നാടക പരീക്ഷണങ്ങളിലൂടെ ചേന്നമംഗലം ചാമുണ്ണിയുടെ ജീവിതയാത്ര
വഴിത്തിരിവുകൾ
നാടക രംഗത്ത് നാലരപതിറ്റാണ്ടിന്റെ അനുഭവ പാരമ്പര്യമുള്ള കലാകാരനാണ് പാലക്കാട് ജില്ലക്കാരനായ ചേരാമംഗലം ചാമുണ്ണി .നാടകമെന്നാൽ ചാമുണ്ണിക്ക് പ്രാണവായുവിന് തുല്യമാണ്. അദ്ദേഹം ജീവിക്കുന്നത് തന്നെ നാടകത്തിനാണെന്ന് പറയുന്നതിൽ അതിശയോക്തിയൊന്നുമില്ല. പ്രതികൂല സാഹചര്യം മൂലം കോളേജ് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല പക്ഷെ, നാടകമെന്ന ലോകത്ത് നിന്നും അറിവുകളേറെ നേടി.
ഏകാങ്ക നാടകം, അഞ്ച് മിനിറ്റ് നാടകം ,ബസ് സ്റ്റോപ്പ് നാടകം തുടങ്ങി ഒട്ടേറെ പരിക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ബഷീറിന്റെ മതിലുകൾ നാടകമാക്കിയപ്പോൾ കെപിഎസി ലളിതക്കൊപ്പം അഭിനയിക്കാനായത് അവിസ്മരണീയമായ അനുഭവമാണ്.
ശ്രീ ബുദ്ധനോടും ബുദ്ധദർശനങ്ങളോടും ഉള്ള അഭിനിവേശം
ഒരു പത്ര ഏജന്റായി നാല് പതിറ്റാണ്ട് ജോലി ചെയ്തിട്ടുണ്ട്എങ്കിലും ആ പരിമിതിയിൽ നിന്നു കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുണ്ട്. നന്നെ ചെറുപ്പത്തിൽത്തന്നെ ശ്രീ ബുദ്ധനോടും ബുദ്ധദർശനങ്ങളോടും അടങ്ങാത്ത അഭിനിവേശ മുണ്ടായിരുന്നു ബുദ്ധഗയ സന്ദർശിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ പരമഭാഗ്യമായി കണക്കാക്കുന്നത്. മൂത്ത പുത്രന് ഗൗതമനെന്ന പേരിട്ടിട്ടും അടങ്ങിയില്ല അഭിനിവേശം.രണ്ടാമത്തെ പുത്രന് സിദ്ധാർത്ഥ് എന്ന പേരിട്ടു.
ഒരിടതുപക്ഷക്കാരനായ ചാമുണ്ണിയുടെ മൂത്ത മകന് വധുവായി വന്നത് ഒരു കോൺഗ്രസ് കുടുംബത്തിലെ സോണിയ എന്ന പെൺകുട്ടിയാണ് ! സോണിയ ഗാന്ധി യോടുള്ള ആദരവ് നിമിത്തമാണ് ആ പേര് വെച്ചത്. ചാമുണ്ണിയുടെ രണ്ടാ മത്തെ മകനും ഒരു കോൺഗ്രസ് കുടുംബത്തിൽ നിന്നാണ് വിവാഹം കഴിചിരിക്കുന്നത് രാജീവ് രാഹുൽ എന്നാണ് ഭാര്യയുടെ സഹോദരൻമാരുടെ പേരുകൾ .എന്നാൽ ഒരന്താരാഷ്ട പ്രശസ്തയായ പേരുകാരിയും ചാമുണ്ണിയുടെ കുടുംബത്തിലുണ്ട് അതെ ഗൗതമൻ - സോണിയ ദമ്പതികളുടെ മകളുടെ പേര് മലാല എന്നാണ് !
ആരോഗ്യ പ്രശ്നങ്ങൾ കാരണം പത്രവിതരണം നിർത്തലാക്കിയ ചാമുണ്ണിക്ക് കലാകാരൻമാർക്കുള്ള പെൻഷൻ മാത്രമാണ് ഇപ്പോൾ ഏക വരുമാന മാർഗം. നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന ചാമുണ്ണിക്ക് ഒരാഗ്രഹമെയുള്ളു, മരിക്കുന്നത് വരെ അഭിനയിക്കണം, അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മരിക്കണം.
നാടകരചനയിലേക്കുള്ള ആദ്യത്തെ കാൽവെപ്പ്
അരങ്ങിലേയ്ക്കുള്ള ആദ്യത്തെ കാൽ വെപ്പ് അഞ്ചാം തരത്തിൽ പഠിക്കുമ്പോഴായിരുന്നു. 1966 ൽ ഒരു കാഥികനായ കഥാപാത്രം.
"മാമലകൾക്കപ്പുറത്ത്, മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്. കൊച്ചു -
മലയാളമെന്നൊരു നാടുണ്ട്"
എന്ന് പാടിക്കൊണ്ടുള്ളവരവ്. പാലക്കാട് ജില്ലയിൽ ഏറ്റവും പഴക്കമുള്ളതും വമ്പിച്ച ജനപ്രീതിയുള്ളതുമായ നാടോടി - നാടക - നൃത്ത-സംഗീത കലാരൂപമാണ് പൊറാട്ട് കളി. ഈ കലാരൂപത്തെ സർക്കാർ അംഗീകരിച്ചത്കപൊറാട്ട് കളിയുടെ ആശാനായിരുന്ന പാലന്തോണി വേലായുധനാശാന് അവാർഡ് നല്കിക്കൊണ്ടായിരുന്നു. വേലായുധനാശാന്റെ മകൻ സുബ്രഹ്മണ്യൻ എന്ന ദണ്ഡപാണിയാണ് എന്നെ കലാ രംഗത്തേക്ക് ആനയിച്ചത്. പിന്നീട് ഞങ്ങൾ ചേരാമംഗലത്ത് ജയ കൈരളി വായനശാല - ഗ്രന്ഥശാല സ്ഥാപിച്ചു. കൊല്ലംന്തോറും വാർഷിക ആഘോഷം. നാടകാവതരണവും. സ്വന്തം രചനകളിലുൾപ്പെടെ ഇരുനൂറിലേറെ നാടകങ്ങൾ അഭിനയിച്ചിട്ടുണ്ട്.

സി.എൽ.ജോസിന്റെ ഒരു നാടകം ബാലമാസികയിൽവന്നത് അനുകരിച്ചായിരുന്നു നാടകരചനയുടെ തുടക്കം എന്നു പറയാം. ഗ്രാമീണ കലാസമിതികൾ അവതരിപ്പിക്കുന്ന അരങ്ങുകൾക്കു മുമ്പിലും പ്രൊഫഷണൽ നാടക അരങ്ങുകൾക്കു മുമ്പിലുമിരുന്നു കണ്ട നാടകങ്ങൾ നൂറുകണക്കിനുണ്ട്. ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് പ്രൊഫഷണൽ നാടകങ്ങളാണ്. എത്രയെത മഹാരഥന്മാരുടെ രചനകൾ . അതിലുമെത്രയോ അധികം അഭിനയ കുലപതികളുടെ അരങ്ങു വാഴ്ച ഞാനെന്ന നാടകക്കാരന് ശരീരവും, ശാരീരവും, മനസ്സും, അസ്ഥിയും , മാംസവും, രക്തവും തന്നവർ.
പെട്ടെന്ന് ഒരാളോട് അടുപ്പം നേടിയെടുക്കാനുള്ള പാടവം എനിക്കില്ല. ഒരു പക്ഷെ ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുണ്ടാകുക എന്നോടു തന്നെയായിരിക്കും. ഞാൻ തന്നെ ചോദ്യങ്ങൾ ചോദിക്കും ഉത്തരവും ഞാൻ തന്നെ കണ്ടെത്തും ഈ സ്വഭാവമാകാം ഞാൻ എന്നെയും എന്നിൽ നിന്ന് അപരന്മാരെയും നെയ്തെടുത്ത് വളർത്തുന്ന ശൈലി എന്നെ നാടക പ്രപഞ്ചത്തിലേക്ക് പടരാൻ ഇടയാക്കീട്ടുണ്ടാകുക.
വിദ്യാഭ്യാസ കാലഘട്ടം
ഒമ്പതാം തരത്തിൽ പഠിക്കുമ്പോഴായിരുന്നു നെന്മാറ ഗവ: ബോയ്സ് ഹൈസ്ക്കൂളിന്റെ അമ്പതാം വാർഷികം. ആഘോഷ പരിപാടി കളിൽ ഒരു ഗ്രൂപ്പ് ഡാൻസിൽ ഞാനും പങ്കാളിയായിരുന്നു. അന്നാണ് മഹാകവികളായ വൈലോപ്പിള്ളി ശ്രീധരമേനോൻ, പി.കുഞ്ഞിരാമൻ നായർ എന്നിവരെ തൊട്ടടുത്ത് നിന്ന് കണ്ടത്. തൊടാതെ തൊട്ടതും. പിന്നീട് വൈലോപ്പിള്ളിയുടെ സപ്തതി ആഘോഷം പാലക്കാട് ജില്ലയിൽ നടത്തിയപ്പോൾ കവിയോടൊപ്പം ഒരു രാത്രി ഒന്നിച്ച് . കവിസമ്മേളനത്തിൽ ഞാനവതരിപ്പിച്ച എന്റെ കവിത - ഗോപാല പാലകൻ - കവിതയെപ്പറ്റി കവി സംസാരിച്ചു. പിറേറന്ന് കവിയെ അനുഗമിച്ച് വീട്ടിലെത്തിക്കേണ്ട ചുമതല എനിക്കായിരുന്നു. വെറും അമ്പത് രൂപ മാത്രം വാങ്ങി കവി തനിയെ തന്നെ തിരികെപ്പോയി.
പത്താം തരത്തിലെ പരാജയത്തോടെ പഠിപ്പും നിർത്തി. പിന്നത്തെ പാഠപുസ്തകം ജീവിതമായിരുന്നു. പുസ്തക വായനയുടെ തീനാളങ്ങൾ കത്തിജ്ജ്വലിച്ചതും എഴുത്തിന്റെ പ്രാരംഭവും 1973 നു ശേഷമാണ്. ബുദ്ധ ദർശനങ്ങളിൽ ആകൃഷ്ഠനായത് എപ്പോൾ എവിടെ വെച്ച് എന്നൊന്നും ഒരു പിടിയുമില്ല. സത്യം മാത്രം പറയുവാനും നുണ പറയാതിരിക്കുവാനും ജാഗ്രത പുലർത്തുന്ന ഒരു മനസ്സ് അധികമൊന്നും കേടുപാടില്ലാതെ ഇപ്പോഴും ഞാൻ കാത്ത് സൂക്ഷിക്കുന്നുണ്ട്. പഞ്ചശീലതത്വങ്ങൾ ഉള്ളിന്റെയുള്ളിൽ ഉറവ വറ്റാതെ ഇപ്പോഴുമുണ്ട്.

നാടകക്കാരന്റെ നിലനിൽപ് നാടകം കൊണ്ടു തന്നെയാകണം
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാട് കുടുംബ ജീവിതത്തിൽ ഒരിക്കലും ബാധിച്ചിട്ടില്ല. ഒഴുക്കിൽ അവരും അലിഞ്ഞുചേരുന്നു.നാടകത്തിന്റെ ഭാവിക്ക് ഇനിയും ഇടിവോ, ശക്തിക്ഷയ മോ സംഭവിക്കില്ല. പഴയ നാടകക്കാർ നാടകത്തിനു വേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ചവരായിരുന്നുവെങ്കിൽ പുതിയ നാടകക്കാർ നാടകക്കാരന്റെ നിലനില്പും നാടകം കൊണ്ടു തന്നെയാകണമെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് എന്നാണ് എന്റെയൊരു നിരീക്ഷണം. നാടകക്കാർ നാടകവുമായി ഇരുപതോ മുപ്പതോ പേരടങ്ങിയ സദസ്സിനു മുമ്പിൽ നാടകം കളിക്കാൻ തുടങ്ങിയിട്ടുണ്ട്.
നാടിന്റെ അകം പുറംകാഴ്ചകൾ പൊതുജന മനസ്സുകളിലേക്ക് ഊതിയിറക്കട്ടെ . അത് ശുഭസൂചനയാണ്. നാടകം കണ്ടിരിക്കുന്നവരുടെ ജീവിത സഘർഷങ്ങളുടെ ഛായ ചിത്രങ്ങൾ നാടകത്തിലുണ്ടെങ്കിൽ കാണികളും നാടകത്തോടൊപ്പം ഉണ്ടാകും. നാടകത്തിന്റെ പകിട്ടിനും പ്രതാപത്തിനും നാശമേശില്ല. തീർച്ച.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment