സിനിമ

നടി ഹന്‍സിക മോത്വാവാനി വിവാഹിതയായി; പല്ലക്കിലേറി വിവാഹവേദിയിലേക്ക് താരസുന്ദരി,

ജയ്പൂർ :നടി ഹന്‍സിക മോത്വാവാനി വിവാഹിതയായി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേല്‍ കതുരിയയാണ് വരന്‍.ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച്‌ ഞായറാഴ്ചയാണ് വിവാഹം നടന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. പരമ്പരാഗത രാജസ്ഥാനി രീതിയിലായിരുന്നു വിവാഹം. ഗോള്‍ഡന്‍ വര്‍ക്കോടു കൂടിയ ചുവന്ന ലെഹങ്കയായിരുന്നു ഹന്‍സികയുടെ വേഷം. ഷര്‍വാണിയാണ് സോഹേല്‍ ധരിച്ചത്. പല്ലക്കിലേറിയാണ് ഹന്‍സിക വിവാഹ വേദിയില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിവാഹചിത്രങ്ങള്‍.


ഒരാഴ്ച നീണ്ടു നില്‍ക്കുന്നതായിരുന്നു വിവാഹ ആഘോഷം. വ്യാഴാഴ്ചയായിരുന്നു ചടങ്ങുകള്‍ക്ക് വേണ്ടി നടിയും കുടുംബവും മുംബൈയില്‍ നിന്നും തിരിച്ചത്. ഒരാഴ്ചയോളമായി വിവാഹത്തിരക്കിലാണ് ഹന്‍സിക. കഴിഞ്ഞ വാരം മുംബൈയിലെ മാതാ കി ചൗക്കിയില്‍ വച്ച്‌ ആരംഭിച്ചതാണ് ആഘോഷങ്ങള്‍. വെളളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.


രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പില്‍ വച്ച്‌ സുഹൈല്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രവും ഹന്‍സിക പങ്കുവച്ചിരുന്നു.


ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ഗയ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സിക സിനിമയിലേക്ക് എത്തുന്നത്. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടു. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയയാണ്.

Leave A Comment