മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു മുനീർ പരാതി നൽകി
കൊച്ചി: ലൈംഗികാതിക്രമത്തിൽ നടി മിനു മുനീർ ഏഴ് പേർക്കെതിരെ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയിൽ മുഖേനയാണ് പരാതി നൽകിയത്. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, കാസ്റ്റിങ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കണ്‍ട്രോളർ നോബിൾ, ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് മിനു മുനീർ പരാതി നൽകിയത്. അന്വേഷണ സംഘം ഫോണിൽ സംസാരിച്ചിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ടെന്നും മിനു പറഞ്ഞു.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനി പറഞ്ഞു. അപ്രതീക്ഷിതമായി പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചത്. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. കലണ്ടർ സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നും മിനി പറഞ്ഞു. താൻ എതിർത്തതിന്‍റെ പേരിൽ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ ഇടവേള ബാബു ഫ്ലാറ്റിലേക്ക് വിളിച്ചെന്നും മോശമായി പെരുമാറിയെന്നും മിനു പറഞ്ഞു. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി. മിനു അഭിനയിച്ച 'ശുദ്ധരില്‍ ശുദ്ധന്‍' എന്ന സിനിമയുടെ നിര്‍മാതാവിന് തന്നെ കാഴ്ച വയ്ക്കാന്‍ ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരന്‍ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ധൈര്യം നൽകിയെന്ന് മിനു മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏതെങ്കിലും സ്ത്രീകൾ ആക്രമിക്കപ്പെട്ടുവെങ്കിൽ ധൈര്യമായി മുന്നോട്ടുവന്ന് പരാതി പറയാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ കേട്ടപ്പോൾ ആത്മവിശ്വാസം തോന്നിയെന്നും മിനു പറഞ്ഞു.
Leave A Comment