സിനിമ

‘ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയത്’; നീലവെളിച്ചം പാട്ടു വിവാദത്തിൽ ആഷിഖ് അബു

കൊച്ചി: എംഎസ് ബാബുരാജ് സം​ഗീതം ചെയ്‌ത ‘ഭാർ​ഗവീനിലയം’ എന്ന സിനിമയിലെ ​ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതാണെന്ന് സംവിധായൻ ആഷിഖ് അബു. സിനിമയിലെ ​ഗാനങ്ങൾ റീമിക്‌സ് ചെയ്‌ത് ‘നീലവെളിച്ചം’ സിനിമയിൽ ഉപയോ​ഗിച്ചതിനെതിരെ എംഎസ് ബാബുരാജിന്റെ കുടുംബം സംവിധായകൻ ആഷിഖ് അബുവിനെതിരെ നോട്ടീസ് നൽകിയിരുന്നു. ​ഗാനങ്ങളുടെ പകർപ്പാവകാശത്തിൽ ഉൾപ്പെട്ടവർക്ക് പ്രതിഫലം നൽകി കരാറാക്കിയാണ് സിനിമയിൽ ഉപയോ​ഗിച്ചതെന്നും ആഷിഖ് അബു പ്രതികരിച്ചു. 

ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്‌സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽ നിന്നും പിൻവലിക്കണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. മന്ത്രി സജി ചെറിയാനും ബാബുരാജിന്റെ മകൻ എംഎസ് ജബ്ബാർ പരാതി നൽകി. തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭാർഗവീനിലയത്തിലെ പാട്ടുകൾ ആഷിഖ് അബുവിന്റെ സിനിമയ്ക്കു വേണ്ടി റീമിക്‌സ് ചെയ്തതെന്ന് ജബ്ബാർ ആരോപിച്ചു.  

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത് ബാബുരാജായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ബഷീറിന്റെ ഇതേ കഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ചം ഒരുങ്ങുന്നത്. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങളുമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താമസമെന്തേ വരുവാന്‍, അനുരാഗ മധുചഷകം എന്നീ ഗാനങ്ങളുടെ റീമിക്‌സ് പുറത്തുവന്നു. ബിജിബാലാണ് റീമിക്‌സ് പതിപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.

Leave A Comment