ജില്ലാ വാർത്ത

ആഫ്രിക്കന്‍ ഒച്ചിന്‍റെ ഭീതിയില്‍ കഴിയുന്ന ഒരു ഗ്രാമം

തൃശൂര്‍: പത്ത് വര്‍ഷത്തോളമായി ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യത്താല്‍ ഭീതിയില്‍ കഴിയുന്ന ഒരു ഗ്രാമമുണ്ട് തൃശ്ശൂരില്‍. പാറളം പഞ്ചായത്തിലെ  ശാസ്താംകടവ് മേഖലയിലെ ജനങ്ങളാണ്   ഒച്ച് ശല്യം മൂലം ദുരിതമനുഭവിക്കുന്നത്.നവകേരള സദസ്സ് തൃശ്ശൂരിലെത്തുമ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട്  നിവേദനം നല്‍കാനിരിക്കുകയാണ് പഞ്ചായത്ത്.

പാറളം പഞ്ചായത്തിലെ 1, 2 ,15 വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യമുള്ളത്. മഴപെയ്ത് തുടങ്ങിയതോടെയാണ്  ഒച്ചുകൾ വീണ്ടും  വ്യാപകമായത് . മുറ്റം മുതല്‍  ശുചിമുറി വരെ ഇവ കൂട്ടമായെത്തി പറ്റിപ്പിടിച്ചിരിക്കും.. വീട്ടുവളപ്പിലെ വാഴ, പപ്പായ, മുരിങ്ങ, ചേമ്പ്, ഇഞ്ചി തുടങ്ങി എല്ലാ കൃഷി വിളകളും  ആക്രമിച്ച് നശിപ്പിക്കും. 

അതിരാവിലെ മുതൽ വെയിൽ ചൂടാവുന്ന  വരെ ഇവയെ വ്യാപകമായി കാണാം. എന്നാൽ വെയിൽ കനത്താൽ കാണില്ല. പിന്നീട് വൈകീട്ട് വെയിൽ ചാഞ്ഞ് ചൂടൊഴിയുന്നതോടെ വീണ്ടും ഇവയുടെ പ്രവാഹമാണ്. വീടിനകത്തേക്ക് വരെ കയറി ശല്യമാണ്.  ഭക്ഷണം കഴിക്കുന്നതിനിടെ ഇവയെ കാണ്ടാല്‍  അറപ്പ് മൂലം  അതും ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണ്. നേരം വെളുത്താല്‍   ഇവയെ  നശിപ്പിക്കലാണ് ഇവിടുത്തുകാരുടെ പ്രധാന ജോലി.

നേരത്തെ കാര്‍ഷിക സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഒച്ചുകളെ തുരത്താന്‍ മരുന്ന് നിശ്ചയിച്ച് നല്‍കിയിരുന്നു. കിലോയ്ക്ക് ആയിരം രൂപക്കടുത്ത് വില വരുന്ന ഈ മരുന്ന് വാങ്ങാന്‍  പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും ഇതിനോടകം  ചെലവഴിച്ചത് ലക്ഷങ്ങളാണ്. എന്നിട്ടും ഇവയുടെ ശല്യം കൂടുന്നതല്ലാതെ കുറുയുന്നില്ല. 

ഗുണഭോക്താക്കളെ വെച്ച് മരുന്ന് നല്‍കുന്ന കൃഷിവകുപ്പിന്‍റെ രീതി പ്രായോഗികമല്ല. കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും, വിഷയത്തില്‍ സര്‍ക്കാര്‍  നേരിട്ട് ഇടപെടണമെന്നും  15 -ാം വാര്‍ഡ് മെമ്പര്‍ പ്രമോദ് പറഞ്ഞു.

ഒച്ച് ശല്യം ചൂണ്ടിക്കാട്ടി കൃഷിമന്ത്രിക്കടക്കം പഞ്ചായത്ത് അംഗങ്ങള്‍ നിവേദനം നല്‍കിയിരുന്നു. എന്നിട്ടും നടപടിയില്ലാതായതോടെ നവകേരള സദസ്സ്   തൃശ്ശൂരിലെത്തുമ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ കാത്തിരിക്കുകയാണ് പഞ്ചായത്ത്.

Leave A Comment