200 കോടിയും കടന്ന് 'ദ കേരള സ്റ്റോറി'
മുംബൈ: വിവാദചിത്രം "ദ കേരള സ്റ്റോറി' 200 കോടി ക്ലബിൽ ഇടംനേടി. റിലീസ് ചെയ്ത് 17 ദിവസത്തിനുള്ളിൽ ചിത്രം ബോക്സ് ഓഫീസിൽ 203.47 കോടി രൂപ നേടിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.
ഷാറൂഖ് ഖാന്റെ മെഗാഹിറ്റ് ചിത്രം പഠാന് പിന്നിൽ ഈ വർഷം ബോളിവുഡിൽ നിന്ന് ഏറ്റവുമധികം പണംവാരുന്ന ചിത്രമായി "കേരള സ്റ്റോറി' മാറുമെന്ന് നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു.
സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിപുൽ ഷാ നിർമിച്ച ചിത്രം മേയ് അഞ്ചിനാണ് റിലീസ് ചെയ്തത്. കേരളത്തിൽ വാഷ്ഔട്ടായ ചിത്രം ഉത്തരേന്ത്യയിൽ മികച്ച പ്രകടനമാണ് നടത്തിയത്.
കേരളത്തിൽ ആദ്യദിനം ചില മേഖലകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പിന്നീട് നിയമപോരാട്ടങ്ങളും പ്രതിഷേധവും ഉയർന്നതോടെ സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്നും തീയറ്ററുകൾ പിന്മാറുകയായിരുന്നു.
പശ്ചിമ ബംഗാളിലും ചിത്രത്തിന് വിലക്ക് ഏൽപ്പെടുത്തിയെങ്കിലും പിന്നീട് കോടതി ഉത്തരവിലൂടെ പ്രദർശനം നടത്തി. തമിഴ്നാട്ടിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമാണുണ്ടായിരുന്നത്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ചിത്രത്തെ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
Leave A Comment