സിനിമ

നടൻ രവീന്ദ്ര മഹാജനി മരിച്ച നിലയിൽ

പുന്നൈ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനിയെ  (74) വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നൈയിലെ തലേഗാവ് ദബാഡെയിൽ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയൽവാസികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം പുറത്തറിയുന്നത്. എട്ട് മാസം മുന്‍പാണ് മുംബൈയില്‍ നിന്ന് പുന്നൈയിലേക്ക് താമസം മാറിയത്. അദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. സീരിയല്‍ നടന്‍ ഗഷ്മീര്‍ മഹാജനിയാണ് മകന്‍. 

വെള്ളിയാഴ്ച മഹാജനിയുടെ ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. തലേഗാവ് പൊലീസെത്തി വാതില്‍ തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്. മരിച്ചിട്ട് രണ്ടോ-മൂന്നോ ദിവസമായെന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. 70-80 കാലഘട്ടങ്ങളില്‍ മറാത്തി സിനിമയില്‍ നിറഞ്ഞു നിന്ന താരത്തെ മറാത്തി സിനിമയിലെ വിനോദ് ഖന്ന എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ദുനിയാ കാരി സലാം' (1979), 'മുംബൈ ചാ ഫൗസ്ദാർ' (1984), 'സൂഞ്ച്' (1989), 'കലത് നകലത്' (1990), 'ആറാം ഹറാം ആഹേ' തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. അദ്ദേഹം അഭിനയിച്ച 'ലക്ഷ്മി ചി പാവലെ' എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്. 2015ൽ 'കേ റാവു തുംഹി' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

Leave A Comment