ജില്ലാ വാർത്ത

കരിക്കോട്ടക്കരിയില്‍ ഇറങ്ങിയ കാട്ടാന ചരിഞ്ഞു, ചരിഞ്ഞത് മയക്കുവെടിവച്ച് ചികിത്സ നല്‍കുന്നതിനിടെ

കണ്ണൂര്‍: ഇരിട്ടിയിലെ കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ചരിഞ്ഞു. വായില്‍ ഗുരുതര പരിക്കോടെ കണ്ടെത്തിയ ആനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനിടെയാണ് അന്ത്യം.വയനാട്ടില്‍ നിന്നെത്തിയ വെറ്റിനറി സംഘമാണ് കാട്ടാന കുട്ടിയെ മയക്കുവെടി വച്ച് പിടികൂടിയത്. ആനയയുടെ വായില്‍ സാരമായ പരിക്ക് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പിടികൂടി ചികിത്സ നല്‍കാന്‍ തീരുമാനിച്ചത്. മയക്കുവെടിവച്ച ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി സുനില്‍കുമാറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബുധനാഴ്ച്ച പുലര്‍ച്ചെ ആറരയ്ക്കായിരുന്നു ആക്രമണം. എടപ്പുഴ റോഡില്‍ വെന്ത ചാപ്പയിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച്ച പുലര്‍ച്ചെ 5.15 ന് കരിക്കോട്ടക്കരി പൊലിസ് സ്റ്റേഷനു സമീപം ആറളം അയ്യന്‍കുന്ന് പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന പത്താഴപുര പാലത്തിന് സമീപത്താണ് നാട്ടുകാരനായ പി.എസ് തങ്കച്ചന്‍ കാട്ടാനയെ കണ്ടത്. ഉടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

പുലര്‍ച്ചെ 6.30 ന് വെന്ത ചാപ്പയില്‍ എത്തിയ ആന പുഴയിലെ ചപ്പാത്തില്‍ ഇറങ്ങി നിലയുറപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ത്ത് ആനയെ കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കുന്നതിനിടെ കരിക്കോട്ടക്കരി എടപ്പുഴ റോഡില്‍ നിര്‍ത്തിയിട്ട വനം വകുപ്പ് വാഹനത്തിന് നേരെ തിരിയുകയായിരുന്നു.നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഒച്ചവെച്ചതോടെ സമീപത്തെ ജോയിയെന്ന ആളുടെ വീടിന് പുറകിലെ കുന്നിലേക്ക് ആന കയറി. ആനയെ തുരത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചതോടെ പല സ്ഥലങ്ങളിലേക്കും ആന സഞ്ചരിച്ചു. ടൗണിലെ കോണ്‍വന്റിന് സമീപത്തും ഏറെ നേരം നിലയുറപ്പിച്ചു. ഇവിടെ നിന്നും ആനയെ തുരത്താന്‍ ശ്രമിച്ചതോടെ വീണ്ടും വെന്ത ചാപ്പ ഭാഗത്തെ ജനവാസമേഖലയില്‍ തന്നെ നിലയുറപ്പിച്ച കാട്ടാനയെ മയക്കുവെടി വെക്കുകയായിരുന്നു.


Leave A Comment