കേരളം

ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് സഭ, സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അചഞ്ചലമായ ദൈവ വിശ്വാസിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു. കുരിശിലേറ്റിയ ശേഷം ക്രൂശിച്ചവർ തന്നെ  ഉമ്മൻചാണ്ടി നീതിമാനാണെന്ന് പറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു. പൊതു പ്രവർത്തകർക്ക് ഉമ്മൻചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മൻചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു. സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കർ അനുസ്മരിച്ചു. കേരളാ നിയമസഭയുടെ ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്ന വ്യക്തിയാണ് അദ്ദേഹം. കൃത്യനിഷ്ഠയും നിശ്ചയ ദാർഡ്യവുമായിരുന്നു വക്കത്തിന്റെ സവിശേഷതയെന്നും സ്പീക്കർ അനുസ്മരിച്ചു.

Leave A Comment