'ഒരതിഥി കാരണം ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു'; വിടി ബൽറാം
പാലക്കാട്: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കവേ മൈക്ക് കേടായതില്‍ കേസെടുത്തതിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പിണറായിയുടെ പേര് പരാമർശിക്കാതെയാണ് കുറിപ്പ്.
'

പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങൾ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികൾ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവും'- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. പെലീസിന്‍റെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം മൈക്ക് കേസ് വിവാദത്തില്‍ സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് നിർദേശം നൽകി.
Leave A Comment