വഴിത്തിരിവുകള്‍

ഭക്തിഗാനങ്ങളുടെ നിറവിൽ ബൽറാം

വഴിത്തിരിവുകള്‍ 

സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനനം. നിത്യേന അമ്മ പാടുന്ന കീർത്തനങ്ങളിൽ നിന്നുള്ള പ്രചോദനം . ഏറ്റിക്കര ദേവിയുടെ അനുഗ്രഹം. അങ്ങിനെയാണ് ഭക്തി ഗാന രംഗത്ത് ശ്രദ്ധേയമായ സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന ബൽറാം ഏറ്റിക്കരയുടെ പിറവി. ഗാനങ്ങളും ആൽബങ്ങളുമായി ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന ഇദ്ദേഹം ഈ മേഖലയിലെ പ്രശസ്തർക്കൊപ്പം എത്തിയതിന് പിന്നിൽ അദ്ദേഹത്തിന്റെ തന്നെ പ്രതിഭയാണ്.

വിമർശനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നിരൂപകൻ ടി.പി. ശാസ്തമംഗലം ഇദ്ദേഹത്തിന്റ ഒരു ആൽബത്തിന് പത്തിൽ പത്ത് മാർക്കും നൽകിയത് ഇദ്ദേഹത്തെ മാത്രമല്ല ഭക്തി ഗാനങ്ങളെ ഇഷ്ടപ്പെടുന്നവരെ മുഴുവൻ കോൾമയിർ കൊള്ളിച്ച ഒരു സംഭവമാണ്. ബൽറാം ഏറ്റിക്കര തന്റെ കഥ പറയുന്നു.


 അമ്മ പാടുന്ന കീർത്തനങ്ങളുടെ സ്വാധീനം 

ച്ഛൻ ശങ്കരൻ നായരുടേയും അമ്മ സരോജിനി അമ്മയുടേയും നാലു മക്കളിൽ ഏറ്റവും ഇളയവനായ ഞാൻ ജനിച്ചത് ഏറ്റിക്കരയിലാണ്. സ്ക്കൂൾ വിദ്യാഭ്യാസം ഏറ്റിക്കരയിലും കോളേജ് വിദ്യാഭ്യാസം സെന്റ് ആൽബർട്ട്സ്  കോളേജിലുമായിരുന്നു. എഴുത്തുകാരോ കലാകാരൻമാരോ ഞങ്ങളുടെ കുടുംബത്തിലില്ല. ഞാനിന്ന് വരികൾ കുറിക്കുന്നുണ്ടെങ്കിൽ അമ്മ പാടുന്ന കീർത്തനങ്ങളുടെ സ്വാധീനം മാത്രമാണ്.

88 വയസ്സായ അമ്മ ഇന്നും കീർത്തനങ്ങൾ പാടും. ഇപ്പോഴും അതിൽ പലതും അമ്മ ഇതുവരെ ചൊല്ലിക്കേൾക്കാത്ത പുതിയതായിരിക്കും. കുഞ്ഞുനാൾ മുതലേ സന്ധ്യക്ക് ഞങ്ങളെ അമ്മ കീർത്തനം ചൊല്ലിക്കുമായിരുന്നു. പിന്നെ അടുത്ത പ്രചോദനം വീടിനടുത്തുണ്ടായിരുന്ന ഏറ്റിക്കര ദേവീക്ഷേത്രം. അമ്പലത്തിലെ ഉൽസവവും പാട്ടും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 


 തുടക്കം ഏറ്റിക്കര ദേവീക്ഷേത്രത്തിൽ നിന്ന് 

ധികം വായനാ ശീലമൊന്നുമില്ലാത്ത എന്നാൽ കേൾവി ജ്ഞാനമുള്ള ഞാൻഎന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ആദ്യ ഭക്തി ഗാനം രചിക്കുന്നത്. അത് ഏറ്റിക്കര ദേവീക്ഷേത്രത്തിലെ ഉൽസവത്തിന് നടന്ന ഗാനമേളയിലെ ആദ്യ ഗാനമായി അവതരിപ്പിക്കപ്പെട്ടു. അതെനിക്ക് ഒരുപാടു സന്തോഷം നൽകി. 

പഠിക്കുന്ന കാലത്ത് പണം സ്വരുക്കൂട്ടി കാസറ്റുകൾ വാങ്ങും. അതിൽ  ടി.എസ് രാധാകൃഷ്ണൻ ,രമേശൻ നായർ , ആർ.കെ.ദാമോദരൻ ഇവരുടെ ആരുടെ എങ്കിലും ചിത്രമുണ്ടോ എന്ന് നോക്കും ഉണ്ടെങ്കിൽ മാത്രമേ വാങ്ങു. കാലം പോയ പോക്കിൽ ടി.എസ്സിനേയും, രമേശൻ നായരേയും, ആർ കെ ദാമോദരനെയും പല സമയത്തായി പരിചയപ്പെടാനിടയായി.അതും എന്റെ രചനകളിലേക്കൊരു നിമിത്തമായിരുന്നു. 




നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നു

ഞാൻ എഴുതുന്ന ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകി ടി.എസ് രാധാകൃഷ്ണൻ സ്ഥിരമായി തന്റെ വേദികളിൽ പാടിത്തുടങ്ങി. എസ് രമേശൻ നായർ പറഞ്ഞത് പാട്ടെഴുതുമ്പോൾ ആ ചിത്രം മുന്നിൽ തെളിഞ്ഞു വരണമെന്നാണ്. പിന്നീടൊരു കാര്യവും ആദ്യമായി കണ്ടപ്പോൾ പറഞ്ഞിരുന്നു. ഏതോ മുജ്ജൻമ ബന്ധമുള്ള തുകൊണ്ടാണ് നമ്മൾ കണ്ടുമുട്ടിയത് എന്ന് . 

എന്റെ ആദ്യ കാസറ്റിന്റെ പേര് എട്ടുകാട്ടമ്മ എന്നായിരുന്നു.ടി.എസും ഞാനും ചേർന്ന് ചെയ്ത ആൽബങ്ങളിൽ പ്രശസ്ത പിന്നണി ഗായകരായ ജയചന്ദ്രൻ , മധു ബാലകൃഷ്ണൻ ,ഉണ്ണി മേനോൻ , ശ്രീവൽസൻ ജെ മേനോൻ തുടങ്ങിയവരെല്ലാം പാടിയിട്ടുണ്ട്. അവരുമായി നല്ല സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. മറ്റൊരു സന്തോഷകരമായ കാര്യം പാട്ടിന്റെ തിരുവരങ്ങ്  എന്ന പംക്തിയിൽ ടി.പി ശാസ്തമംഗലം ഒരാൽബത്തിലെ പത്തു പാട്ടുകളും നല്ലതാണെന്ന് എഴുതി. ഇപ്പോൾ രണ്ടു പതിറ്റാണ്ടായി പാട്ടെഴുത്തിന്റെ മേഖലയിൽ യാത്ര തുടങ്ങിയിട്ട്. ക്രിസ്തീയ ഭക്തി ഗാനങ്ങളും ധാരാളം എഴുതിയിട്ടുണ്ട്. 




പ്രശസ്തരുടെ വാക്കുകൾ  പ്രചോദനം 

പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് പറഞ്ഞ വാക്കുകൾ എനിക്ക് അവാർഡിനേക്കാൾ വലുതാണ്. "ബൽറാമിന്റെ വരികൾക്ക് താളമുണ്ട്. സംഗീതം ചെയ്യാൻ അത് കൃത്യമാണ്." ഓണപ്പാട്ടെഴുതി അയച്ചപ്പോൾ എന്നെ ഇതുവരെ കാണാത്ത സംഗീത സംവിധായകൻ ശരത് പറഞ്ഞത് വരികൾ ഇഷ്ടമായി സംഗീതം ചെയ്യാം എന്നാണ്. ഇതെല്ലാം ഒരു പാട് പ്രചോദനം നൽകുന്നു. ആറു മാസം മുൻപ് സപര്യ എന്ന പരിപാടിക്ക് വേണ്ടി 'ചലൊ ചലൊ' എന്ന കവിത എഴുതിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കവിതകളിൽ എന്റെ കവിതക്ക് ഒന്നാം സ്ഥാനവും കാനായി കുഞ്ഞിരാമൻ ശിൽപവുമാണ് അവാർഡായി ലഭിച്ചത്.



ഇനി പുതിയതായി ഇറങ്ങാനുള്ളത് കാവാലത്തിന്റെ സംഗീത സംവിധാനത്തിലുള്ള നാടൻ പാട്ട്. ഉണ്ണി മേനോൻ പാടിയ പറശ്ശിനി മുത്തപ്പനെന്ന ആൽബവും . ധാരാളം പാട്ടെഴുതാൻ കഴിഞ്ഞു. ആൽബങ്ങൾ ചെയ്യാൻ കഴിഞ്ഞു.സിനിമാ രംഗത്ത് ചർച്ച നടക്കുന്നു. മുൻപ് ഒരു സിനിമക്കുവേണ്ടി പാട്ടെഴുതിയിട്ടുണ്ട്. അമ്മയ്ക്ക് ഇപ്പോൾ ഓരോ പാട്ടും കേൾക്കുമ്പോൾ ഒരു പാട് സന്തോഷം. അതിൽ കൂടുതൽ ഇനി എന്തു വേണം !

ഭാര്യ ആശ അധ്യാപികയാണ്. മക്കൾ വൈഷ്ണവി ബൽറാം.വരദ് ബൽറാം

തയ്യാറാക്കിയത്: ഉമ ആനന്ദ്


Leave A Comment