ക്രൈം

കൊച്ചിയിൽ മസ്സാജ് പാർലർ കേന്ദ്രീകരിച്ച് വീണ്ടും വൻ മയക്കുമരുന്ന് വേട്ട

കൊച്ചി: കൊച്ചിയിൽ മസ്സാജ് പാർലർ കേന്ദ്രീകരിച്ച് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. രാസ ലഹരി മരുന്നായ 45 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തൈക്കുടം ഗ്രീൻ ടച്ച് ഹെൽത്ത് കെയർ സ്പാ നടത്തുന്ന നെട്ടൂർ സ്വദേശി ഷബീക് ആണ് പിടിയിലായത്. എറണാകുളം സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാറിന്‍റെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്. 

സ്പായിൽ വരുന്നവരിൽ മയക്കുമരുന്ന് ഇടപാടുകാരുമുണ്ടെന്ന് എക്സൈസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സ്‌ക്വാഡ് ഷാഡോ അംഗങ്ങൾ ഷബീക്കിനെ നിരീക്ഷിച്ചു തുടങ്ങിയത്. മയക്കുമരുന്നിന് അടിമയായ പ്രതി ബാംഗളൂരിൽ നിന്നും മറ്റും മുന്തിയ ഇനം രാസ ലഹരികൾ എറണാകുളത്ത് എത്തിച്ചു വില്പന നടത്തി വരികയായിരുന്നു. പിടിയിൽ ആകുന്ന സമയത്തും ഇയാൾ ലഹരിയിലായിരുന്നു. 

ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് ഷബീക്കിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തത്. ഇരുപത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിതെന്ന് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി വിജയകുമാർ പറഞ്ഞു. റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഹാരിസ്‌, പ്രിവന്‍റീവ് ഓഫീസർ ജെനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മനോജ്‌, ശ്രീകുമാർ, ബദർ അലി, മേഘ എന്നിവർ ഉണ്ടായിരുന്നു.

Leave A Comment