‘പഹൽഗാം പരാമർശം’; സൂര്യകുമാറിനെതിരേ ഐസിസി നടപടി, പാക് താരം ഹാരിസ് റൗഫിനും പിഴ ശിക്ഷ
ദുബായ്: പാക്കിസ്ഥാനെതിരായ മത്സരശേഷം നടത്തിയ പ്രതികരണങ്ങളില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെതിരേ ഐസിസി നടപടി. സൂര്യകുമാറിന് ഐസിസി പിഴ ചുമത്തി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയിലാണ് ഐസിസിയുടെ നടപടി. വിഷയത്തിൽ വിശദീകരണം തേടി സൂര്യകുമാറിനെ ഐസിസി പാനൽ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഐസിസിയുടെ തീരുമാനം.മാച്ച് ഫീയുടെ 30% ആണ് സൂര്യകുമാറിന് പിഴയായി വിധിച്ചിരിക്കുന്നത്. അതേ സമയം ഇന്ത്യയുമായുള്ള മത്സരത്തിനിടെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന തരത്തിലുള്ള ആംഗ്യം കാണിച്ചതിനു ഹാരിസ് റൗഫിന് പിഴ ശിക്ഷയുണ്ട്. മാച്ച് ഫീയുടെ 30% ആണ് ആണ് പിഴ.
രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാവുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നേരത്തേ നിർദേശവും നൽകിയിരുന്നു.പാക്കിസ്ഥാതിരായ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം ജയിച്ചശേഷം, സൂര്യകുമാര്‍ യാദവ് വിജയം പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഇന്ത്യന്‍ സേനയ്ക്കുമായി സമര്‍പ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പാക്കിസ്ഥാന്റെ പരാതി.സമ്മാനദാനച്ചടങ്ങിലും വാർത്താസമ്മേളനത്തിലും സൂര്യകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരേ രണ്ട് പരാതികൾ പിസിബി നൽകിയതായി മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ ഇന്ത്യൻ ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു.
പിസിബി സമർപ്പിച്ച തെളിവുകളും മൊഴികളും പരിശോധിച്ചതായും സൂര്യകുമാറിന്റെ പരാമർശങ്ങൾ കായികരംഗത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്താൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റനെതിരെ കുറ്റം ചുമത്തേണ്ടതാണെന്നും റിച്ചാർഡ്സൺ ഇമെയിലിൽ പറഞ്ഞിരുന്നു. പിന്നാലെ സൂര്യയുടെ വിശദീകരണം കേട്ട ശേഷം ഐസിസി നടപടിയെടുക്കുകയായിരുന്നു.കളിക്കാൻ വേണ്ടി മാത്രം വന്നതുകൊണ്ട് ഞങ്ങൾ ഇത്തരമൊരു നിലപാടെടുത്തുവെന്നാണ് നേരത്തേ ഹസ്തദാനവിവാദത്തെ സംബന്ധിച്ച് സൂര്യ പ്രതികരിച്ചത്. തങ്ങൾ ബിസിസിഐയുമായും കേന്ദ്രസർക്കാരുമായും ചേർന്നാണ് നിൽക്കുന്നതെന്നും സൂര്യകുമാർ പാക്കിസ്ഥാനെതിരായ മത്സരശേഷം പറഞ്ഞു.
എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയമായ പ്രേരണയുണ്ടോ എന്ന ചോദ്യത്തിന് ജീവിതത്തിലെ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണെന്നാണ് സൂര്യകുമാർ മറുപടി നൽകിയത്. ഇക്കാര്യം ഞാൻ സമ്മാനദാന ചടങ്ങിലും പറഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ എല്ലാ ഇരകൾക്കൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. - സൂര്യകുമാർ പറഞ്ഞു.
Leave A Comment