സിനിമ

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി

ഗുരുവായൂർ: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ് വരന്‍. ഗുരുവായൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.

ചുവന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു മാളവിക. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജയറാമിന്റേയും പാര്‍വതിയുടേയും മൂത്ത മകനും നടനുമായ കാളിദാസും വിവാഹത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു. വിവാഹനുബന്ധ വിരുന്ന് പരിപാടികൾ തൃശൂരിലെ ആഡംബര ഹോട്ടലിൽ ആണ്. 

മുഖ്യമന്ത്രി പിണറായി വിജയനടക്കം വൻ വിഐപികൾ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വ്യാഴാഴ്ച വൈകീട്ട് വന്ദേഭാരതിലാണ് തൃശൂരിലെത്തിയത്.  മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതാക്കളും കമൽഹാസൻ അടക്കം തമിഴ്, കന്നടയിലെയും സിനിമാ മേഖലയിലുള്ളവരും പങ്കെടുക്കുന്നുണ്ട്.  കേരളത്തിലെയും തമിഴ്നാട്ടിലെയും സിനിമാ-രാഷ്ട്രീയ രംഗത്തുള്ളവരും എത്തുന്നതിനാൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തൃശൂരിലും ഗുരുവായൂരിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Leave A Comment