വഴിത്തിരിവുകള്‍

ഗദ്യ കവിതയുടെ വഴിയിൽ വൈഷ്ണവ് സതീഷ്

വഴിത്തിരിവുകള്‍ 

കേരളത്തിൽ ഗദ്യ കവിതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് അയ്യപ്പപ്പണിക്കരാണെന്ന് തോന്നുന്നു. പിന്നീട് സച്ചിദാനന്ദനും കെ.ജിയും അയ്യപ്പനുമൊക്കെ ആ മേഖലയിൽ ഗണ്യമായ സംഭാവന ചെയ്തവരാണ്. വൃത്തമില്ലെങ്കിലും വരികളിൽ കവിതയുണ്ടെങ്കിലെ അത് ഗദ്യ കവിതയാവു. ഈ മേഖലയിലെ പുതിയ വാഗ്ദാനമാണ് വൈഷ്ണവ് സതീഷ് .

പ്ലസ് വണ്ണിന് പഠിക്കുമ്പോൾ  കവിതാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ വൈഷ്ണവ് പിന്നീട്  ജാതിക്കുമ്മിയടക്കം ആറ് പുരസ്കാരങ്ങൾ കരസ്ഥമാക്കിക്കഴിഞ്ഞു. ഓൺലൈൻ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന കവിയാണ് വൈഷ്ണവ്. സാഹിത്യ അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ വൈഷ്ണവ് സതീഷ് കവിതയുടെ വഴിയിലൂടെ സഞ്ചരിക്കാൻ തന്നെയാണ് ഇഷ്ടപ്പെടുന്നത്. കവിതയുമായി കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന ഈ യുവ കവി പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു.

വായനയിലേക്ക് വഴിതെളിച്ച അച്ഛന്‍ 

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ  സതീഷ് കുമാറാണ് എന്റെ അച്ഛൻ. അമ്മ സിന്ധു . അച്ഛൻ മലയാളം അധ്യാപകനായിരുന്നുവെങ്കിൽ അമ്മ കണക്ക് അധ്യാപികയാണ്. എനിക്കൊരു സഹോദരനും ഉണ്ട് . ചേട്ടന് സാഹിത്യത്തിൽ തെല്ലും താൽപര്യമില്ലാത്ത ആളാണ്. എംബ്രിയോളജി കഴിഞ്ഞ് തമിഴ്നാട്ടിൽ ജോലി നോക്കുന്നു. ഞാൻ മലപ്പുറം പെരിന്തൽമണ്ണ പൂക്കോയതങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിന് രണ്ടാം വർഷം പഠിക്കുന്നു. 

വായനയിലേക്ക് വാതിൽ തുറന്നത് അച്ഛൻ തന്നെയാണ്. പ്രത്യേകിച്ചും മലയാളം അധ്യാപകനായതു കൊണ്ടു തന്നെ അച്ഛന് അക്ഷരങ്ങളോട് അളവറ്റ സ്നേഹമായിരുന്നു. കളിപ്പാട്ടം വാങ്ങിത്തരുന്നതിനൊപ്പം പുസ്തകങ്ങളും ഉണ്ടാകും അങ്ങിനെയാണ് വായിച്ചു തുടങ്ങിയത്. 





വീടിനടുത്തുള്ള  സൂര്യ ചേച്ചിയും ഞാനും സ്ഥിരമായി മണ്ണാർക്കാട് താലൂക്ക് ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്ത് മത്സരിച്ച് വായിക്കുക പതിവായിരുന്നു. പത്താം തരം വരെ വായന മാത്രം . പ്ലസ് വണ്ണിൽ ചേർന്നപ്പോഴാണ് എഴുത്തിലേക്ക് കടക്കുന്നത്. അതും തികച്ചും അവിചാരിതമായി. 


കണക്കില്‍ നിന്ന് കരകയറാന്‍ കവിത 

ഠിപ്പിൽ ശരാശരിയായിരുന്ന എനിക്ക് സയൻസ് ഗ്രൂപ്പ് ബാലികേറാമലയായിരുന്നു. ഇത് എന്റെ വഴിയേ അല്ല എന്ന് ചിന്തിച്ച് മനസ്സിനോട് മല്ലിട്ട് കളിയാക്കലുകളും അവഹേളനങ്ങൾക്കുമിടയിലൂടെ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടിക്കുന്ന ഒരു ദിവസമാണ് കവിതാ മത്സരമുണ്ടെന്ന് അനൗൺസ്മെന്റ് കേൾക്കുന്നത്. കണക്ക് പിരീഡിൽ നിന്ന് രക്ഷനേടാൻ കവിതാ മത്സരത്തിലേക്ക് ഓടി. കവിതക്ക് തന്ന വിഷയം " കാട് ". ഫലം വന്നപ്പോൾ ഒന്നാം സമ്മാനം എനിക്ക് . സംഭവം കൊള്ളാം. ശരാശരി വിദ്യാർത്ഥിയായ എന്നെ പ്രിൻസിപ്പൾ അനുമോദിക്കുന്നു. വേദിയിൽ വെച്ച് സമ്മാനം നൽകുന്നു. മറ്റൊരു കലാപരമായ കഴിവ് ഒന്നും തന്നെ എനിക്കില്ല. ആ വർഷം അങ്ങിനെ കടന്നുപോയി. 



പതിനെട്ട് വയസ്സു വരെ എനിക്കാകെ കിട്ടിയത് ചൂണ്ടുവിരൽ നീളത്തിലുള്ള രണ്ട് ട്രോഫികളാണ്. ഫുൾ A+ വാങ്ങണം മകന്റെ ചിത്രം വരണമെന്നൊക്കെ ആഗ്രഹമുള്ള അമ്മയെയാണ് നിരാശയുടെ പടുകുഴിയിലേക്ക് ഞാൻ തള്ളിവിട്ടത്. സതീഷിന്റെ മകൻ എന്ന ഐഡൻന്റിറ്റി എനിക്ക് വലിയ പ്രതിസന്ധിയായതു കൊണ്ട് തന്നെ ഞാൻഎന്റെ അച്ഛന്റെ സ്ക്കൂളിൽ പ്ലസ് വണ്ണിന് ചേർന്നിരുന്നില്ല. കാരണം എന്നിൽ ഒരുപാടു പ്രതീക്ഷകൾ വെച്ചുപുലർത്തും. 

ആദ്യത്തെ കവിതക്ക് തന്നെ സമ്മാനം കിട്ടിയപ്പോൾ പുതിയ ഉണർവ്വായി ഉത്തേജനമായി. ചുരുക്കി പറഞ്ഞാൽ രണ്ടാം ജന്മം പോലെ തോന്നി.

സമ്മാനത്തിന്‍റെയും അവാർഡിന്‍റെയും വ്യത്യാസം

ലോക്ക് ഡൗൺ സമയത്ത് ഏഷ്യാനെറ്റ് ന്യൂസിലേക്ക് " ചീത്ത കൊറോണ നൽകിയ നൻമകൾ " എന്ന പേരിൽ കുറിപ്പുകൾ അയച്ചു. കോളേജ് മാഗസിന് വേണ്ടി തയ്യാറാക്കിയതായിരുന്നു അത്. നല്ലൊരു ആർട്ടിക്കിളായി അത് വന്നു. പിന്നെ പ്രാദേശിക വെബ് സൈറ്റുകളിൽ കവിത കൊടുത്തു തുടങ്ങി. പതുക്കെ പതുക്കെ വായനക്കാർ കൂടി വന്നു. തസ്രാക്കിൽ കൊടുത്ത കവിത ആയിരം പേർ ഷെയർ ചെയ്തു. കഴിഞ്ഞ വർഷം മാതൃഭൂമി , മനോരമ, മാധ്യമം തുടങ്ങിയവയിൽ ഓൺലൈൻ പോർട്ടലിൽ കവിതകൾ അച്ചടിച്ചു വന്നെങ്കിൽ ഈ അടുത്ത കാലത്ത് മാതൃഭൂമി വീക്കിലിയിലും അച്ചടിച്ചു വന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോളേജ് വിദ്യാർത്ഥികൾക്കായുള്ള പത്രത്തിലെ കട്ടിങ്ങ് കണ്ടിട്ടാണ് പുരസ്ക്കാരത്തിനായി കവിത അയച്ചത്. 



സുകുമാർ അണ്ടല്ലൂർ കവിതാ പുരസ്ക്കാരത്തിനായിരുന്നു അത്. പ്രസ്തുത അവാർഡ് എനിക്കാണ് ലഭിച്ചത്. അത് തന്നതാകട്ടെ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സച്ചിദാനന്ദൻ സാറാണ്. അന്നെനിക്ക് മനസ്സിലായി, സമ്മാനത്തിന്റെയും അവാർഡിന്റെയും വ്യത്യാസം. പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിന്ന വാർത്തയായിരുന്നു അത്. അതിയായ സന്തോഷവും അദ്ഭുതവും ഒരുമിച്ചുണ്ടായ സമയം. ഇനിയും എഴുതാനുള്ള പ്രചോദനം. ഇതുവരെ "ജാതിക്കുമ്മി " അവാർഡ് അടക്കം ആറ് അവാർഡ് ലഭിച്ചു. നൂറ്റിനാൽപതു പേരിൽ നിന്ന് എന്റെ കവിത തിരഞ്ഞെടുത്തതിൽ വളരെ സന്തോഷം. എല്ലാ കവികളെയും വായിക്കാൻ ഇഷ്ടമാണ്.


കവിതകൊണ്ട്‌ ഹൃദയങ്ങളെ തൊടണം 

കെ.എസ് രതീഷ് മാഷിന്റെ ജീവിതം വളരെ ഇൻസ് പിരേഷേനായി തോന്നിയിട്ടുണ്ട്. കവിത കൊണ്ട്    ദൂരെയിരിക്കുന്ന പലരെയും തൊടാൻ കഴിയും കഴിയാവുന്നത്ര ഹൃദയങ്ങളെ കവിതകൾ കൊണ്ട് ഉമ്മ വെക്കണമെന്നാണ് ആഗ്രഹം. 

ഏതെങ്കിലും വിധത്തിൽ ലോകത്തിൽ അടയാളപ്പെടുത്തണം. എന്നെ മരണമില്ലാത്തവനാക്കുക എന്നതിനാണ്. അത് ഇനി വരാൻ പോകുന്ന കവിതയായിരിക്കണം. എന്റെ വിഷമങ്ങളും സങ്കടങ്ങളുമാണ് എനിക്ക് എഴുതാൻ പ്രചോദനമായത്.  

അവാർഡ് വാങ്ങാൻ പോകുമ്പോൾ അച്ഛനും അമ്മയും സന്തോഷത്തോടെ ഒപ്പം വരാറുണ്ട്. പലരും കുറുക്കുവഴികളിലൂടെ അവാർഡ് അടക്കം പലതും നേടാറുണ്ട്. ഞാൻ നേരായ വഴിയിലൂടെ തന്നെയാണ് യാത്ര. ഒരു ഷോട്ട് ഫിലിമിന് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്. സിനിമകൾക്ക് വേണ്ടിയും പാട്ടുകളും കവിതകളും എഴുതാൻ ആഗ്രഹമുണ്ട്.

തയ്യാറാക്കിയത് ഉമ ആനന്ദ് 

Leave A Comment