സ്കൂള്‍ പ്രവൃത്തിദിനങ്ങളിലെ കുറവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹര്‍ജി
കൊച്ചി: സ്കൂള്‍ പ്രവൃത്തിദിനങ്ങളിലെ കുറവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.വിദ്യാഭ്യാസ കലണ്ടര്‍ പുനഃക്രമീകരിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരാണ് കോടതിയെ സമീപിച്ചത്. പ്രവൃത്തി ദിനം കുറച്ചത് വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വിദ്യാഭ്യാസ കലണ്ടര്‍ പുനഃക്രമീകരിച്ച നടപടി റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പലവിധത്തിലുള്ള അവധി ദിനങ്ങള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് കൃത്യമായി സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ഇത് വിദ്യാഭ്യാസ അവകാശത്തിന് എതിരാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
അക്കാദമിക് കലണ്ടര്‍ പ്രകാരം സ്കൂളിന്റെ പ്രവൃത്തിദിനങ്ങള്‍ 210 ആക്കാന്‍ നേരത്തേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ കലണ്ടര്‍ പുതുക്കിയെങ്കിലും ഇതിന് പിന്നാലെ അധ്യാപക സംഘടനകളുടെ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ഇത് 205 ആയി പുനഃക്രമീകരിക്കുകയായിരുന്നു.
മുഴുവന്‍ ശനിയാഴ്ചകള് പ്രവൃത്തിദിനമാക്കാന്‍ ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് ഇത് പിന്നീട് 13 ശനിയാഴ്ചയായി കുറച്ചിരുന്നു.
ഇത് ചോദ്യം ചെയ്താണ് സ്കൂള്‍ മാനേജര്‍ കോടതിയെ സമീപിച്ചത്.
Leave A Comment