നാമാവശേഷമായ നെടുംകോട്ട
ചരിത്ര ഗതി വിഗതികളെ നിയന്ത്രിച്ചിരുന്ന നെടുങ്കോട്ട ഒരോർമ്മ മാത്രം. ഒരു രാജ്യത്തിൻറെ നിലനിൽപ്പിനായി അധ്വാനത്തിലൂടെയും വേദനയുടെയും കരുപ്പിടിപ്പിച്ച ഈ വാൻ മതിലിന്റെ കഥ പഴമക്കാരായ മാളക്കാരുടെ മനസ്സിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു.അറബിക്കടലിന്റെ തീരം മുതൽ പശ്ചിമഘട്ടം വരെയുണ്ടായിരുന്ന നെടുങ്കോട്ടയുടെ ദൈർഘ്യം 56 കിലോമീറ്ററായിരുന്നു. ചരിത്രത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ വൻ കോട്ട കേരളത്തെ പകുതിയായി മുറിച്ചു കിടന്നു. ആയതിന്റെ പ്രമുഖ സ്ഥാനങ്ങൾ മാളയിലായിരുന്നു.

അന്ന് ഐക്യ കേരളം നിലവിൽ വന്നിട്ടില്ല. വൈപ്പിൻ കരയിൽ നിന്ന് തുടങ്ങി കിഴക്കോട്ട് കിടന്നിരുന്ന നെടുങ്കോട്ട ചേന്ദമംഗലം ആറിന്റെ കരയിലെത്തി മറുകരയിൽ നിന്ന് പുനരാരംഭിച്ച് ചാലക്കുടി പുഴയുടെ തീരമായ സമ്പാളൂരിലും അവിടെ നിന്ന് ആനമലയിലെത്തി അവസാനിക്കുന്നതായിരുന്നു ഈ വൻ മതിൽ. നെടുങ്കോട്ടയുടെ വടക്കു ഭാഗത്തുകൂടി മാത്രമേ ആക്രമണകാരികൾക്ക് സമീപിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. നെടുങ്കോട്ടക്കു സമാന്തരമായി എട്ടു മീറ്റർ താഴ്ചയും ആറു മീറ്റർ വീതിയുമുള്ള കിടങ്ങുകളും ഇതിനു മുകളിൽ . മുളങ്കാടുകളും മുൾപ്പടർപ്പുകളുമുണ്ടായിരുന്നു. നിരവധി കൊത്തളങ്ങമുൾക്കൊണ്ട കോട്ട തിരയോടു ചേർന്ന് വെടി മരുന്ന് കലവറകളും പട്ടാള ക്യാമ്പും സൈന്യത്തിന് ശുദ്ധ ജലം ലഭിക്കാൻ കിണറുകളുമുണ്ടായിരുന്നു. നെടുങ്കോട്ട മണ്ണു കൊണ്ടാണ് നിർമ്മിച്ചിരുന്നത് . സാമൂതിരി മഹാരാജാവിന്റെയും ടിപ്പു സുൽത്താന്റെയും അക്രമത്തെ തടയാനാണ് നെടുങ്കോട്ട സ്ഥാപിച്ചത്.
ടിപ്പുവിന്‍റെ പടയോട്ടത്തിന് തടയിടാന്‍
സാമൂതിരിയും പോർച്ചുഗീസുകാരും അവർക്കു വേണ്ടി നില നിന്ന വിവിധ നാടുവാഴികളും പടനായകന്മാരും പഴങ്കഥയിൽ കഥാപാത്രങ്ങളാണ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മൈസൂർ നവാബായിരുന്ന ഹൈദരാലിയുടെ മകൻ ടിപ്പു സുൽത്താനും സാമ്രാജ്യ മോഹങ്ങളോടെ കേരളത്തിലേക്ക് പട നയിച്ചത്.

ഈ പടയോട്ടം വടക്കൻ കേരളത്തിൽ നിന്നാണ് ആരംഭിച്ചത്. ഇത് തടയേണ്ടത് കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും ഭരണാധികാരികളുടെയും നിലനിൽപ്പിന്റെ ആവശ്യവും രാഷ്ട്രീയ നിയോഗവുമായിരുന്നു. തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജ എന്ന് കൂടി അറിയപ്പെട്ടിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയായിരുന്നു നെടുങ്കോട്ടയുടെ നിർമ്മാണത്തിനായി മുൻകയ്യെടുത്തത്. യൂസ്റ്റേഘസ് ഡെനഡക്ട് ഡിലനോയ് ആണ് രൂപരേഖ തയാറാക്കിയത്. കൊച്ചി രാജ്യം ചെലവ് വഹിച്ചു.
നെടുങ്കോട്ട കൊച്ചിയിലായിരുന്നെങ്കിലും ട്രാവൻകൂർ ലൈൻസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കോട്ടക്കു ചിലയിടങ്ങളിൽ മുപ്പത് അടിയും സ്ഥലങ്ങളുടെ കിടപ്പനുസരിച്ച് നാൽപ്പത് മുതൽ അൻപത് അടി വരെ ഉയരം ഉണ്ടായിരുന്നു. അക്രമകാരികളുടെ ദൗത്യം എളുപ്പമാകരുതെന്ന് നിർമ്മാതാക്കൾ ഉറപ്പു വരുത്തിയിരുന്നു.
കൂടിയാലോചന അന്നമനടയിൽ വച്ച്
കൊച്ചി രാജ്യത്ത് നെടുങ്കോട്ട പണിയുമ്പോൾ കൊച്ചി രാജാവിന്റെ അനുമതിയും കൂടി വേണമെന്നതിനാലാകണം 1761 ജൂൺ നാലാം തിയതി കൊച്ചി ,തിരുവിതാംകൂർ, തമ്പുരാക്കന്മാർ അന്നമനടയിൽ വച്ച് കൂടിയാലോചന നടത്തിയതും ചില നിശ്ചയങ്ങളിൽ എത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദിവാൻ മാർത്താണ്ഡപ്പിള്ളയും കൊച്ചിയിലെ മന്ത്രിയായിരുന്ന കോമച്ചാനും കൂടി കോട്ടയുടെ നിർമ്മാണ നേതൃത്വം ഏറ്റെടുത്തതെന്ന് പറയപ്പെടുന്നു. നെടുങ്കോട്ടക്കായി മണ്ണെടുത്ത സ്ഥലങ്ങൾ തന്നെ ശത്രുവിനെ പ്രതിരോധിക്കാനുള്ള കിടങ്ങുകളായി രൂപപ്പെടുത്തുകയും ചെയ്തു.

കോഴിക്കോട്,പാലക്കാട്, കൊച്ചി വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കൂട്ട് ചർച്ചകളിൽ ഇ മിംഗ്ലിഷുകാരും സാമൂതിരിയും വിവിധ നാട്ടു രാജാക്കന്മാരും പടനായകരും പങ്കു ചേർന്നിരുന്നു. ടിപ്പു സുൽത്താൻ 1789 ഡിസംബർ പതിനാലാം തിയതി തൃശൂരിൽ എത്തിച്ചേർന്നത് തിരുവിതാംകൂർ ആക്രമണ ലക്ഷ്യത്തെ വച്ചു കൊണ്ടാണ്. എന്നാൽ നെടുങ്കോട്ട തന്നെയായിരുന്നു പ്രധാന തടസ്സം. തിരുവിതാംകൂർ പട്ടാളം കൊച്ചി പ്രദേശത്ത് ചെറുത്തു നിൽപ്പിന്റെ സന്നാഹങ്ങളുമൊരുക്കി.
നടന്നത് ഭീകര താണ്ഡവം
ടിപ്പു സുൽത്താൻ 1789 ഡിസംബർ 28 ആം തിയതി രാത്രി പത്ത് മണിക്ക് പതിനാലായിരം കാലാൾ പടയോടും അഞ്ഞൂറോളം വഴിപ്പണിക്കാരോടും കൂടി മാളക്കടുത്തുള്ള കോട്ട വാതിലിലൂടെ നെടുങ്കോട്ട തകർത്ത് സർവ്വ സന്നാഹങ്ങളോടെ അകത്ത് പ്രവേശിച്ചു. തിരുവിതാംകൂർ പട്ടാളം ഭയവിഹ്വലരായി കൊത്തളങ്ങൾ ഒഴിഞ്ഞു പിൻവാങ്ങി. ഈ അവസരത്തിലാണ് സമ്പാളൂർ ദേവാലയവും സെമിനാരിയും അച്ചുകൂടവുമെല്ലാം ടിപ്പു തകർത്തത്.
ക്രിസ്ത്യൻ സമുദായത്തോട് ടിപ്പുവിന് കനത്ത അമർഷം ഉണ്ടായിരുന്നു. പള്ളികളും ക്ഷേത്രങ്ങളും എല്ലാം തീവച്ചോ പൊളിച്ച് നിരത്തിയോ നശിപ്പിച്ച് കളയുവാൻ ടിപ്പു ആജ്ഞാപിച്ചു. യുദ്ധക്കൊതിയനായ ടിപ്പു സുൽത്താൻ തന്റെ പിതാവായ ഹൈദരാലിയുടെ മരണത്തെ തുടർന്നാണ് മൈസൂർ രാജാവായത്. ഇദ്ദേഹത്തിന്റെ ജനനം 1750 നവംബർ പത്തിനായിരുന്നുവെന്ന് കരുതുന്നു.ടിപ്പു പതിനഞ്ചാം വയസ്സ് മുതൽ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. ടിപ്പുവും സംഘവും 1788 ജനുവരിയിൽ താമരശ്ശേരി ചുരം വഴിയാണ് കേരളത്തിൽ എത്തിയത്.

തൃശൂരിൽ നിന്നും ശക്തൻ തമ്പുരാൻ നേരിട്ട് പാലക്കാട്ടെത്തി ടിപ്പുവുമായി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. അറക്കൽ രാജവംശത്തിന്റെ അധികാര വനിതയായിരുന്ന ബീവിയുമായി ടിപ്പു നേരത്തെ ചില ഉടമ്പടികൾ ഉണ്ടാക്കിയിരുന്നു.ബീവിയുടെ സഹായത്തോടെ മലബാർ പ്രദേശം മുഴുവനായും ടിപ്പു അക്രമിച്ചും സന്ധിയുണ്ടാക്കിയും കീഴടക്കി.
സമ്പാളൂർ കീഴടക്കിയ ശേഷം തിരുവിതാംകൂർ സൈന്യങ്ങളുടെ വിരോധം ക്രമത്തിൽ ബലപ്പെട്ട് കൊണ്ടിരുന്നു. ഒരു പീരങ്കി പ്രയോഗത്തിലൂടെ ടിപ്പു പടക്കെതിരെ കഠിന പ്രയോഗങ്ങൾ നടത്തുകയും സേനാമുഖത്തിനു കനത്ത നാശം വരുത്തുകയും ചെയ്തു. തത്സമയം ഒളിവിൽ പാർത്തിരുന്ന തിരുവിതാംകൂറിന്റെ ഇരുപത് ഭടന്മാർ ശത്രു സൈന്യത്തെ പാർശ്വ ഭാഗത്ത് ആക്രമിച്ച് കഠിനമായ തോതിൽ വെടിവെപ്പ് തുടങ്ങി. ഒരു സേനാ നായകനെ കൊല്ലുകയും ചെയ്തു.ടിപ്പു തന്റെ സേനയെ ക്രമപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും സുൽത്താൻ തന്നെ ഒറ്റപ്പെട്ട് അകലെയായിപ്പോയി.
നെടുങ്കോട്ടയെന്ന ഹലാക്കിന്‍റെ കോട്ട
ഇതെല്ലം മാളയിലെ പ്രാന്ത പ്രദേശങ്ങളിലാണ് സംഭവിച്ചത്.കൊല്ലപ്പെട്ട സേനാധിപതിയെ കൊമ്പാടിഞ്ഞാമാ ക്കലിലാണ് അടക്കം ചെയ്തിട്ടുള്ളത്.
കോട്ടവാതിലുകളിലൂടെ രക്ഷപ്പെടുന്നതിനായി തിക്കിത്തിരക്കി ഓടിയ ടിപ്പു സൈന്യം കിടങ്ങിൽ ചാടി രക്ഷപ്പെടുവാനാണ് ശ്രമിച്ചത്.കിടങ്ങിൽപ്പെട്ട് ഞെരുങ്ങി ശ്വാസം മുട്ടി അനേകം പേർ മരണമടഞ്ഞു. രണ്ടായിരത്തോളം മൃത ദേഹങ്ങൾ കിടങ്ങിലിട്ട് നിർത്തി മണ്ണിട്ട് മൂടിയിട്ടു. ബാക്കിയുള്ള ടിപ്പുസൈന്യം രക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും സുൽത്താനടക്കം കിടങ്ങിൽ തന്നെ വീണു മരിച്ചു.

മാരകമായ നാശത്തിന് വഴിയൊരുക്കിയ നെടുങ്കോട്ടയെ ഹലാക്കിന്റെ കോട്ട എന്നാണ് ടിപ്പു വിശേഷിപ്പിച്ചത്.മൈസൂർ പട്ടാളം പിൻ വാങ്ങിയപ്പോൾ തിരുവിതാം കൂറിന്റെ അധീനതയിലായിൽതീർന്നു നെടുങ്കോട്ട. കോട്ടയുടെ മിക്ക ഭാഗങ്ങളും ടിപ്പുവിന്റെ സൈന്യം തകർക്കുകയും ബ്രിട്ടീഷ് സൈന്യം ശ്രീരംഗപട്ടണം ആക്രമിച്ചതായി വാർത്ത പരന്നപ്പോൾ ആലുവ വഴി മടങ്ങുകയും ചെയ്തു. നെടുങ്കോട്ട ,ആലങ്ങാട്, പറവൂർ, എന്നിവ കൊച്ചിക്കു അവകാശപ്പെട്ടതാണെന്ന് ശക്തൻ തമ്പുരാൻ പറഞ്ഞുവെങ്കിലും ബ്രിട്ടീഷ് സർക്കാർ അത് അംഗീകരിച്ചില്ല.
ചരിത്രത്തില്‍ മറഞ്ഞുപോയ നെടുംകോട്ട
ടിപ്പുവിന്റെ പരാജയം 1790 ജനുവരി ഒന്നിനായിരുന്നു.ശ്രീരംഗ പട്ടണത്ത് 1792 ഫെബ്രുവരി 22 നും മാർച്ച് 18 നും വച്ചുണ്ടായ കരാർ പ്രകാരം ടിപ്പുവിന് മലബാറിൽ ഉണ്ടായിരുന്ന ആധിപത്യം ബ്രിട്ടീഷുകാർക്ക് നൽകേണ്ടി വന്നു. ശ്രീരംഗ പട്ടണത്തിന്റെ 1799 ൽ ഇഗ്ലീഷുകാരുമായിട്ടുണ്ടായ അതിഘോരമായ യുദ്ധത്തോടെ ടിപ്പുവിന്റെ സാമ്രാജ്യ മോഹങ്ങൾ അസ്തമിച്ചു. ഒരു വീരനായകന്റെ അന്ത്യം ബ്രിട്ടീ ഷുകാരാൽ സംഭവിക്കുകയും ചെയ്തു.

ഒരു ജനതയുടെ യുദ്ധ വൈദഗ്ധ്യത്തിന്റെ സാക്ഷ്യമായിരുന്ന നെടുങ്കോട്ട ഒരു തരി മണ്ണില്ലാത്ത പോലെ നാമാവശേഷമായി. അവശേഷിപ്പുകളിൽ പലതും ഇടിച്ച് നിരത്തി കയ്യേറി അനേകം പേർ വീട് വച്ചു . ആർക്കും ഒരു പരിഭവവുമില്ലാതെ റോഡ് ഗതാഗതത്തിനും മറ്റുമായി കോട്ടയും ഗുഹകളും നശിപ്പിക്കുകയായിരുന്നു. മാളക്കടുത്ത കോട്ടപ്പുറം, കൃഷ്ണൻകോട്ട, കോട്ടമുറി, കോട്ടക്കൽ, കോട്ടവാതിൽ വട്ടക്കോട്ട, എന്നീ സ്ഥലങ്ങൾ ചെറുത്തു നിൽപ്പിന്റെ വിസ്തൃതിയിലാഴ്ന്ന നെടുങ്കോട്ട നൽകുന്ന സ്മർത്തവ്യങ്ങളാണ്
Leave A Comment