വാല്‍ക്കണ്ണാടി

മാള കുണ്ടൂരിലെ അതിരാത്രം

വാൽക്കണ്ണാടി

മാളയിലെ കുണ്ടൂർ ഗ്രാമം അതിരാത്ര മഹായജ്ഞത്തിന്റെ അഭൗമ  തേജസ്സറിയിച്ചിട്ട് 35 വർഷം കടന്നു പോകുന്നു. ഈ യാഗത്തിനു തുടക്കം കുറിച്ചത് 1990 ഏപ്രിൽ 28നാണ്. വസന്തത്തിലെ ഉത്തരായനവും  വെളുത്ത പക്ഷത്തിലെ ദേവ നക്ഷത്രവും ഒത്തു വരുന്ന അപൂർവമായ ശുഭ ദിനത്തിലാണത്.  

ദക്ഷിണ ഭാരതത്തിന്റെ ശ്രദ്ധാ കേന്ദ്രം 

സോമ യാഗങ്ങളിൽ ഒന്നായ അതിരാത്രം പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യജ്ഞമാണ്.  ഭട്ടി പൂത്തില്ലത്ത് രവി സോമയാജിപ്പാട്ടും പത്നി ദേവകിയും ഏപ്രിൽ 27 ആം തിയതി യാഗാരംഭത്തിനു തലേദിവസം മൂന്ന്  അഗ്നികൾ മൂന്ന് പാത്രങ്ങളിലായി കൊണ്ടു വന്ന്  കുണ്ടൂരിലെ യാഗശാലയിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന മൂന്ന് അഗ്നി കുണ്ഡങ്ങളിൽ നിക്ഷേപിച്ചു.  യാഗശാല തയാറായികഴിഞ്ഞപ്പോൾ ആധുനിക ശാസ്ത്രീയോപകരങ്ങളുമായി സ്വദേശികളും വിദേശികളുമായ ശാസ്ത്രജ്ഞന്മാരും നിർദേശങ്ങൾ നൽകാൻ ആചാര്യന്മാരും സഹായത്തിനായി സന്നദ്ധ സേവകരും സന്നിഹിതരായിരുന്നു.  

കർണാടകത്തിലെ മൂകാംബികയിൽ നിന്നും കന്യാകുമാരിയിൽ നിന്നും ഏപ്രിൽ 14ന്  ആരംഭിച്ച വേദ സമൂഹാർച്ചനാ യാത്രകൾ യജ്ഞ രഥങ്ങളോടെ ഏപ്രിൽ 27 ആം തിയതി വെള്ളിയാഴ്ച കുണ്ടൂരിൽ എത്തിച്ചേർന്നു.  നെല്ലിക്കാട്ട് മാമണ്ണ് നീലകണ്ഠൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ വാസുദേവൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് നീലകണ്ഠൻ അക്കിത്തിരിപ്പാട് എന്നിവരാണ് അതിരാത്രം ചെയ്ത അക്കിത്തിരിമാരായ മൂന്നു പേർ. പാഞ്ഞാൾ അതിരാത്രത്തിൽ യജമാന സ്ഥാനം വഹിച്ചത് ചെറുമുക്ക് നീലകണ്ഠൻ അക്കിത്തരിപ്പാടാണ്. 

അഥർവ്വ വേദത്തിലെയും മറ്റും ശാസ്ത്രീയ സത്യങ്ങളിൽ ഉത്സുകനായ തൃശൂരിലെ ഡോകടർ ടി. ഐ. രാധാകൃഷ്ണനും വൈദിക കർമ്മങ്ങളെക്കുറിച്ച് ആധികാരികമായി അറിവുള്ള ടി. പി. ശ്രീരാമനും യജ്ഞ വിമർശകരെ യുക്തിയുക്തമായ വാദ മുഖങ്ങൾ ഉയർത്തി നേരിടുന്ന അക്കിത്തവും നേതൃത്വം നൽകി തൃശൂരിൽ  ശാസ്ത്ര പരിഷത് രൂപീകരിച്ചു. 

യജ്ഞത്തിന്റെ ലക്ഷ്യം

ചാലക്കുടിപ്പുഴയുടെ തീരത്തുള്ള കുണ്ടൂർ ഗ്രാമത്തിൽ വച്ച് അതിരാത്ര യജ്ഞം നടത്തുവാൻ പരീഷത്ത് തീരുമാനമെടുത്തു. 

യജ്ഞത്തിന്റെ ഭാഗമായി യജ്ഞശാല,  ഉപകരണങ്ങൾ,  വേദിക് ഗണിത ജ്യോതിഷ ശാസ്ത്രഞ്ഞന്മാർ എന്നിവയുൾക്കൊള്ളിച്ചു കൊണ്ട് തൃശൂരും യാഗ സ്ഥലത്തും സംഘടിപ്പിച്ച വേദിക് എക്സിബിഷൻ വളരെയധികം ശ്രദ്ധേയമായിരുന്നു. അഗ്‌നിലയനത്തോട്‌ കൂടിയോ അല്ലാതെയോ ഈ യാഗം നടത്താം.  പ്രത്യേകമായി ഉണ്ടാക്കിയ ആയിരം ഇഷ്ടികകൾ മന്ത്ര സമേതം അഞ്ചു വരിയായി പകുത്ത് ചിറക് നിർത്തപ്പെട്ട ഗരുഡാകൃതിയിലുള്ള മണ്ഡപം ഉണ്ടാക്കുന്ന കർമ്മമാണ്‌ അഗ്നിലയനം.  

ഈ ശ്വേന ചിതിമേൽ ചെയ്യുന്ന ഹോമങ്ങൾ അതിരാത്രത്തിന്റെ ഫലം ഇരട്ടിയാക്കുന്നു എന്ന് കരുതപ്പെടുന്നു.  പാഞ്ഞാളിലേതുപോലെ അഗ്നി ലയനത്തോടു കൂടിയ അതിരാത്രമാണ് കുണ്ടൂരിൽ നടന്നത്.  അനുദിനം അശുദ്ധമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെ ശുദ്ധീകരിക്കുവാൻ യാഗങ്ങൾക്ക് കഴിയും എന്നാണ് വേദ പണ്ഡിതന്മാരുടെയും ചില ആധുനിക ശാസ്ത്രജ്ഞന്മാരുടെയും നിഗമനം. 

ചൈത്ര വൈശാഖ മാസങ്ങളിൽ ജ്യോതിഷ പ്രകാരം ശുഭദിനം ഗണിച്ച് ഒരു പുണ്യ നദിയുടെ തീരത്ത് യന്ജം നടത്തണമെന്നായിരുന്നു ഇത്.  കരിങ്ങമ്പിള്ളി സ്വരൂപം വക കുണ്ടൂർ ശിവക്ഷേത്ര പരിസരത്താണ് യാഗസ്ഥലം ഒരുക്കിയത്.  അവർണർക്ക് അപ്രാപ്യമായിരുന്ന ഇല്ലങ്ങളുടെ മതിൽക്കെട്ടിനുള്ളിൽ ഒതുങ്ങി നിന്നുള്ള വൈദികർക്കും ചങ്ങലകൾ ഭേദിച്ച് പുറത്തു വന്നു. ദേവന്മാർക്ക് അമൃതത്വവും പിതൃക്കൾക്ക് സ്വധവും മനുഷ്യർക്ക് ആശയും മൃഗങ്ങൾക്ക് ഭക്ഷ്യ പേയങ്ങളും യജമാനന് സൗർഗ്ഗലോകവും ഋത്വിക്കുകൾക്ക് ജീവിത വൃത്തിയും ഈ യജ്ഞം മൂലം ഉണ്ടാകട്ടെ എന്നാണ് ജ്ഞാനികൾ പ്രാർത്ഥിക്കുന്നത്. സർവ്വ സമുദായങ്ങളുടെയും ശ്രേയസ്സാണ് യജ്ഞത്തിന്റെ ലക്ഷ്യം. മുക്തിയുടെ പരമമായ സുഖമാണ് യജമാനൻ കാംക്ഷിക്കുന്ന സ്വർഗ്ഗലോകം. 

ഗരുഡാകൃതിയിലുള്ള ചിതി

ഞ്ചു തരം ഇഷ്ടികകൾ കൊണ്ടാണ് ഗരുഡാകൃതിയിലുള്ള ചിതി ഉണ്ടാക്കുന്നത്.  വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള ഈ ഇഷ്ടികകൾ കാമധേനുക്കളായി ഇവയെ പിന്നീട് സങ്കല്പിക്കുന്നുണ്ട്. ഒരു വരിയിൽ ഇരുനൂറ്റെണ്ണം വീതം അഞ്ചു വരിയായി അഞ്ചു ദിവസങ്ങളിലായാണ് പടുക്കുന്നത്.  ഒന്നും മൂന്നും അഞ്ചും പടവുകൾ ഒരു പോലെയും രണ്ടും നാലും പടവുകൾ മറ്റൊരു വിധത്തിലുമാണ് പടുക്കുക.  

യജമാനന്റെ കാൽ മുട്ടിനോടൊപ്പം ഇതിന് ഉയരമുണ്ടാകും.  യജ്ഞത്തിന്റെ സുത്യ ദിനങ്ങളിൽ ഹോമിക്കാനുള്ള സോമലത സ്വീകരിക്കുന്ന സോമക്രയം എന്ന ക്രിയ  നാടകത്തിന്റെ അതി പ്രാചീന രൂപമാണെന്ന് തോന്നും.  തൈക്കാട് വൈദികൻ നീലകണ്ഠൻ നമ്പൂതിരിയുടെ മകൻ പതിനൊന്നുകാരനായ ശങ്കര നാരായണനാണ് പടുക്കാനുള്ള മന്ത്രങ്ങളിൽ കുറെയെണ്ണം ചൊല്ലിക്കൊടുത്തത്.  

വാസോർധാര, വാചാ പ്രസവിയ ഹോമം, അഗ്നി ക്ഷോമീയ യാഗം എന്നീ മൂന്നു സുപ്രധാന ഹോമ കർമ്മങ്ങൾ വീക്ഷിക്കുവാൻ വലിയൊരു ജനക്കൂട്ടം ക്ഷമ ചിത്തരായി കാത്തു നിന്നിരുന്നു.    

സൗമ്യം ഹവനം വളരെ പേരുടെ ശ്രദ്ധയാകർഷിച്ച ക്രിയയായിരുന്നു.  ഈ ഹോമത്തിന്റെ അവശിഷ്ടം ഭക്ഷിക്കുന്ന സ്ത്രീകൾക്ക് സന്താന ലാഭമുണ്ടാകുമെന്ന വിശ്വാസം നിർഭാഗ്യവതികളായ കുറെ സ്ത്രീകളെ അങ്ങോട്ടെത്തിച്ചു.  പ്രസിദ്ധമായ ഷോഡശ സ്തുതി ഹോതാവായ ചെറുമുക്ക് വല്ലഭൻ നമ്പൂതിരി തെറ്റ് കൂടാതെ ചൊല്ലി.  ഇത് പിഴച്ചാൽ ഭ്രാന്തു വരുമെന്ന വിശ്വാസവുമുണ്ട്. കുണ്ടൂർ പുഴയിലെ കടവിലേക്ക് നൂറു കണക്കിനാളുകളുടെ അകബടിയോടെ സാമ സ്തുതികളും ആലപിച്ച് പത്നി സമേതനായി യജമാനനും ഋത്വിക്കുകളും അവഭൂതാ സ്നാനത്തിനായി പുറപ്പെട്ടു.  

വികാര തീവ്രമായ ഋത്വിക്കളുടെ വിടവാങ്ങൽ രംഗം

ല ഹോമങ്ങൾക്കു ശേഷം യജമാനനാണ് കൃഷ്ണാജിനം, പാത്രങ്ങൾ എന്നിവയും മൈത്രാ വരുണന്റെ ദണ്ഡും പുഴയിൽ ഉപേക്ഷിച്ചു.  അവ ഭൃഥ സ്നാനം കഴിഞ്ഞ് തിരിച്ചെത്തി ഉദയ നേഷ്ടി ദീർഘിച്ച മൈത്രാ വരുണി, അരണി കടത്ത് തീയുണ്ടാക്കി അവസാനത്തെ പശ്വിഷ്ടി എന്നിവ കഴിഞ്ഞപ്പോഴേക്കും രാത്രി പത്ത് മണിയായിരുന്നു. അതുവരെ കാർമേഘാവൃതമായിരുന്ന ആകാശത്തു നിന്ന് യാഗശാലാ ഹൂതി കാണാൻ എന്ന വണ്ണം ചന്ദ്രൻ ഉറക്കമുണർന്നെഴുന്നേറ്റു വന്നു.  തെക്കേ ആകാശച്ചെരുവിൽ ഒരു ഒറ്റ നക്ഷത്രം മിന്നി അഗ്നി ഹോത്ര ശാലയിൽ നിന്ന് ത്രേതാഗ്നികളെ അരണിയിലേക്കാവാഹിച്ച് യജമാനൻ രവി അക്കിത്തിരിപ്പാട് പത്നി സമേതം സ്വഭവനത്തിലേക്ക് യാത്രയായി.  അരണിയിൽ നിന്ന് യാഗാഗ്നിയെ ത്രേതാഗ്നിയാക്കി മൂന്നു കണ്ഠങ്ങളിൽ നിക്ഷേപിച്ച് യജമാനൻ ജീവിതാന്ത്യം വരെ അഗ്നിഹാത്രം തുടരും. 

ഋത്വിക്കളുടെ വിടവാങ്ങൽ രംഗം വികാര തീവ്രമായിരുന്നു. ചാരിതാർത്ഥ്യത്തോടെ അതിരാത്രത്തിന്റെ വിജയകരമായ നടത്തിപ്പിന് ഊണും ഉറക്കവുമൊഴിഞ്ഞ് ഓടി നടന്ന പരിഷത്ത് പ്രസിഡന്റ് ഡോക്റ്റർ രാധാകൃഷ്ണൻ നിറകണ്ണുകളോടെ യജമാനനെ സാഷ്ടാംഗം നമസ്‌കരിച്ച രംഗം ആർദ്രത പകരുന്നതായിരുന്നു. നൂറു കണക്കിനാളുകൾ ശാന്തമനസ്‌കരായി കാത്തു നിക്കുന്ന ആ തീക്ഷ്ണ മുഹൂർത്തത്തിൽ യജമാനന്റെ പന്തത്തിൽ നിന്ന് ആദ്യത്തെ അഗ്നി ശിഖ യാഗ ശാലയിലേക്ക് പടർന്നു കയറി.  

അവാച്യമായ ദർശനമായിരുന്നു അത്.  അഞ്ചു മിനിട്ടു കൊണ്ട് അഗ്നി ദേവന് ആഹൂതി ചെയ്യപ്പെട്ട യാഗശാലയിൽ ഗരുഡ ചിതി മാത്രം ബാക്കിയായി.  യാഗശാലയിലെ തീ മഴ പെയ്ത് ഒടുങ്ങുമെന്ന് പ്രതീക്ഷിച്ച് കാത്തു നിന്ന ജനം നിരാശരായില്ല.  കുണ്ടൂരിലും തൃശൂർ,  പാലക്കാട് ജില്ലകളിൽ പലേടത്തും അതി ഗംഭീരമായി മഴ പെയ്യുകയുണ്ടായി.  

ഗരുഡവേദി  പരിപാവനമായി സൂക്ഷിക്കപ്പെടുന്നു

സ്വാമി വിഷ്ണു ദേവാനന്ദയുടെ നേതൃത്വത്തിൽ വിദേശത്തു നിന്നെത്തിയ ശാസ്ത്രകാര സംഘത്തിലെ ഡോക്റ്റർ ഹംബിൻസ്റ്റൺ, ഡോക്ടർ ഭസ്താലക് എന്നിവർ മനുഷ്യ ശരീരത്തിൽ വേദ മന്ത്രങ്ങൾ ഉളവാക്കുമെന്ന് കരുതപ്പെടുന്ന മാറ്റങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചു. 

ശാസ്ത്രങ്ങൾ ഉരുക്കഴിക്കുന്ന പതിനൊന്നു ഋത്വിക്കളുടെയും കാഴ്ചക്കാരായി എത്തിയ ഒരു സന്യാസിയെയും നൂറ് വയസായ ഒരു വൃദ്ധയെയും അവർ നിരീക്ഷിക്കുകയുണ്ടായി.  ഭൗമാന്തരീക്ഷങ്ങളിലെ കാന്തിക മണ്ഡലങ്ങളിൽ യജ്ഞ മന്ത്രങ്ങൾ ചെലുത്താവുന്ന സ്വാധീനത്തെ യാഗ ശാലയിൽ നിന്ന് പത്ത് മീറ്റർ അകലെ സ്ഥാപിച്ച മഗ്നറ്റോ  മീറ്ററിന്റെ സഹായത്തോടെ ഡോക്ടർ ശങ്കര നാരായണൻ അപഗ്രഥനത്തിന് വിധേയമാക്കി.  

റോസ്മേരി സ്റ്റീൽ കിർലിയൻ  ഉപകരണത്തിന്റെ സഹായത്തോടെ  ഇരുനൂറിലധികം ഫോട്ടോകൾ എടുത്തു.  കൈകളുടെയും പാദങ്ങളുടെയും പടങ്ങളാണ് കിർലിയൻ ഉപയോഗിച്ച് എടുത്തിട്ടുള്ളത്.  അതിരാത്രം കഴിഞ്ഞാൽ അവ ശേഷിക്കുന്ന അഗ്നി എന്ന ഗരുഡവേദി  പരിപാവനമായി സൂക്ഷിക്കപ്പെടുന്നു.  പാഞ്ഞാളിൽ 1975-ൽ  പടുത്ത സ്വേനചിതി കാത്തു രക്ഷിക്കപ്പെടുന്നു. കുണ്ടൂരിൽ പലരും ഗരുഡ വേദിയെ പ്രണമിച്ച് അനുഗ്രഹീതരായി മടങ്ങിപ്പോകുന്നുവെന്ന് അറിയുന്നു.

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment