അങ്കമാലിയിൽ പാറമട കുളത്തിൽ വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
അങ്കമാലി: കൂട്ടുകാരോടൊത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടയിൽ വീണ സ്കൂൾ വിദ്യാർഥി മുങ്ങി മരിച്ചു. അങ്കമാലി കറുകുറ്റി പഞ്ചായത്ത് 15-ാം വാർഡിൽ പീച്ചാനിക്കാട് പുഞ്ചിരി നഗറിൽ മുന്നൂർപ്പിള്ളി വീട്ടിൽ രവിയുടെ മകൻ അഭിനവാണ് (13) മരിച്ചത്. കൊരട്ടി എൽ.എഫ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്ന് (ഞായർ) വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ ഉയർന്ന പറമ്പിൽ പതിവായി കുട്ടികൾ ക്രിക്കറ്റ് കളിക്കാറുണ്ട്. പറമ്പിന്‍റെ കിഴക്ക് വശത്തെ താഴ്ന്ന ഭാഗത്താണ് പ്രവർത്തനരഹിതമായ വെള്ളം നിറഞ്ഞ പാറമട. പന്ത് പാറമട ഭാഗത്തേക്ക് തെറിച്ചു പോയതോടെ ഒപ്പം പാഞ്ഞ അഭിനവ് പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വീണതാണെന്നാണ് കരുതുന്നത്. പന്തെടുക്കാൻ പോയ അഭിനവിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ കൂട്ടുകാർ പറഞ്ഞപ്രകാരം നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് പാറമടയിൽ വീണതായി സംശയം ഉയർന്നത്.
13 അടി താഴ്ചയോളമുള്ള പാറമടയിലാണ് അഭിനവ് വീണത്. അങ്കമാലി അഗ്നിരക്ഷാ സേനയിൽനിന്നും അസി. സ്റ്റേഷൻ ഓഫീസർ ജിജിയുടെ നേതൃത്വത്തിൽ എത്തിയ മുങ്ങൽ വിദഗ്ദരായ അനിൽ മോഹൻ, അഖിൽ എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Leave A Comment