ജില്ലാ വാർത്ത

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

അവണൂർ: തൃശൂര്‍ അവണൂരില്‍ അച്ഛനെ വിഷം കൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ബന്ധുക്കൾ. ശശീന്ദ്രന്‍ വധക്കേസ് പ്രതി ഡോ. മയൂര്‍ നാഥിനെയാണ് നേപ്പാളിലെ ഉള്‍ഗ്രാമത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.  

മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിൽ മാസത്തിലാണ് ഡോ മയൂര്‍ നാഥ് അച്ഛന്‍ ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കാണാതായ ഇയാൾക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരണ വിവരം ലഭിക്കുന്നത്.  

ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂര്‍നാഥ്. അമ്മയുടെ മരണത്തിനു കാരണം ശശീന്ദ്രന്‍ ആണെന്നും അമ്മയെ അച്ഛന്‍ സംരക്ഷിക്കാത്തതിലുള്ള പകമൂലമാണ് കൊലപാതകം നടത്തിയതെന്നും ആയിരുന്നു മയൂര്‍നാഥ് പൊലീസിന് മൊഴി നല്‍കിയിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് 57കാരനായ ശശീന്ദ്രൻ കൊല്ലപ്പെട്ടത്. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് സ്വയം വിഷം നിർമ്മിച്ച മയൂരനാഥ് ഇത് കടലക്കറിയിൽ കലർത്തുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണമാണ് കൃത്യമായ പദ്ധതിയോടെ നടപ്പിലാക്കിയ കൊലപാതകം പുറത്തു കൊണ്ടുവന്നത്.

Leave A Comment