വഴിത്തിരിവുകള്‍

സോപാന സംഗീതത്തിന്റെ അമരക്കാരൻ ; ഏലൂർ ബിജു വഴിത്തിരിവിൽ

സംഗീതമെന്ന മഹാ സമുദ്രത്തിന് എണ്ണമറ്റ പോഷക നദികളുണ്ട്  അതിലൊന്നാണ് സോപാന സംഗീതം ക്ഷേത്രവുമായും ഭക്തി യുമായും ഇത്രമേൽ അഭേദ്യ ബന്ധം പുലർത്തുന്ന മറ്റൊരു സംഗീത ശാഖ ഇല്ല തന്നെ ഇവിടെ സംഗീതം കേവലം ആലാ പനമല്ല മറിച്ച് ഉള്ളിന്റെ യു ള്ളിൽ നിന്നുയരുന്ന പ്രാർത്ഥനയാണ് പാടുന്ന ആളും അത് കേൾക്കുന്ന ആളും ഭക്തി ലഹരിയുടെ ഉച്ചകോടിയിലെത്തുന്ന മാന്ത്രിക സംഗീതമാണിത്  സോപാന സംഗീത ലോകത്തെ കുലപതി ആയിരുന്ന ഞെരളത്തിന് ശേഷം സോപാന സംഗീതത്തിന്റെ പര്യായമായി മാറിയ ഏലൂർ ബിജു തന്റെ ജീവിതത്തിലെ സംഗീത വഴിത്തിരിവുകൾ പങ്കു വെക്കുന്നു.

അച്ഛനാണ്  എല്ലാ ഉയർച്ചകൾക്കും ആദ്യ കാരണം

എന്റെ ജീവിതത്തിൽ വഴിത്തിരിവുകൾ മാത്രമേ ഉണ്ടായിട്ടുള്ളു. ഒരുപാട് വഴിത്തിരിവിലൂടെയാണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത്.ജനിച്ചത് ഏലൂരാണെങ്കി ലും കുട്ടിക്കാലത്തെ ജീവതം പനങ്ങാടായിരുന്നു. പനങ്ങാട് ഗണപതി ക്ഷേത്രം എന്റെ കുടുംബ ക്ഷേത്രമാണ്. അച്ഛൻ കൊച്ചപ്പ മേനോനും അമ്മ ആനന്ദവല്ലിയമ്മയ്ക്കും ഞങ്ങൾ അഞ്ചു മക്കൾ. അതിൽ നാലാമനാണ് ഞാൻ . അച്ഛന്റെയും അമ്മയുടെയും വീട്ടിൽ സംഗീതജ്ഞരുണ്ട്. എന്നാൽ സംഗീതം പഠിക്കാതെ സംഗീതത്തിൽ ജീവിച്ച എന്റെ അച്ഛനാണ് എന്റെ എല്ലാ ഉയർച്ചകൾക്കും ആദ്യ കാരണം. സംഗീതം പഠിക്കാത്ത അച്ഛൻ എറണാകുളത്തു നടക്കുന്ന ഒരു സംഗീത കച്ചേരി പോലും ഒഴിവാക്കാറില്ല എന്നതാണ് അച്ഛന്റെ പ്രത്യേകത. അതിനുദാഹരണം പറയുകയാണെങ്കിൽ കച്ചേരിക്ക് വരുന്ന സംഗീതജ്ഞർ അച്ഛനെ കാണുമ്പോഴേ കൈ പൊക്കി അഭിവാദ്യം ചെയ്യുമായിരുന്നു. 

സദനം ദിവാകരൻ  മാരാരായിരുന്നു ആദ്യ ഗുരു

ഒരിക്കൽ ടി.എസ് രാധാകൃഷ്ണൻ ജി എന്നോട് പറഞ്ഞു.  ബിജുവിന്റെ അച്ഛനാണ് ബിജുവിന്റെ സംഗീതം. ഉറങ്ങുന്ന സമയമൊഴിച്ചുള്ള സമയങ്ങളിൽ അച്ഛൻ സംഗീതവുമായി സല്ലപിച്ചിരിക്കും. എച്ച് ഐ എൽ എന്ന കമ്പനിയിലായിരുന്നു അച്ഛന് ജോലി. അച്ഛൻ പാടിത്തന്ന രാഗങ്ങളാണ് എന്റെയുള്ളിൽ ഇന്നും ഉള്ളത്. അന്ന് റേഡിയോക്കാണ് പ്രചാരം. വീടിന്റെ പൂമുഖത്തായിരുന്നു ഞങ്ങളുടെ ഉറക്കം. കഥകളിപ്പദങ്ങൾ, കർണ്ണാട്ടിക് മ്യൂസിക് അല്ലെങ്കിൽ ഹിന്ദുസ്ഥാനി ഇത് കേട്ടാണ് ഞങ്ങൾ ഉറങ്ങുന്നത്. പിന്നെ അമ്പലത്തിൽ നടക്കുന്ന ഭജനകൾ കേൾക്കും പഠിക്കും. അടുത്ത് അമ്പലമുണ്ടായതാണ് ചെണ്ട പഠിക്കാൻ കാരണമായത്. മാരാരിൽ നിന്ന് ചെണ്ട വാങ്ങി കൊട്ടി നോക്കുമായിരുന്നു.


അദ്ദേഹം അച്ഛനോട് പറയും മോനെ ചെണ്ട പഠിപ്പിക്കു നല്ല താളമുണ്ട് പഠിക്കാൻ ആഗ്രഹവുമുണ്ട്.
അങ്ങിനെയാണ് ചെണ്ട പഠിച്ച് തുടങ്ങിയത്. സദനം ദിവാകര മാരാരായിരുന്നു ആദ്യ ഗുരു.സംഗീതത്തിൽ ആദ്യ ഗുരു അമ്മാവനാണ് . ഞാൻ ഉണരുന്നത് സംഗീതം പഠിപ്പിക്കുന്നത് കേട്ടുകൊണ്ടാണ്. പിന്നെ കുമ്പളത്തെ ഒരു സാറിന്റെ കീഴിൽ പഠിച്ചു അതിന് ശേഷം ആർ എൽ വിയിൽ ചേർന്നെങ്കിലും അവസാന വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.

ഉണ്ണികൃഷ്ണമാരാരുടെ വാക്കുകൾ  പ്രചോദനമായി

പിന്നീട് ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. പ്രീഡിഗ്രി കാലഘട്ടത്തിലാണ് ചെണ്ട  പഠിച്ചതിന്റെ അരങ്ങേറ്റം കഴിഞ്ഞത്.ചില പ്രത്യേക സാഹചര്യങ്ങളാൽ ഞങ്ങൾ ഏലൂരിലേക്ക് പറിച്ചു നടപ്പെട്ടു. 1998 ലാണ് ഏലൂർക്ക് വന്നത് അവിടെ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ  ചേന്നമംഗലം ഉണ്ണികൃഷ്ണമാരാരുടെ അടുത്ത് തായമ്പക മേളത്തിലെ ഉപരിപഠനം  പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. കുറേക്കാലം മേളക്കാരനായി.

ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിലും ശനിയാഴ്ചകളിലും മേളത്തിന് പോക്ക് പതിവായി കാരണം ജീവിതസാഹചര്യം അങ്ങനെയായിരുന്നു സാമ്പത്തിക ബാധ്യത ഞങ്ങളെ വരിഞ്ഞുമുറുക്കിയിരുന്നു ആ കാലഘട്ടത്തിൽ ഫോൺ ഇല്ലാതിരുന്നത് വലിയൊരു അനുഗ്രഹമായാണ് ഇപ്പോൾ തോന്നുന്നത്. എന്താണെന്ന് വെച്ചാൽ വെറുതെയിരിക്കുമ്പോൾ പാട്ടുപാടും ഒരു ദിവസം അങ്ങനെ പാട്ടുപാടുന്നത് കേട്ട് ഉണ്ണികൃഷ്ണമാരാർ പറഞ്ഞു ബിജു സോപാനസംഗീതം പഠിക്കണം നന്നായി വഴങ്ങും എനിക്കത് കേട്ടപ്പോൾ പ്രചോദനമായി എൻറെ ഭാഗ്യം എന്ന് തന്നെ പറയട്ടെ ഈ കൃഷ്ണൻ അമ്പലത്തിൽ പ്രശസ്ത സോപാന സംഗീതജ്ഞൻ  കാവിൽ ഉണ്ണികൃഷ്ണവാര്യരും ഉണ്ടായിരുന്നു. അതായത് എനിക്ക് മറ്റൊരു ഗുരുവിനെ തേടി പോകേണ്ടി വന്നില്ല എന്നു സാരം.


 അദ്ദേഹത്തിൻറെ കീഴിൽ ഞാൻ സോപാനസംഗീത പഠനം ആരംഭിച്ചു അവിടെത്തന്നെ അരങ്ങേറി പക്ഷേ ഇതാണെന്റെ ജീവിതം എന്നും ഇനി സോപാനസംഗീതമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എനിക്ക് അന്ന് അറിയില്ലായിരുന്നു വീട്ടുകാരുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. ഞാൻ മേളത്തിനു പോകും പാടാൻ പോകും , സത്യം പറഞ്ഞാൽ തൂവൽ കൊട്ടാരം സിനിമയിലെ ജയറാമിന്റെ അവസ്ഥയിലായിരുന്നു ഞാൻ . ഇന്ന് ചെണ്ടയെങ്കിൽ നാളെ ഇടയ്ക്ക, മറ്റന്നാൾ ശ്രുതി ബോക്സ്, അടുത്തദിവസം തകിൽ അങ്ങനെയൊരു ജീവിതം.

 ഹിന്ദുസ്ഥാനി സംഗീതം   ജീവിതത്തിൽ ഒരു വഴിത്തിരിവായി

 അന്ന് വേറെ വഴിയുണ്ടായിരുന്നില്ല അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ഡൽഹിയിലെ ആർ കെ പുരത്തേക്ക് (രാമകൃഷ്ണപുരം) അയ്യപ്പക്ഷേത്രത്തിൽ  ഒരു മാസത്തേക്ക് ജോലിക്ക് വരാമോ എന്ന് ചോദിച്ച് ഒരു അന്വേഷണം വരുന്നത്. ഒന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് പോയി അവിടെ അഞ്ചു പൂജയ്ക്കും പാട്ടുപാടണം സോപാനസംഗീതം തന്നെ. ശീവേലിക്കു മേളം വായിക്കണം.അവിടെ പോയി  എൻറെ പാട്ട് കേട്ടപ്പോൾ അവിടെ നിന്ന് പറഞ്ഞു ഇനി നാട്ടിലേക്ക് പോകേണ്ട ഇവിടെ ത്തന്നെ തുടരുക. പക്ഷേ എനിക്ക് എൻറെ നാടായിരുന്നു ഇഷ്ടമെങ്കിലും സാഹചര്യം എന്നെ അവിടെത്തന്നെ പിടിച്ചു നിർത്തി അന്ന് മാസം 4000 രൂപ കിട്ടുമായിരുന്നു അവിടുത്തെ കാലാവസ്ഥ മാത്രമായിരുന്നു എൻറെ പ്രശ്നം ചൂട് എങ്കിൽ കൊടും ചൂട് തണുപ്പെങ്കിൽ കൊടും തണുപ്പ്.
അവിടെ ഇരുന്ന കാലത്തും ഞാൻ ഹിന്ദുസ്ഥാനി സംഗീതം കുറച്ചു പഠിച്ചു അതും ജീവിതത്തിൽ ഒരു വഴിത്തിരിവായി. 


ഡൽഹിയിലെ ഞാനുള്ള ക്ഷേത്രത്തിൽ എങ്ങനെ എന്നാൽ അവിടുത്തെ തിരുമേനി കീർത്തനങ്ങൾ എഴുതും ഞാൻ പാടണം നടയടക്കുന്നതിന് തൊട്ടുമുമ്പാണ് എഴുതിയ കടലാസ് കയ്യിൽ തരുന്നത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് തന്നെ എനിക്കത് പാടാൻ കഴിഞ്ഞിരുന്നു. ആ സമയത്ത് ഏതെങ്കിലും രാഗം വരും പാടും . ഇത് തുടർന്നപ്പോൾപാട്ട് കേൾക്കാനായി ധാരാളം പേർ നിൽക്കാൻ തുടങ്ങി. 

 അവിടെ നിന്നാണ് സത്യത്തിൽ എൻറെ ജീവിതം മാറി തുടങ്ങിയത്

ഡൽഹിയിൽ അഞ്ചുവർഷം കഴിഞ്ഞു. സോപാനസംഗീതത്തിന്റെ  ഗുരു നാഥനായ വഴികാട്ടിയായ അമ്പലപ്പുഴ വിജയകുമാർ ഒരു നാൾ ഡൽഹിയിലെത്തി അവിടെവച്ച് എൻറെ പാട്ട് അദ്ദേഹം കേൾക്കുകയും ചെയ്തു.
അദ്ദേഹംഎന്നോട് പറഞ്ഞത്  നാട്ടിലേക്ക് വ രൂ ഇവിടെ ഒരിടത്ത് തന്നെ ഇങ്ങനെ നിൽക്കണ്ട ധാരാളം വേദികൾ ലഭിക്കും അദ്ദേഹത്തിൻറെ വാക്ക് വിശ്വസിച്ച് ഞാൻ നാട്ടിലെത്തിയെങ്കിലും തുടക്കത്തിൽ എനിക്ക് എവിടെയും ഉറച്ചുനിൽക്കാൻ പറ്റിയില്ല ഞാൻ യോഗ പഠിത്തവും പാട്ടുമായി തുടർന്നപ്പോൾ ഒരു ദിവസം ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എനിക്കൊരു ഫോൺ കോൾ  അവിടെ ഒരു ഒഴിവുണ്ട് ആദ്യം താൽപര്യം തോന്നിയില്ല കാരണം അമ്പലത്തിൽ പൂർണ്ണസമയം നിൽക്കാൻ താല്പര്യമില്ല എന്നതുതന്നെ രണ്ടാമത് അവിടെ ഇഷ്ടമില്ലാത്തത് കണ്ടാൽ പ്രതികരിക്കാതിരിക്കാനാവില്ല. 


 പിന്നെ മൂന്നാമത്തെ തവണയും ഫോൺ വന്നപ്പോൾ പോയി. ഒരു ദിവസം 100 രൂപയെ വരുമാനമുള്ളു. വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് വാടക കൊടുക്കാൻ തന്നെ തികയില്ല . എങ്കിലും ബുദ്ധിമുട്ടി പിടിച്ചുനിന്നു അവിടെ നിന്നാണ് സത്യത്തിൽ എൻറെ ജീവിതം മാറി തുടങ്ങിയത്. ഒരു ദിവസം രാത്രി ഒരു സ്വപ്നം കണ്ടു ചേരാനല്ലൂർ ഭഗവതി വെറ്റില മുറുക്കുന്നതായിട്ട് ആ സ്വദിച്ച് മുറുക്കുകയാണ്. അതിന്റെ രുചി എനിക്ക് അനുഭവിക്കാൻ കഴിയുന്നു. ഇതുവരെ ഞാൻ അങ്ങനെയുള്ള രീതിയിൽ സ്വപ്നം കണ്ടിട്ടില്ല ഞാൻ ഉണർന്ന് അടുത്ത ദിവസം അവിടെയുള്ള അമ്മമാരോട് ഈ കാര്യം പറഞ്ഞു ഇവിടെ തണ്ണീർ അമൃതേത്ത് എന്ന് ഒരു വഴിപാട് മുൻപ് ഉണ്ടായിരുന്നു. കരിക്ക്, പാൽ , കദളിപ്പഴം, വെറ്റില, അടയ്ക്ക, അപ്പം എന്നിവ നിവേദിക്കണം.

എവിടെപ്പോയാലും കാർത്ത്യായതി അമ്മയുടെ ഒരു കീർത്തനം പാടും

 പക്ഷേ കുറച്ചു വർഷങ്ങളായി അത് മുടങ്ങിക്കിടക്കുകയാണ് .അതാണ്എന്നിൽ സ്വപ്നമായി എത്തിയത്.  മുടങ്ങിയവഴിപാട് വീണ്ടും തുടങ്ങാം എന്ന് ഞാൻ പറഞ്ഞെങ്കിലും പലരും പേടിപ്പിച്ചു അങ്ങനെ മുടങ്ങിയാൽ ഭഗവതി മുടക്കി എന്ന് തന്നെ നമുക്ക് വിശ്വസിക്കാം എന്ന് ഞാൻ പറഞ്ഞു  തുടങ്ങാൻ തീരുമാനിച്ചു. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടെങ്കിലും സഹകരിക്കാൻ കുറച്ചുപേരെങ്കിലും കൂടെയുണ്ടായി ദൈവപ്രശ്നം വെച്ചപ്പോൾ ഈ സംഭവം തന്നെ പറഞ്ഞു ഉടനെ മാറ്റം വരും എന്നും .  അപ്പോൾ മുതൽഞാൻ എവിടെപ്പോയാലും കാർത്ത്യായതി അമ്മയുടെ ഒരു കീർത്തനം പാടും.  അമ്പലത്തിന് നേരെ എതിരെയുള്ള വീട്ടിൽ ഒരു കുടുംബം താമസിച്ചിരുന്നു അവിടുത്തെ ഹരിഗീത് എന്ന കുട്ടിയെ സോപാന സംഗീതം പഠിപ്പിക്കണം  കൂടാതെ ആ കുട്ടിയുടെ വല്യമ്മയുടെ രണ്ട് മക്കളായ കണ്ണനെയും ഉണ്ണിയെയും ഞാൻ അധ്യാപകൻ അല്ല എന്ന് പറഞ്ഞ് ആദ്യം ഒഴിവാക്കി. നിങ്ങൾ പാടുന്നത് പഠിപ്പിക്കു എന്ന് പറഞ്ഞ് അവർ വളരെയധികം പ്രോത്സാഹിപ്പിച്ചു അതായിരുന്നു എൻറെ ആദ്യത്തെ സോപാനസംഗീത ക്ലാസിലേക്കുള്ള വഴിത്തിരിവ്.

ചെമ്പട്ട്കെട്ടി എന്ന  പാലേരി മോഹനൻ എഴുതിയ പാട്ട്  ഹിറ്റായി

 അങ്ങനെ ഞാൻ മൂന്ന് കുട്ടികളുടെ അധ്യാപകനായി ആ വീട്ടുകാരുമായി ഞാൻ അടുത്തു അവർ പറഞ്ഞു നിങ്ങളുടെ പാട്ടുകൾ സി.ഡി ആക്കണം അന്നെനിക്ക് അതിന് കഴിയില്ലായിരുന്നു ആ വീട്ടിലെ മണിയേട്ടനും ദീപ ചേച്ചിയും മനോജും അനൂപും എല്ലാവരും കൂടി പണം സ്വരൂപിച്ച് സി ഡി ഇറക്കി 10 പാട്ട് റെക്കോർഡ് ചെയ്തു. അതിൽ ചെമ്പട്ട്കെട്ടി എന്ന  പാലേരി മോഹനൻ എഴുതിയ പാട്ട് വളരെ ഹിറ്റായി. അതിനുശേഷം ഞാൻ ചെമ്പട്ട് ബിജു എന്നാണ് കുറച്ചുകാലം അറിയപ്പെട്ടത്. അതെനിക്ക് വലിയ ഉയർച്ചയാണ് തന്നത്. ആ കുടുംബവുമായി ഞാൻ ഇപ്പോഴും വളരെ നല്ല ബന്ധത്തിലാണ്.  അമ്മ തന്നെ കാണിച്ചു തന്നതാണ് ഈ കുടുംബത്തെ എന്നാണ് ഞാൻ വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നത്. 



എല്ലാം അമ്മയുടെ അനുഗ്രഹം
അതുകഴിഞ്ഞ് ചന്ദ്രശേഖര എന്നൊരു ഗാനം യൂട്യൂബിൽ ഹിറ്റായി അതും മറ്റൊരു വഴിത്തിരിവായി. 2018 ൽ ഞാൻ അമ്പലത്തിൽ നിന്നും ഇറങ്ങി . ഇറങ്ങേണ്ടിവന്നു എന്നു പറയുന്നതാവും ശരി അതിനു കാരണം ഞാൻ ആ പദവിയിൽ നിൽക്കാൻ യോഗ്യനല്ല എന്നായിരുന്നു. അതായത് ഞാൻ അമ്പലവാസി അല്ലാത്തതുകൊണ്ട് തന്നെ എന്നെ സ്ഥിരപ്പെടുത്തിയില്ല ഞാൻ നായർ സമുദായത്തിൽ പെട്ട  ആളായിരുന്നല്ലോ കേസ് നടക്കുന്നതിനിടയിൽ എന്റെ പ്രായപരിധി കഴിഞ്ഞതോടുകൂടി എനിക്ക് പുറത്തിറങ്ങേണ്ടി വന്നു. അതിനുശേഷം എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല കാരണം  കാർത്യായനി അമ്മയുടെ അനുഗ്രഹം ഒന്നു കൊണ്ട് തന്നെ. അതിന് ശേഷം തുടർച്ചയായി പ്രോഗ്രാമുകൾ നടക്കുന്നു . കേരളത്തിൽ മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് ഒരുപാട് വേദികൾ സോപാനസംഗീതത്തിന് എനിക്ക്  ലഭിച്ചുകൊണ്ടിരിക്കുന്നു.

പൂർണ പിൻതുണയുമായി  ഭാര്യ 

നമ്മൾ കരുതുന്നതല്ല ഭഗവാൻ കരുതുന്നത് 2016 ൽ എന്റെ വിവാഹം കഴിഞ്ഞു. അതും ഒരു വഴിത്തിരിവായിരുന്നു .എൻറെ പാട്ടുകൾ കേട്ട് ഇഷ്ടപ്പെട്ട ഒരു കുടുംബത്തിലെ ദമ്പതികളാണ് അവരുടെ മകളെ എനിക്ക് വിവാഹം കഴിച്ചു തന്നത്.  ദൈവാനുഗ്രഹം എനിക്ക് എന്നും എപ്പോഴും ഉണ്ട് . കൊറോണക്കാലം എനിക്ക് ഒരുപാട് ശിഷ്യന്മാരെ നൽകി. അതിനോടൊപ്പം തന്നെ ചെറിയ ചാരിറ്റിക്കും രൂപം നൽകി. കാരണം അമ്മ നൽകിയ സൗഭാഗ്യത്തിൽ എനിക്ക് എന്നെക്കൊണ്ടാവുന്ന എന്തെങ്കിലും ചെയ്യണം. എന്റെ ഗുരുക്കന്മാരെ ഇന്നും ഞാൻ സ്മരിക്കുന്നു .ഇപ്പോൾ എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന മറ്റൊരു കാര്യം ഒരു തമിഴ് നാട് സ്വദേശി തനിക്ക് സോപാനസംഗീതം പഠിക്കണമെന്ന് പറഞ്ഞ് പഠിച്ച്  ഗുരുവായൂരിൽ അരങ്ങേറ്റം നടത്താൻ പോവുന്നതാണ്.



 ഉച്ചാരണത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആത്മാർത്ഥതയിലും ശ്രദ്ധയിലും ആണ് ഞാൻ മുൻതൂക്കം കൊടുത്തത്.  സ്നേഹ സോപാനം എന്ന ഗ്രൂപ്പ് ഇപ്പോൾ ഉണ്ട് പിന്നെ ഒരു ചെറിയ വീട് അവിടെ താമസിച്ച് സോപാന സംഗീതം പഠിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിട്ടുണ്ട്. ധാരാളം ശിഷ്യരേയും അതിലധികം വേദികളും കാർത്ത്യായനിഭഗവതി എനിക്ക് കനിഞ്ഞു നൽകിയിട്ടുണ്ട്. ഇനിയും ഭഗവതി എന്തൊക്കെ വഴിത്തിരിവുകൾ എനിക്ക് സമ്മാനിക്കും എന്ന് ഞാൻ കാത്തിരിക്കുകയാണ്. എല്ലാറ്റിനും പൂർണ പിൻതുണ നൽകിക്കൊണ്ട് ഭാര്യ അനവദ്യയും കൂടെയുണ്ട്.

തയ്യാറാക്കിയത് ഉമ ആനന്ദ് 

Leave A Comment