അഭിനയം ജീവവായുവാക്കിയ ടൈറ്റസ് എബ്രഹാം
വഴിത്തിരിവുകള്‍
നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങുമ്പോൾത്തന്നെ നായക വേഷം. പിന്നീട് സീരിയൽ രംഗത്തിലെത്തിയപ്പോൾ അവിടെയും ശ്രദ്ധേയമായ കഥാപാത്രങ്ങൾ. ഒടുവിൽ സിനിമയിലെത്തിയപ്പോൾ ആദ്യ അവസരം തന്നെ അതുല്യ പ്രതിഭ മണിരത്നത്തിന്‍റെ സിനിമയിൽ !
രണ്ടു സീരിയലുകളുടെ നിർമ്മാതാവ്. അധികമാർക്കും ലഭിക്കാത്ത ഈ ഭാഗ്യം ലഭിച്ച കലാകാരനായ ടൈറ്റസ് എബ്രഹാം താൻ പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു.
എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു
ജനിച്ചത് പറവൂരിൽ. പഠനം പറവൂരിലും കളമശ്ശേരിയിലും. അമച്വർ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ കാലത്തു തന്നെ നായക കഥാപാത്രം ചെയ്യാനുള്ള ഭാഗ്യമുണ്ടായി. "എന്നിട്ടും നിങ്ങളെന്നെ സ്നേഹിക്കുന്നു" അതായിരുന്നു ആദ്യ നാടകം. എറണാകുളത്ത് ജോലിയും പിന്നെ നാടകവും ഒരുമിച്ചായിരുന്നു കൊണ്ടു പോയ്ക്കൊണ്ടിരുന്നത്. രണ്ടിലേതെങ്കിലും ഒന്നേ നടക്കു എന്ന അവസ്ഥ വന്നപ്പോൾ നാടകത്തിനും തലക്ക് പിടിച്ചു തുടങ്ങിയ സിനിമയ്ക്കും തന്നെയായിരുന്നു മുൻതൂക്കം നൽകിയത്.

സിനിമയിലെ ആദ്യ അവസരം പ്രശസ്ത സംവിധായൻ മണിരത്നത്തിന്റെ "ഉണരൂ " എന്ന സിനിമയിൽ. പിന്നീട് 'നായ്ക്കളി' എന്ന പ്രശസ്ത നാടകത്തിലൂടെ ജോൺ എബ്രഹാമിന്റെ സന്തത സഹചാരിയായി. അദ്ദേഹത്തിൻ്റെ പുതിയ സിനിമ പ്ലാൻ ചെയ്തപ്പോൾ സ്ക്രിപ്റ്റ് സഹായിയായി കൂടി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം അത് എന്നിൽ വല്ലാത്ത നടുക്കമാണുണ്ടാക്കിയത്. തുടര്‍ന്ന്‍ കുറെക്കാലം എൻ്റെ തൊഴിൽ മാർഗ്ഗവുമായി തന്നെ മുന്നാട്ട് പോയി. ഏറെ നാളുകൾക്ക് ശേഷം ഞാൻ തിരുവനന്തപുരത്തേക്ക് ചെക്കേറി.
എന്‍റെ ഹൃദയത്തിന്റെ ഉടമ
അന്ന്, ദൂരദർശനിൽ ആ കാലത്ത് വളരെയധികം പ്രചാരം നേടിയ "ചന്ദ്രോദയം", "അങ്ങാടിപ്പാട്ട്" എന്ന രണ്ടു സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ഇനി തുടരാം എന്ന ആത്മവിശ്വാസം വന്നു. അമ്പിളിയുടെ "കുരുതിപ്പൂക്കളിൽ" സതീശൻ എന്ന നായകതുല്യമായ വേഷം. എയ്ഡ്‌സ് എന്ന മഹാ രോഗം ഒരു സാധാരണ കുടുംബത്തിലുണ്ടാക്കുന്ന പ്രത്യാഘാതമാണതിലെ പ്രമേയം.
ആ ചിത്രം ഇപ്പോഴും സ്കൂളുകളിൽ പ്രദർശിപ്പിക്കുന്നു.

അതിന് ശേഷമാണ് ഭരത് ഗോപി സംവിധാനം ചെയ്ത "എന്റെ ഹൃദയത്തിന്റെ ഉടമ" എന്ന ചിത്രത്തിൽ യോഹന്നാനെന്ന ഭ്രാന്തൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിൽ മറ്റൊരു സവിശേഷത എന്തെന്നാൽ യോഹന്നാന് ശബ്ദം നൽകിയത് സാക്ഷാത് ഭരത് ഗോപി. ആദ്യ സീനിലെ എന്റെ അഭിനയം കണ്ട് എന്നെ അദ്ദേഹം ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചതും മറക്കാനാവാത്ത കാര്യമാണ്.
പ്രശസ്തർക്കൊപ്പമുള്ള സന്തോഷം
അക്കാലത്തെ ഹിറ്റ് സീരിയലായിരുന്ന "സ്ത്രീ ജന്മ"ത്തിലെ 'രാമചന്ദ്ര അയ്യർ' എന്ന മറെറാരു ഭ്രാന്തൻ കഥാപാത്രം ചെയ്യാൻ 'എൻ്റെ ഹൃദയത്തിൻ്റെ ഉടമ'യിലെ യോഹന്നാൻ കാരണമായി എന്ന് പറയാതെ വയ്യ. ഈ കഥാപാത്രത്തെയും പ്രേക്ഷകർ നെഞ്ചോട് ചേർത്ത് സ്വീകരിച്ചിരുന്നു. ആ കാലത്ത് അതിനെപ്പറ്റി റൈറ്റപ്പ് വന്നതും മധുരിക്കുന്ന ഓർമ്മയാണ്. മോഹന്‍റെ "ക്യാമ്പസ്" എന്ന ചിത്രത്തിലെ 'രാജൻ' എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രവും മറ്റൊരു മാററമായിരുന്നു.

അതു പോലെ, വനിതാ കമ്മീഷൻ നിർമിച്ച "പുതുവഴിക്ക് ഈ പൂച്ചെണ്ട്" എന്ന ഡോക്യുമെന്ററി സിനിമയും അവിസ്മരണീയമാണ്. വനിതാ കമ്മീഷൻ ചെയർപേഴ്സൻ അഭിനന്ദിച്ചത് മറക്കാനാകാത്ത അനുഭവമാണ്.
ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന "തിമിംഗലവേട്ട"യടക്കം 17 സിനിമകളിലും 13 സീരിയലുകളിലും ഡോക്യുമെൻ്ററി പരസ്യചിത്രം എന്നിവയിലെല്ലാം ഇതുവരെ അഭിനയിച്ചു. തുടക്കം മുതലേ അമ്പിളി, ഭരത് ഗോപി, കമൽ, ലെനിൻ രാജേന്ദ്രൻ, ശിവപ്രസാദ്, തുടങ്ങിയ പ്രശസ്തർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
ഇതിനിടയിൽ രണ്ട് സീരിയലുകളും പ്രൊഡ്യൂസ് ചെയ്തു.
ആസ്വദിച്ച് ചെയ്യുന്ന വേഷങ്ങള്‍
റിലീസിനൊരുങ്ങുന്ന, അഭിലാഷ് ജി.ദേവൻ സംവിധാനം ചെയ്യുന്ന "റൂട്ട് നമ്പർ 17" എന്ന തമിഴ് ചിത്രത്തിൽ കടുത്ത നിലപാടുകളുണ്ടായിരുന്ന യാതൊരു വിട്ടുവീഴ്ച്ചക്കും വിധേയനാകാൻ മനസ്സില്ലാതെ ജോലി പോലും ഉപേക്ഷിച്ച് തനേറെറടുത്ത ദൗത്യം പൂർത്തീകരിച്ച 80 വയസ്സുള്ള ഒരു പത്രപ്രവർത്തകൻ്റെ വേഷമാണെനിക്ക്. ശ്രദ്ധിക്കപ്പെടുന്ന വേഷം. വളരെ ഇഷ്ടപ്പെട്ടും ആസ്വദിച്ചുമാണ്ഞാനത് അഭിനയിച്ചത്.

മലയാളത്തിലെ പുതിയ സിനിമ തിമിംഗല വേട്ടയാണ്. അതും അധികം വൈകാതെ ഇറങ്ങും. പുതിയ സിനിമകളുടെ ചർച്ച നടന്നുകൊണ്ടിരിക്കുന്നു.
ഭാര്യ അല്ലി. മകൻ അഭിലാഷ്. തിരുവനന്തപുരത്ത് താമസം.
തയ്യാറാക്കിയത്: ഉമ ആനന്ദ്
Leave A Comment