ജില്ലാ വാർത്ത

തൃപ്രയാറിൽ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ എംവിഐ അറസ്റ്റിൽ

തൃപ്രയാർ: തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അയ്യായിരം രൂപയാണ് ജോർജ്ജിനായി അഷ്റഫ് എന്നയാൾ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിർദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളിൽ അയ്യായിരം രൂപ എത്തിച്ചാൽ ലൈസൻസ് നൽകാമെന്നായിരുന്നു വാഗ്ദാനം.

ഇന്ന് തൃപ്രയാറിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ആളുകൾ നോക്കിനിൽക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോർജ്ജിന് വേണ്ടിയാണെന്ന് മൊഴി നൽകി. ഇതോടെ എംവിഐയെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരൻ വിജിലൻസിനെ സമീപിച്ച് പരാതി എഴുതി നൽകി. തുടർന്ന് വിജിലൻസ് വിരിച്ച വലയിൽ ഉദ്യോഗസ്ഥൻ വീഴുകയായിരുന്നു. തൃശ്ശൂരിൽ മാത്രം ഈ വർഷം ഒൻപതാമത്തെ കേസാണ് ഇത്. ഏരിയങ്കാവിൽ എംവിഐ സിഎസ് ജോർജ്ജിന്റെ വീട്ടിലും വിജിലൻസിന്റെ പരിശോധന നടക്കുന്നുണ്ട്.

Leave A Comment