ആലുവ ജില്ലാ ആശുപത്രി : താത്കാലികമായി സർവീസിൽ തുടരുന്നവരെ പിരിച്ചുവിടും
ആലുവ: ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ശേഷവും താത്ക്കാലിക ജീവനക്കാരായി ജോലിയിൽ തുടരുന്നവരെ പിരിച്ചുവിടാൻ ജില്ലാ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. രണ്ടാഴ്ച്ച മുമ്പ് ഡയാലിസിസ് സെന്ററിലെ രണ്ട് ഡോക്ടർമാരെ എൻഎച്ച്ആർഎം പിരിച്ചുവിട്ടത് ഇരട്ട നീതിയെന്ന് വിമർശനം വന്നതോടെയാണ് മറ്റ് താത്കാലികക്കാരെയും പിരിച്ചുവിടാൻ തീരുമാനമായത്.
ഓഫീസ് ക്ലർക്ക്, ഫാർമസി, പ്യൂൺ, സ്റ്റോർ കീപ്പർ എന്നീ പോസ്റ്റുകളിൽ താത്കാലിക നിയമനം ലഭിച്ചിരുന്ന 65 വയസ് പ്രായം കഴിഞ്ഞ അഞ്ചോളം പേരെയാണ് പിരിച്ചുവിടുന്നത്. ആലുവ ജില്ലാ ആശുപത്രിയിൽനിന്നും വിരമിച്ച ശേഷവും വർഷങ്ങളായി താത്കാലിക നിയമനം വഴി സർവീസിൽ തുടരുന്നവരാണിവർ.
നിർമാണം പൂർത്തിയായ പ്രസവ വാർഡും ലിഫ്റ്റ് സ്ഥാപിക്കാൻ വൈകുന്നതിന്റെ പേരിൽ തുറക്കാത്ത വയോജന വാർഡും ഉടൻ തുറക്കും. പഴയ കൊവിഡ് ബ്ലോക്കിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഐസിയു യൂണിറ്റ് തുറക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി.
Leave A Comment