അമ്മ അംബുജാക്ഷി അമ്മയുടേയും മൂന്നു മക്കളിൽ മൂത്തവനാണ് ഞാൻ. അച്ഛന് കലാപരമായിട്ടുള്ള ബന്ധം ഉണ്ടായിരുന്നു. അച്ഛൻ കാഥികനുമായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളും കലാകാരൻമാരായിരുന്നു.

ആ കഥാപ്രസംഗമായിരുന്നു ആദ്യത്തേത്
എൽ .പി.സ്ക്കൂളിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിന് അധ്യാപകർ നിർബന്ധിച്ച് ചേർത്തു. സത്യം പറഞ്ഞാൽ എണ്ണം തികക്കാൻ വേണ്ടിയായിരുന്നു അത്. അജയൻ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് തീർത്ത് പറഞ്ഞു. ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ അച്ഛൻ തന്റെ സുഹൃത്തിനെ കൊണ്ട് ഒരു കൊച്ചു കഥാപ്രസംഗം എഴുതിച്ചു. ആ കഥയും കൊണ്ടാണ് ഞാൻ ആദ്യമായി അരങ്ങത്തേക്ക് വരുന്നത്.
പിന്നെ ഐറ്റങ്ങളുടെ എണ്ണം കൂടി. ഫാൻസി ഡ്രസ്, മോണോ ആക്റ്റ് തുടങ്ങിയ പരിപാടികളും ചെയ്തു തുടങ്ങി. അപ്പോഴാണ് മറ്റു കുട്ടികൾ മിമിക്രി ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുകയും അഭിനിവേശം തോന്നി അത് നിരീക്ഷിച്ച് പഠിക്കാൻ തുടങ്ങുകയും ചെയ്യുന്നത്.
മിമിക്രിയില്‍ ട്രാക്കൊന്നു മാറ്റിപ്പിടിച്ചു
1992 ൽ വളരെ ചെറിയ വ്യത്യാസത്തിലാണ് കലാപ്രതിഭ സ്ഥാനം നഷ്ടപ്പെട്ടത്. പ്രീഡിഗ്രി ഒന്നാം വർഷം എറണാകുളം മഹാരാജാസിലാണ് മത്സരം. ഒന്നാം സ്ഥാനം സലീം കുമാറിന് രണ്ടാം സ്ഥാനം എനിക്ക് . മൂന്നാം സ്ഥാനം ടിനി ടോമിന് . മിമിക്രി പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒന്നല്ല. ശരിക്ക് പ്രാക്ടീസ് ചെയ്ത് ചെയ്യേണ്ട ഒന്നാണ്. മാതൃഭൂമി സ്റ്റഡി സർക്കിൾ, ബാലജനസഖ്യം, മംഗളം സാഹിത്യ വേദി തുടങ്ങിയ കലാ പ്രസ്ഥാനങ്ങളിൽ വേദികൾ ലഭിച്ചു. 40 പേർ പങ്കെടുത്താൽ 35 പേരും നടൻ മാരെ അനുകരിക്കും ഞാൻ ട്രാക്കൊന്നു മാറ്റിപ്പിടിച്ചു.
സംഗീതോപകരണങ്ങളും പ്രകൃതിയും , വെടിക്കെട്ടും ട്രെയിനുമെല്ലാം മിമിക്രിയിലൂടെ ആളുകൾക്ക് മുന്നിലെത്തി.

പിന്നെ ഞാൻ വളരെ ചെറുതും ഓമനത്തം തുളുമ്പുന്ന മുഖവുമായപ്പോൾ എന്നെ എല്ലാവരും വാൽസല്യത്തോടെ നോക്കാനും കൈയ്യടിക്കാനും തുടങ്ങി. 10 വർഷം ഞാൻ മൽസരങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. അവസാനമാണ് ഞാനെത്തുക. അതു കാണുമ്പോൾ സഹമൽസരാർത്ഥികളുടെ മുഖം വാടിത്തുടങ്ങും. അവസാനം അവർ എന്നെ നിരുത്സാഹപ്പെടുത്താൻ തുടങ്ങി. അങ്ങനെ വൈക്കത്ത് നടന്ന യുവ ജനോത്സവത്തോടെ ഞാൻ മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർത്തി.
വഴി കാണിച്ചത് സിനിമയിലേക്കുള്ള വഴിത്തിരിവായി
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമാ നടനാകുന്നത്. ഒരു ഡയറക്ടർ വഴി ചോദിച്ചു വന്നതായിരുന്നു. പറഞ്ഞു കൊടുത്തപ്പോൾ മനസ്സിലായില്ല. ആ വിരലിൽ തൂങ്ങി നടന്ന് പോയി കാണിച്ചു കൊടുത്തു. വഴി കാണിച്ച് കൊടുത്തത് സിനിമയിലേക്കുള്ള വഴിത്തിരിവായി. അങ്ങനെ ആ ഡയറക്ടർ എന്നെയും സിനിമയിൽ അഭിനയിപ്പിച്ചു. സിനിമയുടെ പേര് "ലൂസ് ലൂസ് അരപ്പിരി ലൂസ് " എന്നാൽ എഡിറ്റിങ്ങ് കഴിഞ്ഞപ്പോൾ ഞാൻ ഒരു സീനിൽ പോലുമില്ല. പിന്നെ "അമ്പിളി അമ്മാവനി"ലൂടെയാണ് ഞാൻ വീണ്ടും സിനിമയിൽ മുഖം കാണിക്കുന്നത്. യുവജനോത്സവ വേദികളിലൂടെയുള്ള വഴിത്തിരിവായിരുന്നു അത്.
ഡറക്ടർ കെ.ജി. വിജയകുമാറാണ് 'അമ്പിളി അമ്മാവനിൽ' അവസരം തന്നത്. അതിൽ ആനക്കാരനായി അഭിനയിക്കുന്ന അമ്പിളിച്ചേട്ടന്റെ(ജഗതി) മോൻ പക്രുവായി അഭിനയിച്ചു. പിന്നീട് പക്രുവെന്ന് എല്ലാവരും വിളിച്ചു തുടങ്ങി. 2013 ൽ ഞാൻ കൊട്ടിയും കോലും എന്ന സിനിമ സംവിധാനം ചെയ്തു. അതിലൂടെ മൂന്ന് റെക്കോഡുകൾ എന്നെത്തേടിയെത്തി.

ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീകരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ,ഫോറം ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് റെക്കോഡുകൾ നേടി. അത്ഭുതദ്വീപിൽ അഭിനയിച്ചതോടെ ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന റെക്കോഡിനും ഉടമയായി.
ഫാൻസി ഡ്രസ്സ് എന്ന സിനിമ നിർമ്മിച്ചപ്പോൾ പൊക്കം കുറഞ്ഞ പ്രൊഡ്യൂസറിന്റെ റെക്കോർഡും എന്നെ തേടി വന്നു. എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതദ്വീപിന് ശേഷം ഒരു പിടി നല്ല കഥാപാത്രങ്ങൾ, ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു.
എട്ടുനിലയില്‍ പൊട്ടിയ വിവാഹ സങ്കല്‍പ്പം
ഒരു കാലത്ത് ഞങ്ങളെപ്പോലെയുള്ളവർക്ക് കഥാപാത്രങ്ങൾ ലഭിക്കുക ഏറെ ദുഷ്ക്കരമായിരുന്നു. നമ്മുടേതായ ഒരു ട്രാക്കിൽ നിന്നുകൊണ്ട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. പിന്നെ ഞാൻ വിവാഹം കഴിച്ചതോടെ അത്ഭുത ദ്വീപിലഭിനയിച്ച പലരും വിവാഹത്തിനായി മുന്നോട്ടു വന്നു. അവർ വിവാഹത്തിന് എന്നെ സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യും. എന്റെ വിവാഹ സങ്കൽപ്പം എട്ടു നിലയിൽ പൊട്ടിയെങ്കിലും ഞാൻ വിവാഹം കഴിച്ചത് കണ്ടിട്ടാണ് അവരും വിവാഹം കഴിക്കുന്നത് എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്. പ്രണയ വിവാഹമായിരുന്നു ലക്ഷ്യം. പക്ഷെ പക്കാ അറേഞ്ച്ഡ് കല്യാണമായിപ്പോയി. ഭാര്യ ഗായത്രി . മകൾ ദീപ്ത കീർത്തി.

മറ്റൊരാളുടെ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കാനായി
പിന്നെ, മനസ്സിന് ഏറെ സന്തോഷം നൽകിയ ഒരു കാര്യം കൂടി പറയാം. ഓസ്ട്രേലിയയിലെ ക്വാഡൻ ബെയിലിയുടെ കാര്യമറിഞ്ഞ് ഞാൻ മുഖ പുസ്തകത്തിൽ ഒരു കുറിപ്പെഴുതി. അത് എവിടെയൊക്കെയോ പടർന്ന് ഓസ്ട്രേലിയയിലുമെത്തി. ക്വാഡന്റെ അമ്മ എന്നെ വിളിച്ചു. താങ്കളുടെ എഴുത്ത് എന്റെ മകന് മോട്ടിവേഷൻ നൽകുന്നു എന്നും അവനും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. എന്റെ സിനിമയിൽ അങ്ങനെ ഒരു അവസരം വന്നാൽ തീർച്ചയായും വിളിക്കാം എന്നും ഞാൻ പറഞ്ഞു. പിന്നീട് ഞാൻ കേട്ടത് ഒരു ഹോളിവുഡ് സിനിമയിൽ പ്രധാന വേഷത്തിൽ ക്വാഡൻ അഭിനയിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. ദൂരെ ഇരുന്നു കൊണ്ട് വാക്കുകളാൽ അവനെ ചേർത്തുപിടിക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്.
ഞാനും പലതും കണ്ടും കേട്ടും ബോഡി ഷെയിമിങ്ങ് അനുഭവിച്ചും സ്വന്തം വഴി വെട്ടിത്തെളിച്ച് കലാകാരനായി ചിരിച്ചും ചിരിപ്പിച്ചും ജീവിക്കുന്നതിനിടയിൽ എന്നെപ്പോലുള്ള മറ്റൊരാളുടെ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കാൻ പറ്റി. അതിൽപ്പരം സന്തോഷം മറ്റെന്തുണ്ട്!
തയ്യാറാക്കിയത്- ഉമ ആനന്ദ്
Leave A Comment