കേരളം

'മോദി കാലം ഹൈന്ദവ തീവ്ര ദേശീയതയാണ്’; സത്യദീപം

കൊ​ച്ചി: ബിജെപിയുടെ നീക്കം ക്രൈസ്തവ പ്രീണനത്തിന് വേണ്ടിയെന്ന് അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം. മാർ ജോർജ് ആലഞ്ചേരി നടത്തിയത് മോദി സ്തുതിയാണ്. ഉത്തരേന്ത്യയിലെ പീഡനങ്ങൾ ആലഞ്ചേരി മറന്നു പോയി.
 കേരളത്തിന് പുറത്ത് ക്രൈസ്തവർ അരക്ഷിതരാണെന്നും മോദി കാലം ഹൈന്ദവ തീവ്ര ദേശീയതയാണെന്നും സത്യദീപം. 2023 ഫെബ്രുവരി 20-ന് ഡൽഹിയിലെ ജന്തർ മന്ദിർ ജനസാന്ദ്രമായതെന്തിനാണെന്ന കാര്യം കർദിനാൾ മറന്നുപോയതാകുമെന്ന് സത്യദീപം ചൂണ്ടിക്കാട്ടി. രാജ്യമാകെത്തുടരുന്ന ക്രൈസ്തവ വേട്ടയിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രത്യക്ഷ സമരത്തിൽ അന്ന് നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2022-ൽ മാത്രം 598 അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നുവെന്നാണ് United Christian Forum ത്തിന്റെ കണ്ടെത്തലെന്നും സത്യദീപം പറയുന്നു.

 ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളിൽ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധവാരാചാരണം പൂർത്തിയാക്കിയത്. മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കർദിനാൾ കാണാതെ പോയതെന്തെന്ന ചോദ്യവും വിമർശകർ ഉന്നയിക്കുന്നുണ്ടെന്നും സത്യദീപത്തിൽ കുറിക്കുന്നു.

Leave A Comment