സിനിമ

ഇന്നസെന്റിന്റെ ആരോഗ്യനില: രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നെന്ന് ആശുപത്രി

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റ് ഗുരുതരാവസ്ഥയിൽ തുടരുന്നു. അത്യാഹിത വിഭാഗത്തില്‍ എക്മോ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ) സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാർച്ച് മൂന്നിനാണ് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇന്നസെന്റിന്റെ ആരോ​ഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആണ് ആശുപത്രി അധികൃതർ പുറത്തിറക്കിയത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നും ഇന്നസെന്റിന്റെ ആരോ​ഗ്യനില.  

മൂന്നാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്റിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യസ്ഥിതി മോശമായി. കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിനെതിരെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 

അതേസമയം, ഇന്നസെന്റിന്റെ ആരോ​ഗ്യസ്ഥിതിയെ സംബന്ധിച്ച പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.

1972-ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു.

2022ൽ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഈ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

Leave A Comment