സിനിമ

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു? വിവാഹം ഗോവയിലെന്ന് റിപ്പോർട്ട്

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് സൂചന. 15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍ എന്നാണ് റിപ്പോർട്ട്. ഡിസംബര്‍ മാസത്തില്‍ വിവാഹം നടക്കും. ഡിസംബര്‍ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം.

ഇവര്‍ പരിചയത്തിലാകുന്നത് കീര്‍ത്തി ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്. ഈ സമയം കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഇപ്പോള്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായി ആണ് ആന്റണി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇരുവരും ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

താന്‍ പ്രണയത്തിലാണെന്ന് മുന്‍പ് ഒരു അഭിമുഖത്തിനിടെ കീര്‍ത്തി പറഞ്ഞിരുന്നു. താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. അതേസമയം ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീര്‍ത്തി. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയായിരുന്നു കീര്‍ത്തിയുടെ സിനിമാ അരങ്ങേറ്റം.

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം തുടക്കം കുറിച്ച കീര്‍ത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രം കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീര്‍ത്തി നേടി.

2023ല്‍, തന്റെ സുഹൃത്തിനെ കാമുകന്‍ എന്ന് സൂചിപ്പിച്ച വന്ന റിപ്പോര്‍ട്ടിന് എതിരെ കീര്‍ത്തി രംഗത്ത് വന്നിരുന്നു. 'ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു അപ്പോള്‍ കീര്‍ത്തി നല്‍കിയ പ്രതികരണം.

Leave A Comment