സിനിമ

ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്ന് പ്രേംകുമാർ

കൊച്ചി: ടെലിവിഷനിൽ ഉൾപ്പെടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം ചെയ്യുന്നത്. അ‌ത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അ‌പചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ​സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌ദ്ദേഹം.അ‌തേസമയം, എല്ലാ സീരിയലുകളെയും അ‌ടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. 'കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അ‌തിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അ‌ന്നന്ന് ഷൂട്ട് ചെയ്യുന്നത് അ‌തേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അ‌​തിനിടെ സെൻസറിങ്ങിന് സമയമില്ല.'

 'ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അ‌ങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല ​കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം' -പ്രേംകുമാർ വ്യക്തമാക്കി.

വനിതാ കമ്മിഷനും സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. മെഗാ സീരിയലുകൾക്ക് പകരം 20-30 എപ്പിസോഡുകളുള്ള സീരിയലുകൾ മതിയെന്നും ഒരു ചാനലിൽ ദിവസം രണ്ട് സീരിയലുകളേ അ‌നുവദിക്കാവൂ എന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.

Leave A Comment