വാല്‍ക്കണ്ണാടി

മലയാള സിനിമയുടെ പിതാവ് 'ജെ. സി. ഡാനിയൽ'

വാൽക്കണ്ണാടി 


കേരളത്തിന്റെ ചലച്ചിത്ര നഭോമണ്ഡലത്തിൽ പ്രഥമഗണനീയനായി പ്രകീർത്തിക്കപ്പെട്ട പ്രതിഭാധനനാണ് ഡോക്റ്റർ ജെ. സി.  ഡാനിയൽ. ഇദ്ദേഹം മലയാള സിനിമയുടെ പിതാവായി വിശേഷിപ്പിക്കുന്നു.  ഈ അദ്വിതീയന്റെ അൻപതാം വാർഷിക ഓർമ്മകൾ ഉണർത്തി കടന്നു പോകുന്നു.  

വിഗതകുമാരൻ അഭ്രപാളികളിൽ

കൈരളിയുടെ ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ മുഖ്യ ശില്പി ജെ. സി. ഡാനിയലാണ്. ലോക സിനിമയുടെ മൗലീക സ്വഭാവം മനസ്സിലാക്കുന്നതിന് പലരും നിശ്ശബ്ദ ചലച്ചിത്രത്തെ തിരിഞ്ഞു നോക്കുന്നു. ഈ കലാ സൃഷ്ടിയിലൂടെയാണ് സിനിമയുടെ ഭാഷയും വ്യാകരണവും രൂപപ്പെടുന്നത്.  അതെ സമയം അത് വേറിട്ടൊരു അസ്തിത്വവും പുലർത്തുന്നു.  ഡാനിയൽ നട്ടു നനച്ച തൈ  ഇന്ന് ഒരു മഹാ വൃക്ഷമായി മാറിയിരിക്കുന്നു. 

 അക്കാലത്ത്  നടന്നതായി പറയപ്പെടുന്ന ഒരു സംഭവത്തെ അടിസ്ഥനമാക്കിയാണ് വിഗതകുമാരനു വേണ്ടി ഡാനിയൽ കഥ മെനഞ്ഞെടുത്തത്. ഡോക്ടർ ജെ. സി. ഡാനിയേൽ എന്ന ചലച്ചിത്ര പുരുഷൻ ഏറെ കഷ്ടപ്പാടും ത്യാഗവും അനുഭവിച്ചാണ് വിഗതകുമാരൻ അഭ്രപാളികളിൽ ആവിഷ്കരിച്ചത്.  ഈ ചിത്രത്തിന്റെ ദൈർഘ്യം 20 മിനിട്ടായിരുന്നു. ഡാനിയൽ കഥ, സംവിധാനം,  നിർമ്മാണം, ഛായാഗ്രഹണം,  അഭിനയം, തുടങ്ങി എല്ലാ മേഖലയിലും  സ്വന്തമായ  പങ്കു വഹിച്ചാണ് മലയാണ്മയുടെ ആദ്യത്തെ നിശ്ശബ്ദ സിനിമ പ്രവർത്തിച്ചത്. എന്നാൽ  വിഗതകുമാരൻ എന്ന സിനിമയോട് യാഥാസ്ഥികരുടെ പ്രതികരണം മാരകമായിരുന്നു. 

കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ

ന്യാകുമാരി ജില്ലയിൽ അഗസ്തീശ്വരത്ത്‌ 1900 നവംബർ 28 നാണ് ജനിച്ചത്.  ഡാനിയലിന്റെ  സ്‌കൂൾ വിദ്യാഭ്യാസം അഗസ്തീശ്വരത്തും നാഗർ കോവിലിലും തിരുവനന്തപുരത്തുമായാണ് നടന്നത്.  ഡാനിയലിന്റെ കുട്ടിക്കാലം മുതൽ നാടകത്തിലും കൂത്തിലുമൊക്കെ അഭിനിവേശമായിരുന്നു.  കളരിപ്പയറ്റിലും ചിലമ്പാട്ടത്തിലും അതിനിപുണനായിരുന്നു. ഇദ്ദേഹം അഗസ്തീശ്വരത്തിനടുത്തുള്ള കൊട്ടാരം ഗ്രാമത്തിൽ കളരി അഭ്യാസ കേന്ദ്രവും സ്ഥാപിച്ചിരുന്നു.  അക്കാലത്ത് തിരുവനന്തപുരത്തെ തിയറ്ററുകളിൽ എത്തിയിരുന്ന ഇംഗ്ലീഷ് ചിത്രങ്ങൾ ഇദ്ദേഹം കാണുമായിരുന്നു. 
 
 ഇതേ തുടർന്ന്  ഒരു ചലച്ചിത്രം നിർമ്മിക്കണമെന്ന ഉത്ക്കടമായ മോഹം ഇദ്ദേഹത്തിന് കൈ വന്നു.   കളരിപ്പയറ്റിനും അടിത്തടക്കും തുല്യ പ്രാധാന്യം നൽകി ഒരു കഥാചിത്രം എന്ന ഫോർമുലയിൽ ഡാനിയൽ എത്തിച്ചേർന്നു.  അങ്ങിനെ  ചലിക്കുന്ന ഒരു ചലച്ചിത്ര നിർമ്മിതിയെന്ന പുതിയ സംരംഭം ആരംഭിക്കുവാൻ ഇദ്ദേഹം തീരുമാനിച്ചു.  ഡാനിയൽ 1924 -ൽ ജാനറ്റിനെ  വിവാഹം ചെയ്തു.  ഇതിനിടയിൽ ജെ. സി.  ഡാനിയൽ ഇന്ത്യൻ ആക്ട് ഓഫ് ഫെൻസിങ് ആൻഡ് സെഡ് പ്ലേ എന്നൊരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിരുന്നു. 

ഡാനിയലിന്റെ മനസ്സിൽ സിനിമയെന്ന പദ്ധതി രൂപപ്പെട്ടതിനെ തുടർന്ന് അത് പ്രാവർത്തികമാക്കാൻ തീരുമാനിച്ചു.  അതിനായി സ്വന്തമായുണ്ടായിരുന്ന വസ്തുക്കൾ കുറെ വിറ്റ്‌  പണമുണ്ടാക്കി.  ഇതിന്റെ നിജ സ്ഥിതി നേരിട്ട് ബോധ്യപ്പെടുന്നതിനു മദിരാശിയിലേക്ക് തീവണ്ടി കയറി.  ഡാനിയൽ മൂന്നു ദിവസം ദിണ്ഡിഗേളുള്ള വേൽ സ്റ്റുഡിയോക്കു മുന്നിൽ ഊണും ഉറക്കവുമില്ലാതെ കാത്തു നിന്നു. എന്നാൽ നിരാശനാകാതെ ഇദ്ദേഹം മുംബൈക്കു പോയി.  മുംബൈയിലും ആദ്യം ഇതേ അനുഭവം നേരിട്ടു. അപ്പോൾ ഡാനിയൽ അടവൊന്ന് മാറ്റി.  തിരുവനന്തപുരത്ത് നിന്നുള്ള ഒരദ്ധ്യാപകനാണ് താനെന്നും സിനിമ നിർമ്മാണത്തെക്കുറിച്ച് പഠിപ്പിക്കാനായി നേരിട്ട് മനസ്സിലാക്കാനാണ് വന്നതെന്നും പറഞ്ഞു.  അപ്പോൾ സ്റ്റുഡിയോ ഉടമ ഡാനിയലിനെ പ്രവേശിപ്പിച്ച് ചിത്രീകരണ രീതികൾ കാണിച്ചു കൊടുത്തു.  

കൊൽക്കത്തയിലും പോയി ഡാനിയൽ യന്ത്ര സാമഗ്രികളും ക്യാമറകളും കൈവശമാക്കി.  അതിനു ശേഷം ഇദ്ദേഹം തിരുവന്തപുരത്തെ പട്ടത്ത് 1927 -ൽ കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോയായ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് സ്ഥാപിച്ചു.  

വിഗതകുമാരന്റെ കഥാ  സംഗ്രഹം

ഡോക്ടർ ജെ. സി. ഡാനിയൽ രചിച്ച് സംവിധാനം ചെയ്ത വിഗത കുമാരന്റെ കഥാ  സംഗ്രഹം ഇങ്ങിനെയാണ്‌. 

തിരുവന്തപുരത്തെ ഒരു സവർണ സമ്പന്നന്റെ പുത്രനായ ചന്ദ്രകുമാറെന്ന ബാലനെ ശ്രീലങ്കയിലെ ഒരു തോട്ടം കങ്കാണിയായ ഭൂതനാഥൻ തട്ടിക്കൊണ്ടു പോകുകയും ഒരു തൊഴിലാളിയായി വളർത്തുകയും ചെയ്യുന്നു.  ചന്ദ്രകുമാറിനെ അന്വേഷിച്ച് ധരാളം പണം ചെലവാക്കി വീട്ടുകാർ നാടിന്റെ നാനാഭാഗത്തും പോകുന്നു.  ഭൂത നാഥനൊപ്പം 12 വർഷം കഴിഞ്ഞ ചന്ദ്രകുമാറിനെ ഒരു ദിവസം ഇംഗ്ലീഷുകാരനായ തൊട്ടയുടമ കാണുന്നു.  അവനോടു പ്രത്യേക മമത തോന്നിയ അയാൾ അവന് തോട്ടത്തിൽ ഒരു നല്ല ജോലി കൊടുക്കുന്നു.  ജോലിയിൽ പടിപടിയായി ഉയർന്ന് ഒടുവിലയാൾ  തോട്ടം സൂപ്രണ്ടായിത്തീരുന്നു. 

ആ സമയത്താണ് തിരുവനന്തപുരത്തു നിന്ന് ചന്ദ്രകുമാറിന്റെ ഒരു അകന്ന ബന്ധുവായ ജയചന്ദ്രൻ ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് പോകാനായി കൊളംബിയയിൽ എത്തുന്നത്. അവിടെവച്ച് ഭൂതനാഥനും കൂട്ടരും ചേർന്ന് ജയചന്ദ്രനെ കൊള്ളയടിക്കുന്നു. കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട ജയചന്ദ്രൻ തന്റെ ഉപരിപഠനത്തിന്  പോകാനുള്ള പദ്ധതി ഉപേക്ഷിച്ച് ഒരു ജോലി തേടി ഇറങ്ങുന്നു.

അങ്ങിനെ ചുറ്റിക്കറങ്ങിയ അയാൾ ഒടുവിൽ ചന്ദ്രകുമാറിന്റെ തോട്ടത്തിൽ എത്തുന്നു. അവിടെ അയാൾക്ക്‌ ഒരു ജോലി  ലഭിക്കുന്നു.  ഇതേ തുടർന്ന് ജയചന്ദ്രനും ചന്ദ്രകുമാറും ആത്മാർഥ സ്‌നേഹിതൻമാരായിതീരുന്നു. കുറേക്കാലം കഴിഞ്ഞ് ഈ സുഹൃത്തുക്കൾ തിരുവനന്തപുരത്തെത്തുന്നു. അവിടെ വച്ച് ചന്ദ്രകുമാർ സരോജിനിയെ കാണുന്നു.  സരോജിനിയും ജയചന്ദ്രനും അനുരക്തരായിരുന്നു. ഇതേ സമയം തിരുവനന്തപുരത്തെത്തുന്ന ഭൂതനാഥനും കൂട്ടരും സരോജിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു. യാദൃശ്ചികമായി അവിടെയെത്തുന്ന  ചന്ദ്രകുമാറും, ജയചന്ദ്രനും  ഭൂത നാഥനെയും സംഘത്തെറ്റും അടിച്ചോടിക്കുന്നു.  അങ്ങിനെ ജയചന്ദ്രൻ തന്റെ പ്രാണേശ്വരിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവളുമായിപ്പോകുന്നു.  

ഇതിനിടയിൽ അപ്രതീക്ഷിതമായി ചന്ദ്രകുമാറിന്റെ മുതുകിൽ കണ്ട ഒരു മറുക് സരോജിനിയിൽ ഏതോ  ചില ഓർമ്മകൾ ഉണർത്തി.  തൻ്റെ നഷ്ടപ്പെട്ടുപോയ സഹോദരൻ ചന്ദ്രകുമാറിലും ഇതേ അടയാളം കണ്ടിരുന്നതായി അവൾ ഓർത്തു. സരോജിനി ഈ വിവരം തന്റെ മാതാപിതാക്കളെ അറിയിക്കുന്നു. അവർ വന്നു തങ്ങളുടെ നഷ്ടപ്പെട്ടു പോയെന്ന് കരുതിയ മകൻ വിഗതകുമാരനെ തിരിച്ചറിയുന്നതോടെ കഥ ശുഭമായി പരിവസാനിക്കുന്നു. 

 വിഗതകുമാരനിൽ നായകനായി ഡാനിയൽ തന്നെ അഭിനയിച്ചു.  ഡാനിയലിന്റെ മൂത്ത മകനായ സുന്ദരം ബാല്യ കാലത്തെ വിഗതകുമാരനായി വേഷമിട്ടു.  വില്ലനായ ഭൂതനാഥനായി അഭിനയിച്ചത് ലാലിയെന്ന പേരിൽ അറിയപ്പെട്ട ജോൺസനാണ്. വിഗതകുമാരനിൽ വിത്സങ്സിങ്, ചെല്ലപ്പൻ,  കമലം,  റീന എന്നിവരും അഭിനേതാക്കളായിരുന്നു.  

മലയാള ചലച്ചിത്രത്തിലെ ആദ്യ നടി

വിഗതകുമാരനിലേക്ക് നടന്മാരെ കിട്ടാൻ വിഷമമുണ്ടായില്ല.  എന്നാൽ അതായിരുന്നില്ല നടികളുടെ കാര്യം.  ഈ സാഹചര്യത്തിലാണ് കാക്കശ്ശേരി നാടകത്തിൽ അഭിനയിച്ചിരുന്ന കൂലിപ്പണിക്കാരിയും പുലയ സഭാംഗവുമായ രാജമ്മ അഭിനയിക്കുവാൻ വന്നെത്തിയത്.  ഈ യുവതി പി. കെ. റോസി എന്ന പേരിൽ വിഗതകുമാരനിലെ സരോജിനി എന്ന നായികയായി മാറി. അങ്ങിനെ പി. കെ. റോസി മലയാള സിനിമയിലെ ആദ്യ കാല നായികയായിത്തീർന്നു.  മലയാള ചലച്ചിത്രത്തിലെ ആദ്യ നടിയായ റോസിക്ക് കിട്ടിയ പ്രതിഫലം കേവലം 50  രൂപ മാത്രമായിരുന്നു.  

 വിഗതകുമാരൻ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിൽ  മേൽക്കൂരയില്ലാത്ത വീടിന്റെ സെറ്റിട്ട്  പകൽ വെളിച്ചത്തിലായിരുന്നു ചിത്രീകരിക്കപ്പെട്ടത്.  കുലാലംപൂരിൽ നിന്നുള്ള ക്യാമറാമാൻ ജെ. എച്ച്. ലീലയും സഹായത്തിനുണ്ടായിരുന്നു.  

തിരുവനന്തപുരത്തെ ക്യാപ്പിറ്റോൾ  തിയറ്ററിൽ വിഗതകുമാരന്റെ ആദ്യ പ്രദർശനം 1928 നവംബർ ഏഴിന് നടന്നു.  മള്ളൂർ  എസ് ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.  മലയാളത്തിന്റെ ആദ്യ സിനിമയായ വിഗതകുമാരൻ വെള്ളിത്തിരയിൽ മിന്നിത്തെളിഞ്ഞു.  എന്നാൽ ഈ ചിത്രം തടയുന്നതിനും റോസിയെയും കുടുംബത്തെയും ഉന്മൂലനം ചെയ്യുന്നതിനും ചില വരേണ്യ വർഗക്കാർ ശ്രമിച്ചു.  ഒരു മലയാളി സ്ത്രീ ക്യാമറയുടെ മുന്നിൽ നിന്നഭിനയിക്കുക എന്നതോടോപ്പം ഒരു പുലയ യുവതി അന്നത്തെ നായർ പെൺകൊടിയായി അഭിനയിക്കുക എന്നത് അന്നത്തെ സാമൂഹ്യ വ്യവ സ്ഥിതിയിൽ വർണ്ണ മേധാവികൾക്ക് അചിന്തീനിയവും അസ്വീകാര്യവുമായിരുന്നു. 

കാക്കാരിശ്ശി നാടകത്തിൽ നിന്ന് തികച്ചും അവിചാരിതമായാണ് റോസി വിഗതകുമാരനിലെ നായികയാവുന്നത്.  ഈ ചലച്ചിത്രം കണ്ട ചിലർ റോസിയുടെ കുടിൽ തീവക്കുവാനും  അവളെ നാടു കടത്താനും ശ്രമിച്ചു. ഗത്യന്തരമില്ലാതെ വീടു വിട്ടോടിയ റോസിയെ നാഗർ കോവിലുകാരനായ ഒരു ലോറി ഡ്രൈവർ തന്റെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി രക്ഷിച്ചുവെന്നാണ് പറയപ്പെടുന്നത്.  

വിഗതകുമാരന്റെ ആദ്യ പ്രദർശനം

വിഗതകുമാരന്റെ ആദ്യ പ്രദർശനം തിരശീല കീറലിലും  കയ്യാങ്കളിലയിലും അവസാനിച്ചു.  ഈ ചരിത്രത്തിൽ നിന്നാണ് ഇന്നത്തെ മലയാള സിനിമ വളർന്നത്. 

തിരുവനന്തപുരത്തെ ക്യാപിറ്റോൾ തിയറ്റർ കൂടാതെ കൊല്ലം,  ആലപ്പുഴ,  തൃശൂർ, തലശ്ശേരി,  നാഗർകോവിൽ എന്നിവിടങ്ങളിലും വിഗതകുമാരൻ പ്രദർശിപ്പിച്ചു. ജെ. സി. ഡാനിയലിന് 1929 -ൽ പബ്ലിക് മിറർ എന്നൊരു അവാർഡും ലഭിച്ചു.  

വിഗതകുമാരൻ സാമ്പത്തികമായി വൻ പരാജയമായിരുന്നു. ഈ ദുർഗതി ഡാനിയലിൽ കനത്ത ആഘാതം സൃഷ്ടിച്ചു. ഒടുവിൽ തൻ്റെ എല്ലാ സ്വപ്നങ്ങളുടെയും സുവർണ്ണ കൊട്ടാരമായിരുന്ന ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിൽ നിന്നും ഇദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു. ഡാനിയൽ ഇതിനു ശേഷം ഭാര്യയുടെ പേരിലുണ്ടായിരുന്ന കുറച്ചു വസ്തുക്കൾ കൂടി വിറ്റു. ആ തുകയുമായി മുംബൈയിലേക്ക് പോയി. അന്നത്തെ എൽബിഎസ് പരീക്ഷ പാസായി ദന്ത രോഗ ചികിത്സകനായി തിരിച്ചെത്തി. 

ഡാനിയലും  കുടുംബവും മധുരയിൽ താമസമാക്കിയിരുന്നു. അവിടെ അദ്ദേഹം പ്രഗത്ഭ ദന്ത ചികിത്സകനായി പേരും സമ്പത്തും നേടി.  ഇതോടൊപ്പം കാരക്കുടിയിലും പുതുക്കോട്ടയിലും ഡാനിയലിന്റെ പ്രവർത്തനം വ്യാപിച്ചു.  മധുരയിലെ സ്വാതന്ത്ര്യ സമര ഭടന്മാർക്ക് സഹായങ്ങളും നൽകി.  എന്നാൽ പുതുക്കോട്ടയിലെ സർക്കാർ സർവ്വീസിനിടയിൽ വീണ്ടും അധോഗതി ആരംഭിച്ചു.  ഈ തകർച്ചയുടെയും ഹേതു സിനിമ തന്നെയായിരുന്നു. 

അക്കാലത്ത് തന്നെയും തന്റെ കുടുംബത്തെയും അക്ഷരാർത്ഥത്തിൽ പെരുവഴിയിലാക്കിയ സിനിമാക്കമ്പം വീണ്ടും ഡാനിയലിൽ തിരിച്ചെത്തി. സിനിമ നിർമ്മാണ രംഗത്തെ പല പ്രമുഖരായും സൗഹൃദം പുലർത്തിപ്പോന്നു. 

ഡാനിയൽ ക്ഷീണകാലം തുടങ്ങിയപ്പോൾ അഗസ്തീശ്വരത്തേക്ക് താമസം മാറ്റി.  അവിടെ പിതൃ ഭവനത്തിൽ കുറേക്കാലം താമസിച്ചു.  ഇതിനു ശേഷം നെയ്യാറ്റിൻ കരയിലും വസിച്ചു.  

വിടരും മുമ്പേ വാടിപ്പോയ കലാകാരി
ലയാള സംസ്‌കൃതിയിൽ കീഴാളതയുടെ കരുത്താർന്ന അഭിമാന പ്രതീകമായി പി. കെ. റോസി സ്ഥാനം പിടിച്ചു.  ജാത്യാധികാര ഗർവ്വിന്റെയും പുരുഷാധിപത്യ ഭീകരതയുടെയും ഇരയായി റോസി മാറിയിരുന്നു. ജെ. സി.  ഡാനിയൽ സിനിമയിലെങ്കിലും ജാതി -വർണവ്യത്യാസങ്ങളൊഴിവാക്കാം എന്ന ബോധപൂർവ്വമായ സാമൂഹിക ഇടപെടലാണ് നടത്തിയത്. 

ഡാനിയലിന് തൻ്റെ സിനിമയിലെ സവർണനായികയെ അവതരിപ്പിക്കുവാൻ അഭിനയിക്കുന്ന സ്ത്രീയുടെ ജാതി തടസ്സമായില്ല.  ഡാനിയലിനും റോസിക്കും മലയാണ്മ നൽകിയത് അവഗണനയുടെയും തിരസ്‌കാരത്തിന്റെയും ക്രൂരാനുഭവമാണ്.  കേരളത്തിലെ നാടക വേദികളിലെ സാന്നിധ്യം എന്ന നിലയിൽ റോസി ചരിത്രത്തിന്റെ ഭാഗമാണ്.  നാടകത്തിൽ നിന്നും തികച്ചും വ്യത്യസ്‍തവും തനിക്ക് അപരിചിതവുമായ സിനിമ രംഗത്തേക്ക് കടന്നുവരാനുള്ള ധീരതയും റോസി കാട്ടി.  

ജെ. സി. ഡാനിയൽ എന്ന സംവിധായകന്റെ നിർദ്ദേശമനുസരിച്ച് നടിച്ചു എന്നല്ലാതെ സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും അവൾക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല. കാക്കാരിശ്ശി നാടകത്തിലെ ആദ്യത്തെ സ്ത്രീവേഷക്കാരിയായിരുന്നു റോസി.  അക്കാലത്ത് കേരളത്തിൽ കലാകാരികൾ അഴിഞ്ഞാട്ടക്കാരികളെന്ന് മുദ്രകുത്തി അധിക്ഷേപിച്ചും അകറ്റി നിറുത്തിയതുമായ സാമൂഹികാവസ്ഥയാണ് നില നിന്നിരുന്നത്.  ഒരു തിരുവിതാം കൂറുകാരനായിരുന്ന ഡാനിയൽ അന്നത്തെ ലോകാത്ഭുതങ്ങളിൽ ഒന്നിന്റെ അമരക്കാരനായി മാറിയത് തികഞ്ഞ വസ്തുതകളിലൊന്നായി നില കൊള്ളുന്നു. 

പി. കെ. റോസിക്ക് ഊരും പേരും  ഉപേക്ഷിക്കേണ്ടി വന്നു. ഈ കലാകാരിയുടെ കണ്ണു നീർ  അസ്തിത്വദുഃഖത്തിന്റേതായി മാറിയിരുന്നു.  ശിഷ്ട ജീവിതത്തിൽ അവർ രാജമ്മളായിത്തീർന്നു.  റോസിയുടെ ജീവിതം മലയാളിയുടെ നന്ദികേടിന്റെ നേർക്ക് നീളുന്ന ചൂണ്ടുവിരലായി ഭവിച്ചു. തൈക്കാട് മുതൽ പട്ടം വരെ ഷൂട്ടിങ്ങിന് പങ്കെടുക്കുവാൻ റോസി നിത്യേന നടന്നാണ് പോയിരുന്നത്.  

അക്കാലത്ത് ഈ ഹൃസ്വ ചിത്രം മലയാളിക്ക് മറക്കാനാവാത്ത മഹാ സംഭവമായിരുന്നു.  വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന ഗ്രന്ഥമാണ് വിടരും മുമ്പേ വാടിപ്പോയ കലാകാരിയായ റോസിയെക്കുറിച്ച് ലോകത്തോട് പറഞ്ഞത്.  

ഡാനിയലിന്  പുനർജന്മം നൽകിയ 'സെല്ലുലോയ്ഡ്' 

ജെസി ഡാനിയൽ ജീവിതത്തിലും സിനിമയിലും ചരിത്രത്തിലും സ്വന്തം സ്വന്തം മണ്ണിലും തിരസ്‌കരിക്കപ്പെട്ട മനുഷ്യനാണ്. എല്ലാ അർഥത്തിലും നഷ്ടനായകൻ,  ഇദ്ദേഹത്തിന് വിഗതകുമാരന് ശേഷം മറ്റൊരു ചിത്രം നിർമ്മിക്കുവാൻ കഴിഞ്ഞില്ല. ഇതിന് കാരണം സാമ്പത്തിക പരാധീനതയായിരുന്നു.  ഡാനിയൽ രണ്ടാമതൊരു ചിത്രത്തിന് തിരക്കഥ രചിച്ചിരുന്നു.  മധുരപ്രതികാരം എന്നായിരുന്നു പേര്.  

ഭീമമായ തുക മുടക്കി ആദ്യ മലയാള ചിത്രമെടുക്കാൻ ചാടിപ്പുറപ്പെട്ട ആ ധിക്ഷണശാലി  കണ്ണു നീരിന്റെ കയ്പുനീർ ആവോളം കുടിച്ചു.  മലയാള സിനിമയുടെ മനസാക്ഷിയും മഹാനുഭവനുമായ ഡോക്റ്റർ ജെ. സി. ഡാനിയൽ 1975  ഏപ്രിൽ 28 ന്  അന്തരിച്ചു. 

കേരളത്തിലെ 20 ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങളേയും വ്യവഹാരങ്ങളെയും കലാപരമായും നൈതിക ബോധത്തോടെയും  ആവിഷ്കരിക്കുന്നതിൽ കമലിന്റെ സെല്ലുലോയ്ഡ് എന്ന ചിത്രം ആവോളം വിജയിച്ചിരിക്കുന്നു.

 കേരളസർക്കാർ ജെ. സി. ഡാനിയലിന്റെ പേരിൽ 1992  മുതൽ അവാർഡ് നൽകി ആദരിച്ചു പോരുന്നു.  കമലിന്റെ സെല്ലുലോയ്ഡ് ഡാനിയലിന്  പുനർജന്മം നൽകിയിരിക്കുന്നു.  മലയാള സിനിമയുടെ പിതാവിനുള്ള മഹത്തായ സമർപ്പണമാണിത്. 

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment