കനത്ത മഴ: ജില്ലയിൽ ക്യാമ്പുകൾ തുറന്നു
തൃശൂർ: മഴ ശക്തമായതിനെ തുടർന്ന് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നു. ചാലക്കുടി താലൂക്കിൽ പരിയാരത്ത് നാലു കുടുംബങ്ങളിലെ അഞ്ചു പുരുഷന്മാർ, ആറു സ്ത്രീകൾ, നാലു കുട്ടികൾ എന്നിങ്ങനെ 15 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.
മുകുന്ദപുരം താലൂക്ക് പുത്തൻചിറ വില്ലേജിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രൊജക്റ്റ് കുന്നിൽ നിന്ന് ഒരു കുടുംബത്തെ വെള്ളൂർ ചെറിയ സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. ജില്ലയിൽ മരങ്ങൾ വീണ് ആറു വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് അധിക ജലം ചാലക്കുടി പുഴയിലേയ്ക്ക് തുറന്നു വിടുന്നതിന്റെ മുന്നൊരുക്ക നടപടികൾ വിലയിരുത്താനായി ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ഓൺലൈനായി ഇന്നലെ യോഗം ചേർന്നു. ആവശ്യമെങ്കിൽ മലക്കപ്പാറ മേഖലയിലേക്ക് ആംബുലൻസ് ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
പുഴകളിലെ മീൻ പിടിത്തം തടയുന്നതിന് പോലീസും വനം വകുപ്പും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും.
അന്നമനട ഗ്രാമപഞ്ചായത്തിലെ പുറക്കുളം, നെടുകുളം തോടുകളിൽ നിന്ന് പുല്ല്, ചണ്ടി എന്നിവ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. ചാലക്കുടി നഗരസഭാ പരിധിയിയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ, ശിഖരങ്ങൾ അടിയന്തിരമായി മുറിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
Leave A Comment