പിഴയടയ്ക്കാൻ വിസമ്മതിച്ച് ഗ്രോ വാസു; റിമാൻഡ് നീട്ടി
കോഴിക്കോട്: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചതിന്റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുമ്പില്‍ പ്രതിഷേധിച്ച കേസില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിന്റെ റിമാൻഡ് നീട്ടി കോടതി.ഓഗസ്റ്റ് 25 വരെയാണ് കുന്നമംഗംലം കോടതി റിമാൻഡ് നീട്ടിയത്. കുറ്റം സമ്മതിക്കുന്നോ എന്ന കോടതിയുടെ ചോദ്യത്തോട്, താൻ ഒരു പ്രതിഷേധത്തിലാണെന്നായിരുന്നു ഗ്രോ വാസുവിന്റെ മറുപടി. ഗ്രോ വാസുവിനെ കുറ്റപത്രം കോടതി വായിച്ചു കേൾപ്പിച്ചു.
പൊതുസ്ഥലത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ ആയിരം രൂപ പിഴ അടയ്ക്കണമെന്ന തീരുമാനം അംഗീകരിക്കാൻ തയാറല്ല. രണ്ടു തരം നിയമമാണ് നിലനിൽക്കുന്നത്. എട്ടു പേരെ വെടിവച്ചു കൊന്നത് അനീതിയാണെന്നും കോടതിയിൽ ഗ്രോവാസു പറഞ്ഞു.
കേസിന്റെ വിചാരണ തുടങ്ങാൻ സാക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.
ഗ്രോ വാസുവിനു പലതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. തുടർന്ന് കുന്നമംഗലം കോടതി ജാമ്യം അനുവദിച്ചെങ്കിലും സ്വീകരിക്കാനോ രേഖകളിൽ ഒപ്പിടാനോ ഗ്രോ വാസു തയാറായില്ല.
Leave A Comment