കേരളം

മനഃപൂർവമല്ല ’, പു.ക.സ.യുടെ വിലക്ക് നിഷേധിക്കാതെ; എം.കെ. സാനു

കൊച്ചി : പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങിൽനിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായതായി പ്രൊഫ. എം.കെ. സാനു. ‘‘മനഃപൂർവം വരാതിരുന്നതല്ല. വരാൻ സാധിച്ചില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായി’’-അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുരസ്‌കാര വിതരണച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് പുരോഗമന കലാസാഹിത്യ സംഘം സാനുവിനെ വിലക്കിയിരുന്നു. ഇത് വിവാദമായതിനു ശേഷം ആദ്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം.

 ‘‘സുരേഷ് ഗോപി ജ്ഞാനലക്ഷ്മി എന്ന അമ്മയുടെ മകനാണ്. ജ്ഞാനലക്ഷ്മി സ്‌കൂളിൽ എന്റെ വിദ്യാർഥിനിയായിരുന്നു. നന്നായി പഠിക്കുന്ന, സത്സ്വഭാവിയായ വിദ്യാർഥിനി. വിദ്യാർഥിനി. ആ വാത്സല്യം സുരേഷ് ഗോപിയുടെ നേർക്ക് എന്നും എനിക്കുണ്ട്, ഇപ്പോഴുമുണ്ട്’’-പ്രൊഫ. സാനു പറഞ്ഞു. അവാർഡ് വിതരണത്തിന്റെ കാര്യം ഇപ്പോൾ സംസാരിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരും വിലക്കേർപ്പെടുത്തിയിട്ടില്ല എന്ന് തുറന്നുപറയാൻ എം.കെ. സാനു തയ്യാറായില്ല. മനഃപൂർവം പങ്കെടുക്കാതിരുന്നതല്ല എന്ന് വിശദീകരിക്കുകയാണ് ചെയ്തത്. വിവാദം അനാവശ്യമാണെന്നും പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് താൻതന്നെ തീരുമാനിച്ചതാണെന്നും സാനു പറഞ്ഞതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ നിലപാട് മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം കൈക്കൊണ്ടില്ല. 'പറ്റാത്ത സാഹചര്യമുണ്ടായി' എന്ന ഒറ്റ വാചകത്തിൽ വിഷമാവസ്ഥ വെളിപ്പെടുത്തുകയാണുണ്ടായത്.

Leave A Comment