തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി; നടന് ബാലയ്ക്കെതിരേ കേസ്
കൊച്ചി: യുട്യൂബര്‍ അജു അലക്സിന്റെ (ചെകുത്താന്) ഫ്ലാറ്റില്‍ അതിക്രമിച്ചുകയറി ഒപ്പം താമസിച്ചിരുന്നയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന് ബാലയടക്കം നാലുപേര്‍ക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു. അജുവിന്റെ സുഹൃത്തും ഇയാള്‍ക്കൊപ്പം താമസിച്ചുവരുന്നതുമായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അബ്ദുള്‍ ഖാദറിന്റെ പരാതിയിലാണ് നടപടി. കേസില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം ബാലയെ ചോദ്യം ചെയ്യും. പ്രതികളായ മറ്റു മൂന്നു പേരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഫ്ലാറ്റിലെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. തന്നെ വിമര്‍ശിച്ച് അജു ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ടാണ് ബാലയും സംഘവും ഉണിച്ചിറയിലെ ഫ്ലാറ്റിലെത്തിയത്. അജുവിനെ തിരക്കിയതിനു പിന്നാലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ തട്ടിത്തെറിപ്പിച്ചെന്നും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഹമ്മദ് അബ്ദുള്‍ പറഞ്ഞു. ഈസമയം അജു വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിനുശേഷം ഫ്ലാറ്റിലെത്തിയ അജുവിനൊപ്പം മുഹമ്മദ് തൃക്കാക്കര സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. യുട്യൂബ് ചാനല്‍ വഴി ഇരുവരും തന്നെയാണ് വാര്‍ത്ത പിന്നീട് പുറത്തുവിട്ടത്.
ആറാട്ടണ്ണന് എന്ന് സോഷ്യല്‍ മീഡിയയില്‍ വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെന്ന ആളുമായാണ് ബാല തന്റെ വീട്ടില്‍ വന്നതെന്നും ഒപ്പം താമസിക്കുന്നയാളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും അവിടെയുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരി എറിഞ്ഞ് തന്നെയും തന്റെ കൂടെ താമസിച്ചാല്‍ സുഹൃത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അജു അലക്സ് പറഞ്ഞു.
അതേസമയം, അജു അലക്സിന്റെ വീട്ടില്‍ പോയത് നിവൃത്തികേടുകൊണ്ടെന്ന് നടന് ബാല. താന്‍ ഉള്‍പ്പെടെയുള്ളവരെ മോശമായി പറയുന്ന ആളാണ് അജു. പണമുണ്ടാക്കാന്‍ യുട്യൂബില്‍ എന്തും പറയാമെന്ന അവസ്ഥയാണ്.
സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. തന്നേക്കുറിച്ചും പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള്‍ ഉപയോഗിക്കരുത്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഞാന്‍ ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വളരെ മോശമായി ഇയാള്‍ സംസാരിച്ചപ്പോള്‍ മനസ് തകര്‍ന്നുപോയി. വീട് തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചുവെന്നാണ് അജു പറയുന്നത്. എന്നാല്‍ തല്ലിപ്പൊളിച്ചോ? 56 പടങ്ങളില്‍ അഭിനയിച്ച ഒരാള്‍ ചെന്ന് കാര്യം പറയുമ്പോള്‍ അതിന്റെ ബഹുമാനം തരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നെ ഗുണ്ടയാക്കുമെന്ന് കരുതിയില്ല.അതേസമയം അജുവിനെതിരേ താന്‍ പരാതി നല്‍കില്ലെന്നും ബാല പറഞ്ഞു.
Leave A Comment