മഹാരാജാസിന്റെ നേട്ടങ്ങളെ ഇകഴ്ത്താന്‍ ശ്രമം: മന്ത്രി ആർ. ബിന്ദു
കൊച്ചി: മഹാരാജാസ് കോളജിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മന്ത്രി ആര് ബിന്ദു. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും അവർ പറഞ്ഞു. കോളജിലെ പുതിയ വനിത ഹോസ്റ്റല്‍ മന്ദിരത്തിന്റെയും കെമിസ്ട്രി സെമിനാര്‍ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാരാജാസിന്റേത് മഹത്തായ പാരമ്പര്യമാണ്. ഇവിടുത്തെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ഇവിടത്തെ അധ്യാപകര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. പല കോളജുകള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പല ഗുണങ്ങളും പാരമ്പര്യങ്ങളും അവകാശപ്പെടാന്‍ കഴിയുന്ന കലാലയമാണിത്.
ആ പാരമ്പര്യം നിലനിര്‍ത്താന്‍ നമുക്ക് കഴിയണം. കാലാനുസൃതമായ വികസനം നടപ്പാക്കുന്നതിനൊപ്പം കോളജിലെ അക്കാഡമിക നിലവാരവും മെച്ചപ്പെടുത്തും. ദീര്‍ഘ വിക്ഷണത്തോടെയുള്ള പദ്ധതികളാകണം കോളജില്‍ ഉണ്ടാകേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കിയുള്ള ഒരു അധ്യയനരീതിക്ക് അധ്യാപകര്‍ ഉള്‍പ്പെടുന്ന സമൂഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പത്മജ എസ്.മേനോന്, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.സുധീര്‍, പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ജോയ്, ഗവേണിംഗ് ബോഡി ചെയര്മാന് ഡോ.എന്‍. രമാകാന്തന് തുടങ്ങിയവരും പങ്കെടുത്തു.
Leave A Comment