കേരളം

ഭിക്ഷ യാചിച്ച സംഭവം; വ്യാജ പ്രചരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹര്‍ജി നാളെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. ഇതിനിടെ, സിപിഎം പ്രവർത്തകർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി മറിയക്കുട്ടി രംഗത്തെത്തി. സിപിഎം പ്രവർത്തകർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ഭൂമിയുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഇവർ പറഞ്ഞു. ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി പറഞ്ഞിരുന്നു.

Leave A Comment