ഭക്ഷണത്തിൽ ചത്ത പല്ലി; എയർപോർട്ട് സ്റ്റാഫ് കാന്റീൻ സിയാൽ അടപ്പിച്ചു
നെടുമ്പാശേരി: ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെന്ന പരാതിയെ തുടർന്ന് എയർപോർട്ട് സ്റ്റാഫ് കാന്റീൻ സിയാൽ അധികൃതർ അടപ്പിച്ചു. ഞായറാഴ്ച രാവിലെ കാന്റീനിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരന് സാമ്പാറിൽ നിന്ന് പല്ലിയെ കിട്ടിയെന്നാണ് പരാതി. സ്വകാര്യ ഏജൻസിയാണ് കരാർ അടിസ്ഥാനത്തിൽ കാന്റീൻ നടത്തുന്നത്. ഈ ഏജൻസിയുടെ കരാർ കാലാവധി ഈ മാസം അവസാനിക്കെയാണ് സംഭവം.
പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് സിയാൽ അധികൃതർ അന്വേഷണം നടത്തിവരികയാണ്. കർശനമായ നിബന്ധനകളോടെയാണ് കാന്റീൻ നടത്തിപ്പിന് സിയാൽ കരാർ നൽകുന്നത്.
ഭക്ഷണത്തിന്റെ ഗുണമേന്മയും ശുചിത്വവും ഇതിൽ പ്രധാന ഘടകമാണ്. ഇതിൽ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടാൽ കരാറുകാരനെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും ഇയാളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്യും. കാന്റീൻ അടച്ചതോടെ കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണലഭ്യത ഉറപ്പാക്കാൻ ഇന്ന് മുതൽ സിയാൽ അധികൃതർ പകരം സംവിധാനമൊരുക്കും.
Leave A Comment