സംസ്ഥാനത്ത് എൻസിപി പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് എൻസിപി പിളർപ്പിലേക്ക്. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച തോമസ് കെ.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ വിമത വിഭാഗം ഉടൻ തന്നെ സുപ്രധാന നീക്കങ്ങൾ നടത്തുമെന്നാണ് സൂചന.
ഇടതുമുന്നണിയിൽ നിന്നും ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അടുത്തദിവസം തന്നെ ദേശീയതലത്തിൽ എൻസിപി പിളർന്നതിനു പിന്നാലെ സംസ്ഥാന തലത്തിലും പിളർപ്പ് ഉണ്ടാവും. ഇരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിന്തുണ തങ്ങൾക്കാണെന്ന വാദവും ഉയർത്തുന്നു.
പി.സി. ചാക്കോ ശരദ് പവാറുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതാക്കളുടെ പിന്തുണ തങ്ങളുടെ വിഭാഗത്തിന് ഉറപ്പാക്കി. എന്നാൽ സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ നിലപാട് ഏറെ നിർണായകമാണ്. മുഖ്യമന്ത്രിയുടെ പിന്തുണ തങ്ങൾക്കുണ്ടാവുമെന്ന വിശ്വാസത്തിലാണ് തോമസ് കെ.തോമസ് പക്ഷം.
ഇതിനിടെ കഴിഞ്ഞ ദിവസം എതിർചേരിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി തോമസ് കെ.തോമസ് രംഗത്തു വന്നിരുന്നു. തന്നെ കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് തോമസ് ഉന്നയിച്ചത്.
എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തന്‍റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ചാണ് വാഹനം അപകടത്തിൽപെടുത്താൻ ശ്രമിച്ചത്.
പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ ആരോപണം. തന്‍റെ മുൻ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്തുവച്ച് കൃത്യം നടത്താന്‍ പദ്ധതി തയാറാക്കിയിരുന്നുവെന്നുമാണ് തോമസ് പറയുന്നത്.
നിലവിലെ സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയെവച്ച് എൻസിപിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന കാര്യം എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറിന് ധരിപ്പിച്ചതായും തോമസ് കെ തോമസ് വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ എൻസിപിയിൽ പൊട്ടിത്തെറി ഉറപ്പാണ്.
Leave A Comment