അഴകിന്റെ പൂരവർണങ്ങൾ
വാൽക്കണ്ണാടി
ചരിത്രവും ചൈതന്യവും ചാലിട്ടൊഴുകുന്ന കണ്ടും കേട്ടും കൊതി തീരാത്ത കാത്തിരിപ്പിന്റെ പൂരം കൺ മുന്നിലെത്തി. ശക്തൻ തമ്പുരാൻ നമുക്ക് പകർന്ന പ്രൗഡിയും പെരുമയുമുള്ള പൂരം. പൂരങ്ങളുടെ പൊടി പൂരമായ തൃശൂർ പൂരം. സർവ്വൈശ്യര്യങ്ങളുടെയും സാക്ഷിയായ വടക്കും നാഥന്റെ വിശുദ്ധി വഴിഞ്ഞൊഴുകുന്ന വിശാല വീഥികളിൽ വൈവിധ്യവും വൈശിഷ്ട്യവുമാർന്ന വർണ്ണക്കാഴ്ചകളുടെയും വാദ്യ വിശേഷങ്ങളുടെയും വിസ്മയങ്ങൾ വിരിയും.
പാവനവും പ്രസിദ്ധവുമായ പൂര പറമ്പിൽ വെന്തുരുകുന്ന വേനലിന്റെ രാപകലിലൂടെ ആരവവും ആസ്വാദ്യവുമായി അലകൾ ഉയർത്തുന്ന ആഘോഷങ്ങൾ അരങ്ങു തകർക്കും. മഹത്തായ ദേവോത്സവത്തിന്റെ ഭക്തി സാന്ദ്രമായ മഹാ സമുദ്രത്തിൽ മനുഷ്യ മനസുകൾ മദിച്ച് മുങ്ങിത്താഴും.
പൂമഴ പോലെ പെയ്തിറങ്ങുന്ന പഞ്ചവാദ്യം
പൂരത്തിന്റെ പുലരി പൊട്ടി വിടർന്നാൽ കണിമംഗലം ശാസ്താവിന്റെ പുറപ്പാട്. ബ്രഹ്മസ്വാം മഠത്തിലേക്ക് തിരുവമ്പാടി ദേവിയുടെ എഴുന്നള്ളിപ്പ്, ഗജവീരന്മാരും പാണ്ടിമേളവും അകമ്പടി, വഴിയോരങ്ങളിൽ നിറപറയും നിലവിളക്കവുമായി ദേവിക്ക് ഭക്തരുടെ വണക്കം, അതെ, ആളുകളുടെ ആനകളുടെ മേളങ്ങളുടെ പൂരത്തിന് ആരവമായി. പൂര പ്രേമികളായ പുരുഷാരത്തിന്റെ വരവായി.
വടക്കും നാഥനെ ദർശിക്കാൻ ചെറു പൂരങ്ങളെല്ലാം ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളും. തിരുവമ്പാടി ഭഗവതിക്ക് ഇനി ഇറക്കി പൂജ, പിന്നെ പൂരത്തിന്റെ മഹത്വത്തിന് മാറ്റു കൂട്ടുന്ന മഠത്തിൽ വരവ്, മഹാദേവിയെ മഠത്തിലെ പൂപ്പന്തലിൽ നിന്ന് എഴുന്നള്ളിച്ച് ഉച്ച വെയിലിനെ വെണ്ണിലാവാക്കി മന്ദം മന്ദം നായ്ക്കനാലിലേക്ക് നയിക്കുന്നു. ഒപ്പം ഓംകാരത്തിന്റെ സ്വര മാധുര്യത്തിന് മൂർധന്യമായി നെഞ്ചലിയിക്കുന്ന പഞ്ചവാദ്യം പൂമഴ പോലെ പെയ്തിറങ്ങുന്നു.
ഇലഞ്ഞിത്തറയിലെ പാണ്ടി മേളം
പ്രൗഢി പ്രഭാവവും പ്രോജ്വലിക്കുന്ന പാറമേക്കാവ് ഭഗവതി ഉച്ചക്ക് ഗജവീരന്മാരുടെ അകമ്പടിയോടെ പുറപ്പെടുന്നു. വടക്കും നാഥന്റെ കൂത്തമ്പലത്തിന് അഭിമുഖമായി ഭഗവതിയുടെ എഴുന്നള്ളിപ്പ്, പിന്നെ പ്രകമ്പനമാകുന്ന പാണ്ടിമേളം, പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടി മേളവും പൂരപ്പറമ്പിൽ പാനം ചെയ്ത പാൽ പായസം പോലെ പതഞ്ഞൊഴുകുമ്പോൾ കേൾവിക്കാർ മതി മറന്ന് നുകരും.
കണ്ണും കാതും കയ്യും മെയ്യും മറന്ന് താളം പിടിക്കും. പഞ്ചവാദ്യം പരിഷ്കാരത്തിന്റെ പാതയിലേക്ക് പ്രവേശിച്ചതിന്റെ സാക്ഷ്യമാണ് മഠത്തിൽ വരവ്. ക്ഷേത്ര മതിൽക്കെട്ടിനകത്ത് പാണ്ടിമേളം അപൂർവ്വമായി അനുവദിക്കപ്പെട്ടിട്ടുള്ളതും വടക്കും നാഥനിലെ ഇലഞ്ഞിത്തറയിൽ.
ആനപ്പുറത്തെ വർണ്ണക്കുടകളുടെ ആറാട്ട്
പൂരത്തിന്റെ ഹൃദ്യത കവരുന്ന കൂടിക്കാഴ്ചയും കുടമാറ്റവും. തുരുവമ്പാടി -പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പുകൾ ശ്രീമൂലസ്ഥാനത്തെത്തും. ഇരു വിഭാഗങ്ങളുടെയും 15 ഗജവീരന്മാർ വീതം പർവ്വത നിരകളെപ്പോലെ നിലകൊള്ളും. ചന്തവും ചമയവുമായി ആകാരഭംഗിയുള്ള ആനകൾ അഭിമുഖമായി അണി നിരക്കുന്ന കാഴ്ച.
സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടം കെട്ടിയ ഈ കരിവീരന്മാർ മേളത്തിനൊപ്പം താളം പിടിച്ച് ചെവിയാട്ടും. തലകുലുക്കും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണ്ണക്കുടകൾ മത്സര ബുദ്ധിയോടെ ആനപ്പുറങ്ങളിൽ നിവരും. മുത്തണിക്കുടകളുടെ മറി മാറ്റം.മഴവില്ലൊളി പോലെ വർണ്ണക്കുടകൾ മാറി മാറി ഉയരും. ആനപ്പുറത്തെ വർണ്ണക്കുടകളുടെ ആറാട്ടാണിത്. നിറങ്ങളുടെ നീരാട്ടും.
മാനത്തെ മേലാപ്പിൽ തെളിയുന്ന വർണ്ണ ചിത്രങ്ങൾ
തൃശൂർ പൂരത്തിന്റെ വൈജയന്തിയാണ് വെടിക്കെട്ട്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാരുടെ രാത്രിയിലെ എഴുന്നള്ളിപ്പിന്റെ സമാപനമായാൽ മാനത്തെ പൂരമായി. പുലർച്ചെ കരിമരുന്നിന്റെ പ്രയോഗ ചാതുര്യം. പൂരത്തിന്റെ വെടിക്കെട്ടിന് 95 വർഷത്തെ പഴക്കമാണെന്ന് പറയുന്നു. അയ്യന്തോൾ ചുങ്കത്ത് കുരിയനാണ് പൂരത്തിന്റെ വെടിക്കെട്ടിന് ആദ്യമായി നേതൃത്വം നല്കിയതത്രെ. മഹാത്മാഗാന്ധി ചർക്ക തിരിക്കുന്ന ചിത്രം പൂരം വെടിക്കെട്ടിൽ പകർത്തിയത് ചരിത്ര സംഭവമായിട്ടുണ്ട്. മാനത്തെ മേലാപ്പിൽ കരിമരുന്നിന്റെ വർണ്ണ ചിത്രങ്ങൾ തെളിയും.
കതിനകളുടെ കൂട്ട പൊരിച്ചിലിൽ മേഘ ഗർജ്ജനം പോലും തല താഴ്ത്തും. അമിട്ടുകൾ പൊട്ടുമ്പോൾ മാനത്തും മനസിലും വർണ്ണപ്പൂക്കൾ വിരിയും. പൂരത്തിന്റെ മാത്രം പ്രത്യേകത. പിന്നെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പുകൾ രാവിലെ ആരംഭിക്കും. മധ്യാഹ്നത്തിൽ ഭഗവതിമാർ വടക്കും നാഥനെ പ്രണമിച്ച് പിരിയുന്നു.മനസിന് കുളിർമയും ഓർമ്മയും പകരുന്ന അടുത്ത പൂരത്തിനായി കാത്തതിരിക്കാം.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment