സംഭരണ കുടിശിഖ കിട്ടിയില്ല നെൽകർഷകർ ആത്മഹത്യയുടെ വക്കിൽ
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ കർഷകരുടെ നെല്ലു സംഭരണ കുടിശിഖ കിട്ടാതായതോടെ കർഷകർ ആത്മഹത്യയുടെ വക്കിൽ.
ഈ ഓണത്തിനെങ്കിലും തുക ലഭിക്കുമെന്ന് കർഷകർ കരുതി. സപ്ലൈകോ വഴി നെല്ലു സംഭരിച്ചതിന്റെ കേന്ദ്രവിഹിതം ഉൾപ്പെടെയുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ല.
50,000 രൂപയ്ക്കു മുകളിൽ കുടിശിക ലഭിക്കാനുള്ളവരാണു ഭൂരിഭാഗം കർഷകരും. കരുമാലൂർ പഞ്ചായത്ത് പരിധിയിൽ മാത്രം 700 ഏക്കറിലാണു നെൽക്കൃഷി നടന്നുവരുന്നത്.
കരുമാലൂരിൽ മാത്രം ഇരുന്നൂറിൽ പരം കർഷകരാണു നെൽകൃഷിയെ ആശ്രയിക്കുന്നത്. പാട്ടത്തിനെടുത്ത പാടത്താണു ഭൂരിഭാഗം കർഷകരും കൃഷിയിറക്കുന്നത്.
രണ്ടു മാസത്തോളമായി നെൽകൃഷി ചെയ്യാനുള്ള വിത്തു വന്നിട്ട്. തുടർന്നു കൃഷിയിറക്കണമെങ്കിൽ ഒരേക്കറിനു 3000 രൂപ നിരക്കിൽ പാട്ടത്തുക നൽകേണ്ടതുണ്ട്. ഇതുപോലും നൽകാൻ കഴിയാത്ത അവസ്ഥയാണു നിലവിലെന്നു കർഷകർ പറയുന്നു.
ഭൂരിഭാഗം കർഷകർക്കും രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ലഭിക്കാനുണ്ട്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനിയും ഈ അവസ്ഥ തുടരുകയാണെങ്കിൽ സമരവുമായി രംഗത്തു വരുമെന്നാണു കർഷകർ പറയുന്നത്.
Leave A Comment