വാല്‍ക്കണ്ണാടി

ദേശാടനത്തിൻ്റെ കഥാകാരൻ 'എസ്. കെ. പൊറ്റെക്കാട്ട്'

വാൽക്കണ്ണാടി 

ലയാളത്തിന്റെ മഹാനുഭാവനായ എസ്. കെ. പൊറ്റക്കാട്ടിന്റെ 43 -ആം ചരമവാർഷികം ഓർമ്മകൾ ഉണർത്തി കടന്നു പോകുന്നു.  ആ സർഗ്ഗ ശ്രേഷ്ഠൻ  സഞ്ചാര സാഹിത്യ സാമ്രാജ്യത്തിൽ സ്വന്തമായൊരു സിംഹാസനം സ്വായത്തമാക്കിയിരുന്നു. ലോകസഭാംഗമായും മികവുളവാക്കിയിരുന്നു. കേരളത്തിലെ രണ്ടാമത്തെ ജ്ഞാനപീഠം ജേതാവായ എസ്. കെ. പൊറ്റെക്കാട്ടിന്റെ ജീവിത സാരവും സാത്ക്കർമ്മങ്ങളും എന്നെന്നും പ്രശോഭിച്ച് നിൽക്കുന്നു. 

എസ്‌.കെ.യിലെ ഭാവനയെ തലോടിയ നാളുകൾ 

ങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന എസ്. കെ.  പൊറ്റെക്കാട്ടിന്റെ ജനനം 1913-മാർച്ച് 14 ആം തിയതി കോഴിക്കോട്‌ നഗരത്തിലെ പുതിയറയിലായിരുന്നു.  അധ്യാപകനായിരുന്ന കുഞ്ഞിരാമനും കിട്ടൂലിയുമായിരുന്നു മാതാപിതാക്കൾ. 

ഹിന്ദു സ്‌കൂളിൽ 1921-ൽ എസ്. കെ. നാലാം ക്ലാസ്സിൽ വിദ്യാർത്ഥിയായി ചേർന്നു. അന്നെല്ലാം അവധിക്കാലം ചെലവിടുന്നത് എസ്. കെ.യുടെ അമ്മയുടെ ചെലവൂരിലെ വീട്ടിലായിരുന്നു. ചെലവൂർ എന്ന ഗ്രാമത്തിലെ അവധിക്കാല ദിനങ്ങളാണ് എസ്‌കെയിലെ സാഹിത്യ വാസനകളെ ഉണർത്തിയത്.  ആ ഗ്രാമത്തിലെ പുൽമേടുകളും പുഴകളും കിളികളുടെ സംഗീതവും അദ്ദേഹത്തിന്റെ ഭാവനയെ തലോടി.

ഹിന്ദു സ്‌കൂളിൽ നിന്ന് അഞ്ചാം ക്ലാസ് പാസ്സായ ശേഷം എസ്‌കെ കോഴിക്കോട് ചാലപ്പുറം ഗണപത് ഹൈസ്‌കൂളിലും സാമൂതിരി കോളേജ് ഹൈസ്‌കൂളിലുമായി തുടർപഠനം നടത്തി. ആദ്യ കഥക്ക് വെളിച്ചം കാണാനായില്ല. രജനീതി എന്ന പേരിലുള്ളൊരു കഥ എസ് കെ കോളേജ് മാഗസിനിൽ 1928-ൽ പ്രസിദ്ധീകരിച്ചു. 

 സാഹിത്യമേഖലയിൽ വല്ലാതെ ഭ്രമിച്ചുപോയ എസ്‌.കെ.യുടെ ഇന്റർ മീഡിയറ്റ് പഠനം വല്ലാതെ കുഴഞ്ഞു മറിഞ്ഞു.  തോൽവി തന്നെയായിരുന്നു അതിന്റെ ഫലം.  പഠനത്തിലേറ്റ പരാജയം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.  കൈമുതലായുണ്ടായിരുന്ന ടൈപ്പ്‌റൈറ്റിങ് ഹയർ പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റുമായി ബോംബെയിലേക്ക് പോകാൻ തീരുമാനിച്ചു.  അമ്മയുടെ ആഭരണം വിറ്റു കിട്ടിയ അറുപത് രൂപയും സർട്ടിഫിക്കറ്റുകളുമായി എസ്‌.കെ. ബോംബെയിലേക്ക് വണ്ടി കയറി. ഒരു ജോലി തരപ്പെടുത്താമെന്ന പ്രതീക്ഷയോടെ ചെന്ന അദ്ദേഹം അവിടെ ജോലിതട്ടിപ്പിനിരയായിതത്തീർന്നു.  പട്ടിണിയായി വല്ലാതെ വലഞ്ഞപ്പോൾ നാട്ടിലേക്ക് കമ്പിയടിച്ചു.  അതിൻപ്രകാരം അച്ഛൻ നൂറു രൂപ അയച്ചു കൊടുക്കുകയും അങ്ങനെ എസ്. കെ.  തിരികെ നാട്ടിലെത്തുകയും ചെയ്തു. 

 എസ്. കെ.യുടെ ആദ്യ നോവൽ
കോഴിക്കോട് നാഷണൽ ഗുജറാത്തി വിദ്യാലയത്തിൽ 1936-ൽ എസ്. കെ. അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ട് ശക്തിയാർജ്ജിച്ചു വരുന്ന കാലമായിരുന്നു അത്. എസ്. കെ.യുടെ പ്രഭാതകാന്തി എന്ന കവിതാസമാഹാരം പ്രസിദ്ധീകൃതമായതും ഇതേ വർഷം തന്നെയായിരുന്നു.  അന്നൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദീപം,  നവജീവൻ,  കഥാമാലിക,  മലയാള രാജ്യം, കേരളകൗമുദി എന്നിവയിലെല്ലാം എസ്. കെ.യുടെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. 

 പട്ടാഭി സീതാരാമയ്യയും സുഭാഷ് ചന്ദ്രബോസും 1939-ൽ ഗാന്ധിജിയുടെ പിന്തുണയോടുകൂടി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹം എസ്. കെ.യിൽ ഉടലെടുത്തു.  അതിനായി സ്‌കൂളിൽ അവധിക്കായി അദ്ദേഹം അപേക്ഷ നൽകി.  അവധിയപേക്ഷ സ്‌കൂൾ അധികൃതർ നിരസിക്കുകയാണുണ്ടായത്.  അവധി ലഭിക്കാതെ വന്നുവെങ്കിലും തന്റെ മനസ്സിലെ ആഗ്രഹത്തിന് അറുതിവരുത്താൻ തയ്യാറാവാതിരുന്ന  അദ്ദേഹം സ്‌കൂളിലെ ജോലി രാജി വച്ച് സമ്മേളനത്തിനു പോവുകതന്നെ ചെയ്തു.  സമ്മേളനം കഴിഞ്ഞ്  തിരികെ വന്ന എസ്. കെ. വീണ്ടും ജോലി തേടി ബോംബെയിലേക്ക് പോയി.  

ബോംബെയിൽ എത്തിയ എസ്‌.കെ.യെ കാത്തിരുന്നത് ഒരു മാർബിൾ കമ്പനിയിലെ  ഗുമസ്തപ്പണിയായിരുന്നു. ഗുമസ്തപ്പണിയിൽ ഏറെ  നാൾ തുടരാൻ എസ്. കെ.യുടെ മനസ്സ് അനുവദിച്ചില്ല. നാലഞ്ച് മാസം കഴിഞ്ഞപ്പോൾ ആ ജോലിയും ഉപേക്ഷിച്ച് ഉത്തരേന്ത്യൻ പര്യടനത്തിനായി പുറപ്പെട്ടു.  പര്യടനം കഴിഞ്ഞ് 1941 ജനുവരിയിൽ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.  

 കേരളകൗമുദിയിൽ 1939-ൽ തുടർച്ചയായി പ്രസിദ്ധീകരിച്ച നാടൻ പ്രേമം ആണ് എസ്. കെ.യുടെ ആദ്യ നോവൽ. ഈ നോവൽ പുസ്തക രൂപത്തിൽ 1941-ൽ പുറത്തുവന്നു. എസ്. കെ. പൊറ്റെക്കാട്ട് അരുണൻ എന്ന തൂലികാനാമത്തിൽ ഹാസ്യ വിമർശന ലേഖനങ്ങൾ എഴുതിയിരുന്നു. 

എസ്‌.കെ.യിലെ സഞ്ചാര സാഹിത്യകാരൻ

ക്വിറ്റ്  ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെതുടർന്ന് 1942ൽ എസ്. കെ. പോലീസിന്റെ നോട്ടപ്പുള്ളിയായിത്തീർന്നു. നാടുവിടാനുള്ള ചിന്ത എസ്‌.കെ.യെ വീണ്ടും ബോംബെയിലെത്തിച്ചു. ബോംബെയിൽ എത്തി പെട്ടെന്ന് തന്നെ ഒരു ജോലി തരപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും ആ ജോലിയും ഉപേക്ഷിച്ച് എസ്. കെ. കശ്മീർ പര്യടനത്തിനായി യാത്ര പുറപ്പെട്ടു.         

ആദ്യ ബോംബെ യാത്ര മുതൽ തന്നെ എസ്‌.കെ.യിലെ സഞ്ചാര സാഹിത്യകാരൻ ഉണർന്നിരുന്നു. ജീവിതബോധവും സാഹിത്യാഭിരുചിയും നവീകരിക്കുന്ന അനുഭവങ്ങളാണ് ഓരോ സഞ്ചാരങ്ങളിലൂടെയും അദ്ദേഹത്തിന് കൈവന്നത്. എസ്‌.കെ. കപ്പൽ മാർഗം ആദ്യവിദേശയാത്ര നടത്തുന്നത് 1949 ലാണ്. ഓരോ യാത്രയിലും കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ഓരോ നിമിഷങ്ങളും സാഹിത്യ ഭംഗിയിൽ ചാലിച്ച് വളരെ തന്മയത്വത്തോടെ അദ്ദേഹം പകർത്തി വെച്ചു. ഓരോ യാത്രയിലും കൃത്യമായ വിവരങ്ങൾ ശേഖരിച്ചാണ് നമുക്കായി അദ്ദേഹം പകർത്തി വച്ചു. ഓരോ യാത്രയിലും കൃത്യമായ വിവരങ്ങൾ ശേഖരിച്ചാണ് നമുക്കായി അദ്ദേഹം എഴുതിയിരുന്നതെന്നു കാണാം. സിംഹഭൂമി എന്ന കൃതി പരിശോധിക്കുമ്പോൾ ഗൊറില്ലയെക്കുറിച്ച് എത്ര നീണ്ട വിവരണമാണ് എസ്. കെ. നൽകുന്നതെന്ന് കാണാൻ കഴിയും. 

ഒരു പക്ഷേ നാം ആദ്യമായി ആഫ്രിക്കയും യൂറോപ്പും ഇന്തോനേഷ്യയും റഷ്യയുമൊക്കെ കണ്ടത് എസ്‌.കെ.യുടെ തൂലികയിലൂടെയാവും. ഓരോ നാട്ടിലെയും രാഷ്ട്രീയവും ഭൂമിശാശ്ത്രപരവുമായ പ്രത്യേകതയും പൗരാണികവും സാഹിത്യ സാംസ്‌കാരികപരവുമായ എല്ലാ വിവരങ്ങളും കണ്ടറിഞ്ഞു  പഠിച്ച എസ്. കെ. നമുക്കായി അത് എഴുതി നൽകാനും മടി കാണിച്ചിരുന്നില്ല. 

 എസ്‌.കെ.യുടെ കഥകളുടെ സവിശേഷതകൾ 

ഹിന്ദു - മുസ്ലിം മൈത്രി എന്ന ചെറുകഥ 1931ൽ എഴുതിയപ്പോൾ എസ്. കെ. വെറും കൗമാരപ്രായക്കാരനായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും വളരെയധികം ചെറുകഥകൾ ജന്മം കൊണ്ടിട്ടുണ്ട്. സഞ്ചാരകൃതികൾ മാത്രമായിരുന്നില്ല മറിച്ച് കഥയും കവിതയും ലേഖനങ്ങളുമെല്ലാം അദ്ദേഹം നമുക്കു സമ്മാനിച്ചിരുന്നു. 
  
എസ്‌.കെ.യുടെ കഥകളുടെ സവിശേഷത അദ്ദേഹം വെറുതെ കഥ പറഞ്ഞു പോവുകയല്ല ചെയ്തിരുന്നത്. കഥാപാത്രങ്ങളുടെ വിവരണം വളരെ തന്മയത്തോടുകൂടി അവതരിപ്പിച്ചിരുന്നു. അത് വായിക്കുമ്പോൾ തന്നെ ആ കഥാപാത്രത്തിനെന്തു സംഭവിച്ചു എന്നറിയാൻ നാം കഥ മുഴുവൻ വായിച്ചു പോകും. വായനക്കാരുടെ മനസ്സിനെ കീഴ്പ്പെടുത്തുന്ന പ്രകൃതി വർണ്ണനകളും ബിംബ കല്പനകളും കവിതയിലെന്ന പോലെ കഥകളിലും അദ്ദേഹം തുന്നിച്ചേർത്തു. 

 അനവധി നാടോടിക്കഥകൾ എസ്‌കെയുടെ തൂലികയിൽ നിന്ന് വന്ന ചെറുകഥകൾക്ക് വിഷയമായി തീർന്നിട്ടുണ്ട്. ബാലിദ്വീപിലെ യാത്രാമധ്യേ കണ്ടുമുട്ടിയ മിഴികളിൽ അസാമാന്യ തീക്ഷ്ണതയേറിയ വൃദ്ധയെക്കുറിച്ച് എസ്‌.കെ. തൻ്റെ കാട്ടുചെമ്പകം എന്ന കഥയിൽ പറയുന്നുണ്ട്.  കോഴിക്കോട് മുതൽ കോലാലമ്പൂർ വരെ  അതിരാണിപ്പാടം മുതൽ അന്റാർട്ടിക്ക വരെ, അങ്ങനെ അദ്ദേഹം സഞ്ചരിച്ച ഓരോ വഴിയിലൂടെയും പിന്നിട്ട നാളുകളിൽ കണ്ട വൈചിത്യ്രങ്ങളും വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് മനസ്സിൽ വരച്ചിടുമായിരുന്നു.  അവയൊക്കെത്തന്നെയാണ് എസ്‌.കെ.യുടെ കഥകളിൽ പ്രത്യക്ഷപ്പെട്ടതും.  

 ചുറ്റുപാടുകളിൽ കാണുന്ന യാഥാർഥ്യത്തിന്റെ ആവിഷ്കാരമായ യഥാർത്ഥ സാഹിത്യ സങ്കൽപ്പത്തിന് കാല്പനികതയുടെ ചിലങ്ക അണിയിക്കുന്നതായിരുന്നു എസ്.കെ. യുടെ കഥാരീതി. വായനക്കാരെ കൈപിടിച്ച് അദ്ദേഹം അപരിചിത ഭൂഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നു.  അസാമാന്യമായ ഈ കഥ രീതിയാണ് എസ്‌.കെ.യുടെ സഞ്ചാരകൃതികളെയും കഥകളെയും മലയാള മനസുകൾക്ക് പ്രിയങ്കരങ്ങളാക്കി മാറ്റിയത്. 

തെരഞ്ഞെടുപ്പിലൂടെ ലോകസഭയിലേക്ക്
ദ്ദേഹത്തിന്റെ സഞ്ചാരപരമായ അന്തർഭാവം ഉൾക്കൊള്ളുന്ന കവിതാ സമാഹാരങ്ങളാണ് പ്രേമശില്പിയും സഞ്ചാരിയുടെ ഗീതങ്ങളും. യാത്രാനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഏഴു ലേഖനങ്ങൾ ഉൾപ്പെടുന്ന ഉപന്യാസ സമാഹാരമാണ് എസ്‌.കെ.യുടെ ഗദ്യമേഖല. സഞ്ചരിക്കുന്ന ഡയറിക്കുറിപ്പുകൾ, എന്റെ വഴിയമ്പലങ്ങൾ  എന്നീ സ്‌മരണകളും സഞ്ചാരവുമായി ബന്ധപ്പെടുന്നവയാണ്.  കോഴിക്കോട് പട്ടണത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ ഒരു തെരുവിനെ നോക്കിയിരിക്കുന്ന മട്ടിൽ എസ്‌.കെ. പൊറ്റെക്കാട്ടിന്റെ മുട്ടൻ അർദ്ധകായ പ്രതിമ റോഡിനു മധ്യത്തിൽ സ്ഥാപിച്ചിട്ടുണ്ട്.  എസ്‌.കെ.യുടെ നോട്ടം പറ്റുന്ന ആ തെരുവാണ് പ്രസിദ്ധമായ മിഠായി തെരുവ് എന്ന പുരാതന വ്യാപാര കേന്ദ്രം. മിഠായിതെരുവിന്റെ പഴയ കാലം തന്നെയാണ് ഒരു തെരുവിന്റെ കഥയിൽ പുനർജനിച്ചത്.

തലശ്ശേരി പാർലമെന്റ് നിയോജകമണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പിന്തുണയോടു കൂടി സ്വതന്ത്രനായി 1957-ൽ ലോകസഭയിലേക്ക് എസ്. കെ. മത്സരിച്ചുവെങ്കിലും തോൽവിയായിരുന്നു ഫലം. പിന്നീട് 1962-ൽ ഇതേ നിയോജകമണ്ഡത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും എം.പി.യാവുകയും   ചെയ്തു. പാർലമെന്റ് അംഗത്വം 1967-ൽ അവസാനിച്ചപ്പോൾ വീണ്ടും സാംസ്‌കാരിക പ്രവർത്തനങ്ങളിലും എഴുത്തിലും അദ്ദേഹം മുഴുകി.  

എസ്. കെ. യുടെ കഥാസമാഹാരമായ യവനികക്കു പിന്നിൽ, നോവലായ വിഷകന്യക എന്നിവക്ക് മദ്രാസ് സംസ്‌ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. വിഷകന്യക എന്ന നോവൽ 1940-ൽ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്നതാണ്.  ഈ കൃതി പ്രസിദ്ധമായതോടു കൂടിയാണ് ഒരു നോവലിസ്റ്റ് എന്ന നിലയിൽ എസ്‌.കെ. പ്രസിദ്ധനായത്.  

വായനാനുഭവം ഇതൾ വിടർന്നു നിൽക്കുന്ന നോവലുകൾ 

സ്‌.കെ.യുടെ ഒരു തെരുവിന്റെ കഥക്ക് 1961-ൽ കേരള സാഹിത്യ അക്കാദമി അവാർഡും, 1972-ൽ ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി  അവാർഡും ലഭിച്ചു. ഒരു തെരുവിനെ ആധാരമാക്കി എഴുതിയ നോവലാണ് ഒരു തെരുവിന്റെ കഥ.  തെരുവിൽ ജീവിക്കുന്ന മനുഷ്യർ ഈ കഥയിൽ കഥാപാത്രങ്ങളായി എത്തുന്നു.  ഒരു മുഖവുരയും വിശദീകരണവും ഇല്ലാതെ തന്നെ തെരുവിനെ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുകയാണിവിടെ അദ്ദേഹം ചെയ്യുന്നത്.  പ്രത്യേകിച്ചൊരു കഥാപാത്രത്തെ കേന്ദ്രീകരിച്ചല്ല ഈ നോവലിന്റെ പോക്ക്.  തെരുവാണ് ഈ നോവലിലെ കേന്ദ്ര ബിന്ദു. ഈ നോവലിൽ സന്തോഷവും ദുഖവും നിറഞ്ഞ കഥാപാത്രങ്ങൾ  ഏറെയുണ്ട്. തെരുവിലെ ആൾക്കൂട്ടങ്ങളുടെ കഥയാണിത്.  

ഒരു ദേശത്തിന്റെ കഥ എന്ന നോവലിലേക്ക് വരുമ്പോൾ ഒരു തെരുവിന്റെ ഇടുങ്ങിയ മലീമസമായ അന്തരീക്ഷത്തിൽ നിന്നും ദേശത്തിന്റെ വിശാലമായ ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയാണ് അദ്ദേഹം ചെയ്യുന്നത്. ഒരു ദേശത്തിന്റെ കഥ എന്ന കൃതിയിൽ വളരെയധിക ഭാവനാസുന്ദരമായി ഹൃദയഹാരിയാകും വിധം ചെലവൂർ എന്ന ഗ്രാമം എസ്‌. കെ. അവതരിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെയും തട്ടിപ്പുകാരുടെയും വിചിത്ര സ്വഭാവമുള്ള മനുഷ്യരുടെയും ലോകത്തിന്റെ വിസ്തൃതമായ ആവിഷ്കാരമാണ് ഇവിടെ നാം കാണുന്നത്.

 ഒരു ദേശത്തിന്റെയും അവിടെ ജീവിച്ച തലമുറകളുടെയും ഹൃദയത്തുടിപ്പുകൾ എസ്‌.കെ.യുടെ ആത്മകഥാപരമായ ഈ നോവലിൽ നല്ലൊരു വായനാനുഭവം ഇതൾ വിടർന്നു നിൽക്കുന്നത് കാണാം.  ശ്രീധരൻ എന്ന യുവാവ് തൻ ജനിച്ചു വളർന്ന അതിരാണിപ്പാടം എന്ന ഗ്രാമം സന്ദർശിക്കാനെത്തുന്നതും അയാൾ തൻ്റെ ബാല്യ കാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് ഈ നോവലിന്റെ പ്രമേയം.  നീണ്ട ഒരു കാലഘട്ടത്തിന്റെ കഥയാണ് ഇതിൽ കഥാകൃത്ത് വിവരിക്കുന്നത്. ശ്രീധരൻ എന്ന കഥാപാത്രത്തെ  ചുറ്റിത്തിരിയുന്ന അനവധി വിചിത്ര വ്യക്തി തലങ്ങളും അവരുൾപ്പെടുന്ന രസകരമായ അനേകം സംഭവങ്ങളും ഒത്തു ചേർന്ന ഒരു ഉജ്വല രചനയാണിത്. 

ഇതിലെ ഓരോ അധ്യായവും വ്യത്യസ്ത സംഭവങ്ങളാണ്. അതീവ ഹൃദ്യമായ അവതരണ മികവ് വെളിവാക്കുന്ന ഒരു ദേശത്തിന്റെ കഥ തൊട്ടടുത്ത ദേശങ്ങളുടെ കഥയാണെന്നു കൂടി പറയാം.  ഗതകാല ചരിത്രത്തിലേക്കും സാമൂഹ്യ ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം വീശുന്ന രചനയാണിത്.  അതുകൊണ്ടുതന്നെയാവാം 1980-ൽ ഒരു ദേശത്തിന്റെ കഥയിലൂടെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം എസ്. കെ. പൊറ്റെക്കാട്ടിനെ തേടിയെത്തിയത്. 

സഞ്ചാരസാഹിത്യ കുലപതി

സ്. കെ. പൊറ്റെക്കാട്ട്  ദേശാടനത്തിൻ്റെ  കഥാകാരൻ എന്നറിയപ്പെടുന്നു.  അദ്ദേഹം വിവിധങ്ങളായ 63 കൃതികൾ രചിച്ചു.  എസ്‌.കെ.യുടെ പുള്ളിമാൻ, നാടാണ് പ്രേമം,  മൂടുപടം, ഞാവൽ പഴങ്ങൾ, കടവുതോണി എന്നീ രചനകൾ ചലചിത്രമാക്കിയിട്ടുണ്ട്. മുംബൈയിൽ നടന്ന പുരോഗമന സാഹിത്യ സംഘത്തിന്റെ സമ്മേളനത്തിൽ കേരളത്തിലെ എഴുത്തുകാരുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു.  ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് വിപുലമായി സഞ്ചരിച്ച് യാത്രാ വിവരണങ്ങൾ ശേഖരിച്ച എസ്‌.കെ. സാമാന്യ മനുഷ്യരുമായി അടുത്തിടപഴകി അവരുടെ ശക്തി ദൗർബല്യങ്ങൾ കണ്ടറിഞ്ഞു.  അദ്ദേഹം പ്രകൃതി സൗന്ദര്യം പകർത്തിയ സഞ്ചാരസാഹിത്യ കുലപതിയായിരുന്നു.  കോഴിക്കോട് സർവ്വകലാശാല 1982 മാർച്ച് 05ന്  ഡിലിറ്റ്  ബിരുദം നൽകി ആദരിച്ചു. ഹെൽസിങ്കിയിൽ നടന്ന ലോകസമാധാന സമ്മേളനത്തിൽ എസ്‌.കെ. പൊറ്റെക്കാട്ട് സാന്നിധ്യം  വഹിച്ചു. 

കേരളസാഹിത്യ അക്കാദമി, പുരോഗമന സാഹിത്യ സംഘം,  മലബാർ കേന്ദ്ര കലാസമിതി,  സാഹിത്യ പ്രവർത്തക സഹകരണ സംഘം,  തുഞ്ചൻ സ്‌മാരക സമിതി,  സമസ്ത കേരളം സാഹിത്യ പരിഷത്,  പ്രപഞ്ചം മാനസിക,  ലളിത കല അക്കാദമി,  ഇമ്പക്സ്, എസ്‌പോ, ആഫ്രോ ഏഷ്യൻ സൗഹൃദപ്രസ്ഥാനം,  പീസ് മൂവ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങളിലും സംഘടനകളിലുമായി എസ്. കെ. പ്രവർത്തിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവായി അദ്ദേഹം കുറേക്കാലം പ്രവർത്തിച്ചിട്ടുണ്ട്.  എസ്‌.കെ. പൊറ്റെക്കാട്ടിന്റെ മറ്റു പ്രധാന കൃതികൾ ഇവയാണ്.  വല്ലികാദേവി,  പ്രേമശിക്ഷ,  മൂടുപടം,  കറാമ്പൂ, കുരുമുളക്, കാബീന, നോർത്ത് അവന്യൂ, ചന്ദ്രകാന്തം,  മണിമാളിക, രാജമല്ലി, നിശാഗന്ധി, പുള്ളിമാൻ, മേഘമാല, ജലതരംഗം, വൈജയന്തി,  പൗർണമി, ഇന്ദ്രനീലം, ഹിമവാഹിനി, പ്രേതഭൂമി, രംഗമണ്ഡപം, യവനികക്കു പിന്നിൽ, കള്ളിപ്പൂക്കൾ, വനകൗമുദി, കനകാംബരം, അന്തർവാഹിനി, ഏഴിലംപാല, തെരഞ്ഞെടുത്ത കഥകൾ, വൃന്ദാവനം, കാട്ടുചെമ്പകം, ഒട്ടകം,  അന്തകന്റെ തോട്ടി, നദീതീരത്തെ, കടവുതോണി, മെയിൽ റണ്ണർ, രഹസ്യം, മലയാളത്തിന്റെ ചോര, ജയിൽ, കാശ്മീർ, യാത്രാസ്മരണകൾ, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി, നൈൽഡയറി, മലയാളനാടുകളിൽ, ഇന്നത്തെ യൂറോപ്പ്, ഇന്തോനേഷ്യൻ ഡയറി, സോവിയറ്റ് ഡയറി, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്, ബൊഹേമിയൻ ചിത്രങ്ങൾ, ഹിമാലയൻ സാമ്രാജ്യത്തിൽ, നേപ്പാൾയാത്ര, ലണ്ടൻ നോട്ട് ബുക്ക്,  കെയ്‌റോ കഥകൾ,  ക്ലിയോപാട്രയുടെ നാട്ടിൽ,  ആഫ്രിക്ക, യൂറോപ്പ്, അച്ഛൻ, പൊന്തക്കാടുകൾ, എൻ്റെ സംസാരിക്കുന്ന ഡയറിക്കുറിപ്പുകൾ.

സഞ്ചാരപ്രിയനായ എസ്‌.കെ. ഒട്ടേറെ നാടുകളുടെയും അതിരാണിപ്പാടത്തെയും  തെരുവിനെയുമെല്ലാം നമ്മുടെ മനസ്സിൽ ഒളിമങ്ങാതെ നിലനിർത്തിയിട്ട് 1982 -ആഗസ്റ്റ് ആറാം തിയതി നിത്യതയിലേക്ക് യാത്രയായി.

തയ്യാറാക്കിയത് - സുരേഷ്അന്നമനട 

Leave A Comment