വരന്തരപ്പിള്ളിയിൽ ഗർഭിണി ഉൾപ്പടെ 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു
വരന്തരപ്പിള്ളി: വരന്തരപ്പിള്ളിയിൽ ഗർഭിണി ഉൾപ്പടെ 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വരന്തരപ്പിള്ളി പൗണ്ട് സെൻ്ററിൽ പ്രവർത്തിക്കുന്ന അൽമുസാദ ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും ചേർന്ന് അടപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.ഛർദിയും, വയറിളക്കവും അനുഭവപ്പെട്ടവർ പുതുക്കാട് താലൂക്ക് ആശുപത്രി, കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം, വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സതേടി. ആരുടെയും നില ഗുരുതരമല്ല.
വരന്തരപ്പിള്ളി, പാലപ്പിള്ളി, വേലൂപ്പാടം എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഹോട്ടൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ സാഹചര്യമാണ് ഹോട്ടലിലുള്ളതെന്നും ആരോഗ്യവിഭാഗം കണ്ടെത്തി.
വരന്തരപ്പിള്ളി ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ.മനോജ്,ജെഎച്ച്ഐമാരായ പി.സി.രാജേഷ്, ടി.ഐ.ബൈജു, റോബിൻ ജോസ്, അഖില, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ, വരന്തരപ്പിള്ളി പോലീസ് എന്നിവർ ചേർന്നാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.
Leave A Comment