വിവാഹ അഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച് യുവാവ്
വൈപ്പിൻ: വിവാഹ അഭ്യർഥനയുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയ ബസ് കണ്ടക്ടറായ യുവാവ് പെൺകുട്ടിയുടെ പിതാവിനെ വീടുകയറി ആക്രമിച്ചു. പിതാവിനെ സമീപിച്ച് മകളെ കെട്ടിച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതാണ് ആക്രമണത്തിനു കാരണം.
സംഭവത്തിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശി പറവൂർ വടക്കേക്കര ചക്കുമരശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന മേപ്പറമ്പ് ആഷികിനെ -23 മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തിരുവോണ ദിവസം രാത്രി എട്ടോടെ അയ്യമ്പിള്ളി മനപ്പിള്ളി റോഡ് ഭാഗത്തുള്ള വീട്ടിലാണ് സംഭവം. പ്രതി ഇടിവളകൊണ്ട് നെഞ്ചിനാണ് ഇടിച്ചത്. കൂടാതെ മകളെ വിവാഹം ചെയ്തു തന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും മുഴക്കി.
വീട്ടുകാർ ബഹളം വച്ചതിനെതുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് മുനമ്പം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭവന ഭേദനം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
വൈപ്പിൻ റൂട്ടിലെ സാധിക, യാസിൻ എന്നീ സ്വകാര്യ ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്തുവരുന്ന പ്രതി പെൺകുട്ടി ബസിൽ കയറുന്ന പരിചയം വച്ചാണ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പറവൂർ പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിൽ പ്രതിയായ കണ്ടക്ടർ 10 കിലോ കഞ്ചാവുമായി ആന്ധ്രയിൽ പിടിയിലാകുകയും ഒന്നര വർഷം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുളളതായി പോലീസ് അറിയിച്ചു.
Leave A Comment