സുരേഷ് ഗോപി ഉറപ്പിച്ചിട്ടില്ല;തൃശൂരിൽ ബിജെപി പ്രചാരണം തുടങ്ങി
തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങള്‍ ശേഷിക്കേ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി പ്രചാരണം തുടങ്ങി. വീടുകള്‍ കയറിയിറങ്ങിയാണ് പ്രവര്‍ത്തകര്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
തൃശൂര്‍ നഗരത്തില്‍ എംജി റോഡില്‍ ഓവര്‍ബ്രിഡ്ജിനു സമീപം വലിയ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റു നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രവും വച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. പറയാതെതന്നെ സ്ഥാനാര്‍ഥിയുടെ പേരു പറഞ്ഞാണ് ബിജെപിയുടെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി അവസാന അടവ് പുറത്തെടുക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്. അതിനു മുന്നോടിയായാണ് ഇത്തരത്തിലുള്ള പ്രചാരണവും. കേരളത്തില്‍ ബിജെപി കണ്ണുനട്ടിരിക്കുന്നത് തൃശൂരിലെ സീറ്റാണ്.
പക്ഷേ മണിപ്പുര്‍ തിരിച്ചടിക്കുമോയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. കൂടുതല്‍ ക്രൈസ്തവ വോട്ടര്‍മാരുള്ള തൃശൂര്‍ മണ്ഡലത്തില്‍ മണിപ്പുര്‍ വിഷയത്തെ മറികടക്കാന്‍ ഒരു പോംവഴിയുമില്ലെന്നത് വെല്ലുവിളിയാണ്.
കോണ്‍ഗ്രസും ഇടതുപക്ഷവും ബിജെപിയുടെ പ്രചാരണത്തെ കാര്യമായെടുത്തിട്ടില്ല. എത്ര പ്രചരണം നടത്തിയാലും തൃശൂരിലെ വോട്ടര്‍മാര്‍ അത്രവേഗം വീഴുന്നവരല്ലെന്നാണ് ഇരു ഭാഗവും പറയുന്നത്.
വീണ്ടും മത്സരിക്കണമെന്ന് എഐസിസി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കാന്‍ തയാറായാണ് ടി.എൻ. പ്രതാപൻ നില്‍ക്കുന്നത്. ഇനി ലോക്സഭയിലേക്കില്ലെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും സുരേഷ് ഗോപി വീണ്ടും വെല്ലുവിളിയുയര്‍ത്തിയാല്‍ നേരിട്ടിട്ടുതന്നെ കാര്യമെന്ന നിലപാടിലാണിപ്പോള്‍ പ്രതാപൻ.
സിപിഐയുടെ സീറ്റായതിനാല്‍ മുന്‍മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഇറക്കണമെന്ന ആവശ്യത്തിലാണ് മുന്നണിയിലെ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍. പക്ഷേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇതിനു തടസം നിന്നാല്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും.
പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തികളോടായി മാറരുതെന്ന നിലപാടാണ് മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക്. എന്തായാലും ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഏറ്റവും ശ്രദ്ധ നേടുന്ന മണ്ഡലമായി മാറുമെന്നതില്‍ സംശയമില്ല.
Leave A Comment