സിനിമ

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

കൊച്ചി: സിനിമ റിവ്യൂ ബോംബിങ്ങിനെതിരെ പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ റിവ്യൂവിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് പരാതി. ഈ സിനിമയുടെ നിര്‍മാതാവാണ് സിയാദ് കോക്കര്‍. അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് 'ആരോമലിന്റെ ആദ്യത്തെ പ്രണയം' സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.

അരുണ്‍ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. മെയ് 10ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Leave A Comment