സിനിമ

'എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു, വീട്ടിൽ പൂട്ടിയിട്ടു', ആമിർഖാനെതിരെ ഗുരുതര ആരോപണവുമായി സഹോദരൻ

നടൻ ആമിര്‍ ഖാനെതിരെ ​ഗുരുത ആരോപണവുമായി സഹോദരനും നടനുമായ ഫൈസല്‍ ഖാന്‍. തന്നെ മാനസിക രോ​ഗിയാക്കി ചിത്രീകരിച്ചെന്നും വീട്ടു തടങ്കലിലാക്കിയെന്നുമാണ് ഫൈസല്‍ ആരോപിച്ചത്.തന്റെ മേലുള്ള അധികാരം നേടിയെടുക്കാന്‍ ആമിര്‍ ശ്രമിച്ചു. അവസാനം ഭ്രാന്തില്ലെന്നു തെളിയിക്കാന്‍ കോടതിയില്‍ പോകേണ്ടതായി വന്നെന്നും ഫൈസല്‍ പറഞ്ഞു.

‘ജീവിതത്തില്‍ ഞാന്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. ഒരു ദിവസം ആമിര്‍ വിളിച്ചിട്ടു പറഞ്ഞു എനിക്ക് ഭ്രാന്തായതിനാല്‍ സ്വന്തം കാര്യം നോക്കാന്‍ ആകില്ലെന്നും അതിനാല്‍ എന്റെ സിഗ്നേറ്ററി റൈറ്റ്‌സ് (വ്യക്തിഗത അവകാശം) അദ്ദേഹത്തിനു നല്‍കണമെന്ന്. അതിനാല്‍ ഒരു ജഡ്ജിനു മുന്നില്‍ തനിക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാനുള്ള കഴിവില്ലാത്തവനാണെന്നു പറയണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്.- ഫൈസല്‍ പറഞ്ഞു.

എന്നെ ഭ്രാന്തനായി ചിത്രീകരിച്ചതിനാല്‍ കുടുംബത്തോട് ഞാന്‍ അകലം പാലിച്ചു. അവര്‍ എന്നെ വീട്ടു തടങ്കലിലാക്കി. മരുന്നു തരാന്‍ തുടങ്ങി. എന്റെ ഫോണ്‍ എടുത്തുമാറ്റി. ആമിര്‍ സാഹിബ് എന്നെ നോക്കാനായി കാവല്‍ക്കാരെ നിര്‍ത്തി. ലോകത്തില്‍ നിന്ന് പൂര്‍ണമായി ഞാന്‍ മുറിച്ചുമാറ്റപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ പ്രതിഷേധിച്ചു.

ഞാന്‍ വീടു ഉപേക്ഷിച്ചു. പൊലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് പോയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനായി. അവസാനം ഞാന്‍ ജയിച്ചു. മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധിപറഞ്ഞു. പിതാവാണ് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. എന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ആമിര്‍ കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയായ എന്നെ നോക്കാന്‍ എനിക്കറിയാമെന്ന് കോടതിയോട് പറഞ്ഞു. കോടതി ഈ വാദം അംഗീകരിച്ചു.- ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ ആമിര്‍ തന്റെ കസ്റ്റഡി ആവശ്യപ്പെട്ടു. ആ സമയത്ത് തന്റെ അച്ഛനാണ് തന്നെ പിന്തുണച്ചത്. തനിക്ക് 18 വയസിനു മുകളില്‍ പ്രായമുണ്ടായിരുന്നെന്നും തന്നെ നോക്കാന്‍ തനിക്കാവുമായിരുന്നെന്നും ഫൈസല്‍ പറഞ്ഞു. ആമിര്‍ ഖാനും ട്വിങ്കിള്‍ ഖന്നയും പ്രധാന കഥാപാത്രങ്ങളായി എത്തി 2000ല്‍ പുറത്തിറങ്ങിയ മേളയിലെ ശങ്കര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഫൈസല്‍ ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത്.

Leave A Comment