പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണക്കേസ്: കെ. സുധാകരന് ഇന്ന് ഇഡിക്ക് മുന്നില്‍
കൊച്ചി: മോന്സണ് മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ചൊവ്വാഴ്ച ചോദ്യംചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
മോന്‍സനുമായുളള സാമ്പത്തിക ഇടപെടലാണ് ചോദിച്ചറിയുക. ചോദ്യംചെയ്യലില്‍ ആശങ്കയില്ലെന്ന് സുധാകരന് പറഞ്ഞു.
മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വെച്ച് സുധാകരന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന് ജിന്സണ് മൊഴി നല്‍കിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം.
നേരത്തെ, പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
കേസില്‍ ഡിഐജി എസ്. സുരേന്ദ്രനെ കഴിഞ്ഞദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. മോന്‍സന്റെ അക്കൗണ്ടില്‍ നിന്ന് ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണകളായി പണം എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ മോന്‍സന്റെ സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നാണ് സുരേന്ദ്രന്റെ മൊഴി.
തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്ണ് ആണെന്ന് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Leave A Comment