വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: വീട്ടുടമയും കൂട്ടാളിയും പിടിയിൽ
കളമശേരി: വാടക നൽകാത്തതിന്റെ വിരോധത്തിൽ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ വീട്ടുടമയും കൂട്ടാളിയും കളമശേരി പോലീസിന്റെ പിടിയിലായി. ആലുവ, തൈക്കാട്ടുകര, വിടാക്കുഴ, നംബാട്ടുനട വീട്ടിൽ എൻ.എ. നസീർ (43), ആസാം നാഗൗത്ത് ഗുരുബന്ധ, ഫോജോർ അലി (23) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. നസീറിന്റെ ഭാര്യാമതാവിന്റെ ഉടമസ്ഥതയിലുള്ള വീടാണ് വാടകയ്ക്ക് നൽകിയിരുന്നത്.
നസീറും ഇയാളുടെ നോർത്ത് കളമശേരിയിലെ ഫ്രൂട്ട്സ് സ്റ്റാളിലെ ജോലിക്കാരനായ ഫോജോർ അലിയും കൂടി ഇന്നലെ വൈകിട്ടോടെ മുഹമ്മദ് അസ്കർ താമസിക്കുന്ന വാടക വീട്ടിലെത്തി വാടക ആവശ്യപ്പെട്ടു. വാടക തന്നില്ലെങ്കിൽ വീട് ഒഴിയുവാൻ നസീർ ആവശ്യപ്പെട്ടു. വീടൊഴിയുവാൻ സാവകാശം ചോദിച്ച വാടകക്കാരനായ മുഹമ്മദിനെ തള്ളി മാറ്റി വീടിനകത്ത് കടന്ന് വീട്ടുസാധനങ്ങൾ പുറത്തേക്കെറിയുകയും ഇത് തടയുവാനെത്തിയ മുഹമ്മദിനെയും ഭാര്യ ജാസ്മിനെയും മകനായ ഷറഫുദ്ദീനേയും ഇരുവരും ചേർന്ന് മർദിക്കുകയും ചെയ്തു.
നസീർ കോൺക്രീറ്റ് കട്ടകൊണ്ട് മുഹമ്മദിനെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. അവശനിലയിലായ മുഹമ്മദിനെ വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിക്കുവാൻ ശ്രമിച്ചപ്പോൾ നസീറും കൂട്ടാളിയും ചേർന്ന് ഇവരെ തടഞ്ഞു. പോലീസ് സംഘം സ്ഥലത്തെത്തും മുമ്പേ നസീറും കൂട്ടാളിയും സംഭവ സ്ഥലത്തു കടന്ന് കളഞ്ഞിരുന്നു. പോലീസ് പരിക്കേറ്റവരെ ഉടൻതന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് അസ്കറിന്റെ പരാതിയിൽ കേസെടുത്ത പോലീസ് മെഡിക്കൽ കോളജിന്റെ പരിസരത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Leave A Comment